പൊന്തൻപുഴ പട്ടയ സമരം അഞ്ചുവർഷം പിന്നിട്ടു
text_fieldsമല്ലപ്പള്ളി: വനം സംരക്ഷിച്ചു കൊണ്ട് പട്ടയം നൽകണമെന്ന ആവശ്യവുമായി ആരംഭിച്ച പൊന്തൻപുഴ സമരം അഞ്ചുവർഷം പിന്നിട്ടു. 2018 മെയ് 12 നാണ് വനം സംരക്ഷിച്ചുകൊണ്ട് പട്ടയം നൽകണമെന്ന ആവശ്യവുമായി സമരം ആരംഭിക്കുന്നത്. വലിയകാവ്, ആലപ്ര എന്നീ നിർദിഷ്ട റിസർവ് വനങ്ങളുടെ നോട്ടിഫിക്കേഷൻ പ്രകാരമുള്ള അതിർത്തി നിർണയിക്കണമെന്നും വനമേഖലയെ പൂർണമായി സംരക്ഷിച്ചുകൊണ്ട് വനാതിർത്തിക്ക് പുറത്തുള്ള കൈവശ കർഷകർക്ക് പട്ടയം നൽകണമെന്നുമാണ് സമരസമിതിയുടെ ആവശ്യം.
പെരുമ്പെട്ടി വില്ലേജിലെയും മണിമല വില്ലേജിലേയും 1200 കുടുംബങ്ങളാണ് വനത്തിന്റെ അതിർത്തി നിർണയിക്കാത്തതിനാൽ പട്ടയം ലഭിക്കാതെ വർഷങ്ങളായി ദുരിതം അനുഭവിക്കുന്നത്. 2018ൽ ഉണ്ടായ ഹൈക്കോടതി വിധിയിലൂടെ പൊന്തൻപുഴ റിസർവുകളുടെ ഉടമസ്ഥത സ്വകാര്യ വ്യക്തികൾക്ക് ലഭിച്ചിരുന്നു. എന്നാൽ, സ്വകാര്യ വനങ്ങൾ ഏറ്റെടുക്കുന്ന നിയമം ഉപയോഗിച്ച് ഈ വനങ്ങൾ സ്വന്തമാക്കാനുള്ള അവസരം കോടതി സർക്കാരിന് അനുവദിച്ചിരുന്നു. വിധി നടപ്പിലാക്കാൻ സർക്കാർ തയാറായിട്ടില്ല.
ഇതിന്റെ നേട്ടം വനം മാഫിയക്കാണ്. സർക്കാർ വനം ഏറ്റെടുത്ത് സംരക്ഷിക്കണമെന്നാണ് സമരസമിതി ആവശ്യപ്പെടുന്നത്. വലിയകാവ് വനത്തിന്റെ അതിർത്തി പരിശോധനയിലൂടെ പെരുമ്പെട്ടിയിലെ കർഷകരുടെ ഭൂമി വന പരിധിക്ക് പുറത്താണെന്ന റിപ്പോർട്ട് സമ്പാദിക്കാൻ സാധിച്ചതാണ് സമരത്തിന്റെ എടുത്തുപറയാവുന്ന നേട്ടം. ആലപ്ര വനത്തിന്റെ അതിർത്തി നിർണയിക്കാനുള്ള ഉത്തരവും ഇതേത്തുടർന്ന് ഉണ്ടായി.
കർഷകരുടെ ഭൂമി വനമാണെന്നത് തെറ്റിദ്ധാരണയാണെന്ന് റവന്യു മന്ത്രി നിയമസഭയിൽ പ്രസ്താവിച്ചു. പട്ടയനടപടികൾ പൂർത്തിയാക്കുന്നതിനു വനംവകുപ്പ് തടസം നിൽക്കുന്ന സാഹചര്യത്തെ മറികടക്കാൻ സർക്കാർ തലത്തിൽ ശ്രമങ്ങൾ തുടരുകയാണ്. കേന്ദ്രാനുമതിയോടെ പട്ടയം നൽകുന്നതിന് നടപടികൾ നേരത്തെ തന്നെ തുടങ്ങിയിരുന്നു. ഈ നടപടിയെ നിയമപരമായി നേരിടാനുള്ള വഴികളും സമരസമിതി നോക്കുന്നുണ്ട്.
വനം കയ്യേറ്റ പട്ടയമല്ല, റവന്യൂ പട്ടയമാണ് കർഷകർക്ക് ലഭിക്കേണ്ടതെന്നാണ് സമരസമിതിയുടെ വാദം. താലൂക്ക്തല അദാലത്തിലും പെരുമ്പെട്ടി പട്ടയ വിഷയം ചർച്ചയായിരുന്നു. പ്രശ്നം പരിഹരിക്കുന്നതിന് വേണ്ട വകുപ്പുതല ഇടപെടൽ ഉണ്ടാകണമെന്ന് അദാലത്തിലും തിരുമാനമായതാണ്. എന്നാൽ ഇങ്ങനെ വാഗ്ദാനങ്ങളും മറ്റും മുറക്ക് ലഭിക്കുന്നതല്ലാതെ പട്ടയത്തിനായി പ്രതീക്ഷയോടെയുള്ള കാത്തിരിപ്പ് തുടരുകയാണ് കർഷകർ.
വനത്തിന്റെയും കൈവശഭൂമിയുടെയും റവന്യു രേഖകളിലെ പിശക് തിരുത്തുക, കൈവശ കർഷകർക്കു 1964 ലെ നിയമം അനുസരിച്ച് പട്ടയം നൽകുക, മുടങ്ങിക്കിടക്കുന്ന സംയുക്ത സർവ്വേ പൂർത്തീകരിക്കുക, വനം ഏറ്റെടുത്തു സംരക്ഷിക്കുക എന്നീ ആവശ്യങ്ങൾ നേടും വരെ സമരവുമായി മുന്നോട്ടുപോകുമെന്നാണ് ഭാരവാഹികൾ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

