ഒളിഞ്ഞുനോക്കിയെന്നാരോപിച്ച് ആൾക്കൂട്ട മർദനം; അഞ്ചുപേർ അറസ്റ്റിൽ
text_fieldsശശി, ജിഷ്ണു, റോജി എം. രാജു, മഹേഷ്, രജിൻ
പത്തനംതിട്ട: വീട്ടിൽ ഒളിഞ്ഞുനോക്കിയെന്നാരോപിച്ച് റാന്നിയിൽ ആൾക്കൂട്ടം മധ്യവയസ്കനെ കെട്ടിയിട്ട് മർദിച്ച കേസിൽ അഞ്ചുപേർ അറസ്റ്റിൽ. റാന്നി നെല്ലിക്കാമൺ പുറത്തേപ്പറമ്പിൽ കാലായിൽ വീട്ടിൽ ജിഷ്ണു (31), നെല്ലിക്കാമൺ മണിമലേറ്റു കാലായിൽ വീട്ടിൽ മഹേഷ് (32), മണിമലേറ്റു കാലായിൽ ശശി (56), മേപ്പുറത്തുകാലായിൽ വീട്ടിൽ റോജി എം. രാജു (30), തോമ്പിക്കണ്ടം വാലുമണ്ണിൽ വീട്ടിൽ രജിൻ (32) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ഞായറാഴ്ച രാത്രി 11.30നാണ് സംഭവം.
റാന്നി അങ്ങാടി ഉന്നക്കാവ് മുള്ളുംകാട്ടിൽ വർഗീസ് മാത്യുവിനാണ് (58) വീടിന് രണ്ട് കിലോമീറ്റർ അകലെ ചെമ്പൻമുഖത്ത് വെച്ച് മർദനമേറ്റത്. വിവസ്ത്രനാക്കി കൈയും കാലും കഴുത്തും കയറുകൊണ്ട് കെട്ടിയായിരുന്നു മർദനം. മർദനമേറ്റ് വീണ ഇയാളെ നിലത്തിട്ട് ചവിട്ടി. ദൃശ്യങ്ങൾ പ്രതികൾ തന്നെ പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തു. താൻ മോഷ്ടിക്കാൻ വന്നതല്ലെന്ന് കരഞ്ഞുകൊണ്ട് ഇയാൾ പറയുന്നതും വീഡിയോയിൽ കേൾക്കാം.
മർദനമേറ്റ് ചോരയൊലിച്ച് കിടന്ന വർഗീസ് മാത്യുവിനെ റാന്നി പൊലീസെത്തിയാണ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. തലക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. മൊഴിയെടുക്കാനെത്തിയ പൊലീസിനോട് പരാതിയില്ലെന്ന് പറഞ്ഞെങ്കിലും സ്വമേധയാ കേസെടുക്കുകയായിരുന്നു.
വർഗീസ് മാത്യു മദ്യപിച്ച് നാട്ടിൽ പ്രശ്നങ്ങളുണ്ടാക്കുന്നത് പതിവാണെന്നാണ് പ്രതികളുടെ ആരോപണം. വീട്ടിൽ ഒളിഞ്ഞുനോക്കിയതിന് ബിജുവിന്റെ പേരിലും പൊലീസ് കേസെടുത്തിട്ടുണ്ട്. ഇയാളിൽനിന്ന് ശല്യം നേരിട്ട യുവതിയുടെ മൊഴിയെടുത്താണ് കേസ് രജിസ്റ്റർ ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

