ടച്ചിങ് വെട്ടലിന്‍റെ പേരിൽ വ്യാപക മരംമുറി; പ്രതിഷേധിച്ചു കർഷകർ
text_fieldsപത്തനംതിട്ട: കർഷകരുടെ കടുത്ത പ്രതിഷേധം മറികടന്ന് മല്ലപ്പള്ളി, വെണ്ണിക്കുളം കെ.എസ്.ഇ.ബി സെക്ഷൻ പരിധിയിൽ വൈദ്യുതി ലൈനിനോട് ചോർന്നുനിൽക്കുന്ന മരങ്ങൾ യന്ത്ര സംവിധാനങ്ങൾ ഉപയോഗിച്ച് തീർത്ത് വെട്ടൽ നടത്താൻ നീക്കം. ജില്ല കലക്ടറുടെ ദുരന്ത നിവാരണ ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണ് മരംമുറിക്കൽ നടപടി പുരോഗമിക്കുന്നത്.
കെ.എസ്.ഇ.ബിയുടെ നിയമം അനുസരിച്ച് 11 കെ.വി. ലൈൻ പോകുന്നതിന്റെ ഇരു വശത്തും 1.6 മീറ്റർ ഉള്ളിൽ നിൽക്കുന്ന മരങ്ങൾ മുറിച്ചുമാറ്റാം. 1.6 മീറ്ററിന് അകലെയുള്ള മരങ്ങളുടെ ശിഖരങ്ങൾ വൈദ്യുതി വിതരണത്തിന് ദോഷമായി വന്നാൽ വെട്ടിമാറ്റി വൈദ്യുതി വിതരണം നടത്തുന്നതിനു നടപടി സ്വീകരിക്കാനും കെ.എസ്.ഇ.ബി ക്ക് അനുമതിയുണ്ട്.
ഇത്തരത്തിൽ ശിഖരങ്ങൾ വെട്ടിമാറ്റുന്ന ജോലി എല്ലാ വർഷവും കെ.എസ്.ഇ.ബി ചെയ്യാറുണ്ട്. ഇക്കൊല്ലം യന്ത്ര സാമഗ്രികളുടെ സഹായത്തോടെ ടച്ചിങ് വെട്ടാൻ തുടങ്ങിയതോടെയാണ് നാശനഷ്ടങ്ങൾ സംബന്ധിച്ച് പരാതി ഉയർന്നത്. ജെ.സി.ബിയുടെയും വലിയ ക്രെയിന്‍റെയും സഹായത്തോടെയാണ് മല്ലപ്പള്ളി, വെണ്ണിക്കുളം മേഖലയിൽ ശിഖരങ്ങൾ മുറിച്ചുമാറ്റുന്നത്.
തെങ്ങ് ഉൾപ്പെടെയുള്ളവ മുറിച്ചുമാറ്റുകയാണ്. മുൻ വർഷങ്ങളിൽ മരങ്ങൾ കടപുഴകിയും ശിഖരങ്ങൾ ഒടിഞ്ഞും വൻ നാശനഷ്ടം കെ.എസ്.ഇ.ബി ക്ക് ഉണ്ടായിരുന്നു. കെ.എസ്.ഇ.ബി ലൈനുകളിൽനിന്ന് നിശ്ചിത അകലത്തിൽ നിൽക്കുന്ന മരങ്ങൾ പോലും പിഴുതു മാറ്റിയതായും പരാതി ഉണ്ട്. കായ്ഫലമുള്ള തെങ്ങുകൾ, തേക്ക്, പ്ലാവ് ഉൾപ്പെടെ മരങ്ങൾ നശിപ്പിച്ചതായാണ് പരാതി. മരങ്ങൾ മുറിച്ചുമാറ്റാനോ ശിഖരങ്ങൾ മുറിക്കാനോ സന്നദ്ധരാണെന്ന് ഉടമസ്ഥർ അറിയിച്ചിട്ടും വകവയ്ക്കാതെ പുരയിടങ്ങളിൽ കടന്നുകയറി ജെ.സി.ബി ഉപയോഗിച്ച് പിഴുതുമാറ്റുന്നു. ഇത്തരത്തിൽ മരങ്ങൾ പിഴുത് മറിച്ചതു മൂലം സമീപത്തെ മതിലുകൾക്കും മറ്റും നാശമുണ്ടായ സംഭവങ്ങളുമുണ്ട്.
നിയമവിരുദ്ധമെന്ന് താലൂക്ക് സഭ
വൈദ്യുതി ലൈനിന് 1.6 മീറ്ററിന് അകലെയുള്ള മരങ്ങൾ മുറിച്ചുമാറ്റാൻ നിയമം അനുവദിക്കുന്നില്ലെന്നിരിക്കെ കെ.എസ്.ഇ.ബി കരാറുകാർ നടത്തുന്ന പ്രവർത്തനങ്ങൾ നിയമവിരുദ്ധമെന്ന് കഴിഞ്ഞദിവസം താലൂക്ക് സഭയിൽ പരാതി ഉയർന്നു. ഇത്തരത്തിൽ മരം മുറിച്ചു മാറ്റിയാൽ കർഷകനു നഷ്ടപരിഹാരത്തിന് അർഹതയുണ്ട്.
നഷ്ടപരിഹാരം തേടി നിയമനടപടിക്കൊരുങ്ങുകയാണ് താലൂക്കിലെ കർഷകരിൽ പലരും. ഭൂഗർഭ കേബിളിലൂടെ വൈദ്യുതി വിതരണം നടത്താൻ പദ്ധതി കെ.എസ്.ഇ.ബി ആലോചിച്ചിരുന്നെങ്കിലും ഘട്ടംഘട്ടമായി പോലും നടപ്പാക്കാൻ കഴിഞ്ഞിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

