ഭയക്കണം: രാസലഹരി ഇടപാടുകൾ വ്യാപിക്കുന്നു
text_fieldsപന്തളം: സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന കെട്ടിടങ്ങളിലും മറ്റും രാസലഹരി വ്യാപകമായി മാറുന്നതായി ആക്ഷേപം. നിരവധി തവണ പൊലീസും എക്സൈസും പിടികൂടിയ ഇത്തരം മാഫിയകളെ പുറത്തിറക്കാൻ മലയാളികൾ തന്നെ സജീവമാണ്. വെള്ളിയാഴ്ച പുലർച്ചെ പൊലീസ് നടത്തിയ പരിശോധനയിൽ കഞ്ചാവുമായി രണ്ട് ഇതരസംസ്ഥാന തൊഴിലാളികളെ അറസ്റ്റ് ചെയ്തിരുന്നു. കടയ്ക്കാട് പ്രദേശത്തെ വീടുകളിൽ വാടകക്ക് താമസിക്കുന്ന ഇതരസംസ്ഥാന തൊഴിലാളികളെയാണ് പൊലീസ് പിടികൂടിയത്. മുമ്പ് പലതവണ പൊലീസ് പിടികൂടിയവരാണ് ഇവർ. ജാമ്യത്തിൽ പുറത്ത് ഇറങ്ങി വീണ്ടും ഇതേ തൊഴിൽ ചെയ്യുകയാണ്.
രാസ ഗുളികകൾ നല്കുന്ന ലഹരി ദിവസങ്ങളോളം നീണ്ടു നില്‍ക്കുമെന്നത് തന്നെയാണ് ഉപയോഗം കൂടുന്നതിന് കാരണവും. 46 രൂപ വിലയുള്ള 10 ഗുളികകള്‍ അടങ്ങിയ ഒരു സ്ട്രിപ്പ് മറിച്ചുവില്‍ക്കുന്നത് 1000 രൂപ നിരക്കിലാണ്. നെട്രോസെപാം ഗുളികകള്‍ വാങ്ങി വില്ക്കുന്നവരുടെ എണ്ണവും വർധിച്ചതായാണ് എക്സൈസ് നല്കുന്ന വിവരം. ഒരു രസത്തിന് തുടങ്ങുന്ന ലഹരി ഉപയോഗം ഇല്ലാതാക്കുന്നത് ജീവിതമാണ്. ഇതിനെല്ലാം തടയിടാന്‍ സര്‍ക്കാര്‍ തന്നെ ആരംഭിച്ചതാണ് ലഹരി വിമുക്ത കേന്ദ്രങ്ങള്‍. പക്ഷേ, ശരിയായി പ്രവര്‍ത്തിക്കാത്ത ലഹരി വിമുക്ത കേന്ദ്രങ്ങള്‍ ലഹരിയെക്കാള്‍ ഉപദ്രവകരമാണെന്നതാണ് വാസ്തവം.
കഴിഞ്ഞ ദിവസം അറസ്റ്റിലായ യുവാവിനെ എക്സൈസ് ഉദ്യോഗസ്ഥര്‍ കുടുക്കിയത് ഫോണ്‍ കോള്‍ വഴിയാണ്. ഗുളിക ആവശ്യമുള്ളവരെപ്പോലെ സംസാരിച്ചപ്പോള്‍ 1000 രൂപക്ക് തരാമെന്നായിരുന്നു മറുപടി. നര്‍കോട്ടിക്സ്, എക്സൈസ് വകുപ്പുകള്‍ ഈ വര്‍ഷം പിടിച്ചെടുത്ത രാസലഹരി ഉല്പന്നങ്ങളുടെയും ലഹരി ഗുളികകളുടെയും എണ്ണം കഴിഞ്ഞ വര്‍ഷത്തേതിനെക്കാള്‍ ഇരട്ടിയാണ്. വിദ്യാര്‍ഥികള്‍ക്കിടയില്‍ ലഹരി ഉപയോഗം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ലഹരി വിമുക്ത പ്രവര്‍ത്തനങ്ങള്‍ പൊലീസും എക്സൈസും ഊര്‍ജിതമാക്കേണ്ടത് അനിവാര്യമാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.