കള്ളവോട്ട്: കരുക്കൾ നീക്കാൻ പ്രത്യേക പരിശീലനം; എന്തിനും തയാറായി സംഘം
text_fieldsപത്തനംതിട്ട: സഹകരണ ബാങ്ക് തെരഞ്ഞെടുപ്പുകളിൽ ഭരണം പിടിച്ചെടുക്കാൻ കള്ളവോട്ട് സംഘം ജില്ലയിൽ സജീവമാണെന്നതിന്റെ വ്യക്തമായ തെളിവുകളാണ് പുറത്തുവന്നത്. സംശയരഹിതമായി കള്ളവോട്ടിന് പരിശീലനം നൽകുന്ന പ്രത്യേക സംഘങ്ങളാണ് പാർട്ടി നേതാക്കളുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്നത്. ഇതിനായി നിയോഗിക്കപ്പെടുന്ന പാർട്ടി പ്രവർത്തകാരകട്ടെ എന്തിനും തയാറായാണ് വോട്ടിങ് കേന്ദ്രത്തിൽ എത്തുന്നത്.
എതിർ പാർട്ടിക്കാർ തങ്ങളെ തിരിച്ചറിയുമെന്നും തടയുമെന്നും അറിയാവുന്നതിനാൽ അത്തരം നീക്കങ്ങളെ പ്രതിരോധിക്കാനും പോളിങ് ഉദ്യോഗസ്ഥരെയും പൊലീസിനെയും വിഗദ്ധമായി കബളിപ്പിക്കാനും വാക്ചാതുരിയും ശരീരഭാഷയും ഇവർ സ്വായത്തമാക്കിയിരിക്കും. കൂട്ടമായി എത്തിയാണ് പലപ്പോഴും വോട്ട് ചെയ്യുന്നത്. പാനൽ വോട്ട് അടങ്ങിയ ബാലറ്റുകൾ വോട്ട് പെട്ടിയിൽ നിക്ഷേപിക്കും. വേട്ടെടുപ്പ് കേന്ദ്രങ്ങൾക്ക് സമീപത്തായാണ് വ്യാജ തിരിച്ചറിയൽ കാർഡ് വിതരണവും നടക്കുന്നത്. പത്തനംതിട്ടയിൽ യഥാർഥ വോട്ടർമാർ എത്തും മുമ്പേ നിരവധി കള്ളവോട്ട് നടന്നു. മനഃപൂർവം സംഘർഷം സൃഷ്ടിച്ച് വോട്ടർമാരെ അകറ്റുന്നതും സ്ഥിരം നീക്കമാണ്. സംഘർഷം ഭയന്ന് സ്ത്രീകളും വയോധികരും എത്താത്തതും ഇവർക്ക് വളമാണ്.
സഹകരണ ബാങ്കുകളുടെ ഭരണം പിടിച്ചെടുക്കൻ സി.പി.എമ്മാണ് കള്ളവോട്ടിന് തുടക്കമിട്ടതെന്ന ആക്ഷേപവുമുണ്ട്. എന്നാൽ, തങ്ങളും ഇക്കാര്യങ്ങൾ പഠിച്ചെടുത്തെന്നാണ് ഡി.സി.സി നേതാവിന്റെ പ്രസംഗത്തിലൂടെ വ്യക്തമാകുന്നത്. സി.പി.എമ്മിന് മുന്നിൽ പിടിച്ചുനിൽക്കണമെങ്കിൽ തങ്ങളും കള്ളവോട്ട് ചെയ്യേണ്ട സ്ഥിതിയിലായെന്ന് കോൺഗ്രസ് പ്രവർത്തകർ പറയുന്നു. ഇതിൽ കോൺഗ്രസിനാണ് പലപ്പോഴും പരാജയം സംഭവിക്കുന്നത്. എന്നാൽ, പത്തനംതിട്ട സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന്റെ കള്ളവോട്ട് നീക്കം മനസ്സിലാക്കി യു.ഡി.എഫും മാസങ്ങൾക്ക് മുമ്പേ കരുക്കൾ നീക്കിയിരുന്നു.
ജില്ലയിൽ എവിടെ തെരഞ്ഞെടുപ്പ് നടന്നാലും കള്ളവോട്ട് ചെയ്യാൻ പ്രത്യേക പരിശീലനം ലഭിച്ച യുവാക്കളുടെ സംഘത്തെ മുന്നണികൾ ചുമതലപ്പെടുത്താറുണ്ട്. പാർട്ടികളുടെ യുവജന- വിദ്യാർഥി സംഘടന പ്രവർത്തകരാണ് പോളിങ് ബൂത്തിലേക്ക് പ്രവേശിക്കുക. ഇവർക്ക് സഹായകമായി പോഷക സംഘടന പ്രവർത്തകർ ഉദ്യോഗസ്ഥരായും മറ്റും നിയോഗിക്കപ്പെടും. ഓരോ സ്ഥലങ്ങളിലും അതത് ബാങ്കിന്റെ പ്രവർത്തന പരിധിയിലുള്ളവർക്ക് മാത്രമാണ് വോട്ടവകാശമുള്ളത്. ഇത് മറികടന്നാണ് മറ്റ് പ്രദേശങ്ങളിൽനിന്ന് ആളെ എത്തിക്കുന്നത്. കോന്നി, മല്ലപ്പള്ളി പ്രദേശങ്ങളിൽനിന്നും പത്തനംതിട്ട സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ പ്രവർത്തകരെ എത്തിച്ചതായി ആരോപണം ഉയർന്നിരുന്നു. കള്ളവോട്ട് ചെയ്യാൻ എത്തുന്നവർക്ക് പൊലീസ് സഹായവും ലഭിക്കുന്നുണ്ട്. പാർട്ടി അനുകൂല സംഘടനയിൽപെട്ടവരെയാണ് വേട്ടെടുപ്പ് ദിവസങ്ങളിൽ ഡ്യൂട്ടിക്ക് നിയോഗിക്കുന്നതെന്നാണ് ആക്ഷേപം.
ഒരു വർഷത്തിനിടെ നടന്ന തെരഞ്ഞെടുപ്പുകളിൽ എല്ലാം സമാനമായ രീതിയിൽ കള്ളവോട്ട് ചെയ്ത് ഭരണം പിടിച്ചെടുത്തെന്നാണ് ആരോപണം. തിരുവല്ല ഈസ്റ്റ് സർവിസ് സഹകരണ ബാങ്ക്, അടൂർ അർബൻ സർവിസ് സഹകണ ബാങ്ക്, ഏറത്ത് സഹകരണ ബാങ്ക്, അങ്ങാടിക്കൽ, ചന്ദനപ്പള്ളി സഹകരണ ബാങ്കുകൾ, പറക്കോട് സഹകരണ ബാങ്ക്, കോട്ടാങ്ങൽ, മല്ലപ്പള്ളി ഇവിടങ്ങളിലെല്ലാം കള്ളവോട്ടിലൂടെ ഭാരണം പിടിച്ചതായി കോൺഗ്രസ് ആരോപിക്കുന്നു.
ജില്ലയിലെ ഭൂരിഭാഗം സഹകരണ ബാങ്കുകളും തകർച്ചയിലാണ്. സഹകരണ ബാങ്കുകൾ ഓരോന്നായി തകർന്നുതുടങ്ങിയതോടെ പരിഭ്രാന്തിയിലായ നിക്ഷേപകർ പണം പിൻവലിക്കാൻ ദിവസവും ബാങ്കുകൾ കയറിയിറങ്ങുകയാണ്. മിക്കയിടത്തും പണം നൽകാതെ അവധി പറഞ്ഞ് വിടുകയാണ്. നന്നായി പോകുന്നുവെന്ന് അവകാശപ്പെടുന്ന സഹകരണ ബാങ്കുകളിൽപോലും ഞെട്ടിക്കുന്ന തരത്തിലുള്ള അഴിമതിയാണ് നടന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

