മോഹന്റെ കണ്ണുകൾ ഇനി രണ്ടുപേർക്ക് വെളിച്ചമേകും
text_fieldsമോഹനൻ
റാന്നി: കാഴ്ച നേത്രദാന സേനയിലൂടെ റാന്നി ഒഴുവൻപാറ കൈരളിയിൽ കെ.ബി. മോഹന്റെ (72) കണ്ണുകൾ ഇനിയും രണ്ട് പേർക്ക് വെളിച്ചമേകും. ചൊവ്വാഴ്ച രാവിലെയാണ് ഹൃദയാഘാതത്തെ തുടർന്ന് മോഹൻ മരണപ്പെട്ടത്. മരണശേഷം കണ്ണുകൾ ദാനമായി നൽകുന്നതിന് കാഴ്ച നേത്രദാന സേനയിലൂടെ മോഹൻ നേരത്തെ സമ്മതപത്രം നൽകിയിരുന്നു. ഇതേ തുടർന്ന് കണ്ണുകൾ ദാനമായി നൽകാനുള്ള സന്നദ്ധത ബന്ധുക്കൾ നേത്രദാന സേന ജനറൽ സെക്രട്ടറി അഡ്വ. റോഷൻ റോയി മാത്യുവിനെ അറിയിച്ചു.
ഡോ. ലാൽ കൃഷ്ണ, ഡോ. സിനി എം.ഡി, ഒഫ്താൽമോളജിസ്റ്റുമാരായ ജയലക്ഷ്മി, പ്രീജ പ്രസാദ്, സ്റ്റാഫ് നേഴ്സ് സുജ എസ്.തോമസ്, ജീവനക്കാരായ സി.എം. സുധ, കെ.കെ. ശാന്തി, ദിനേശൻ എന്നിവരുടെ നേതൃത്വത്തിലുള്ള മെഡിക്കൽ ടീമാണ് റാന്നിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തി നടപടികൾ പൂർത്തിയാക്കിയത്.
ശേഖരിച്ച നേത്രപടലം ചൊവ്വാഴ്ച തന്നെ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ നേത്ര ബാങ്കിൽ എത്തിച്ചു. ഇവിടെ പേര് രജിസ്റ്റർ ചെയ്ത രണ്ട് അന്ധരായ ആളുകൾക്ക് ശസ്ത്രക്രിയയിലൂടെ കാഴ്ച നൽകും. കാഴ്ച നേത്രദാന സേനയിലുടെ ഇതോടെ മുപ്പത് പേർക്ക് വെളിച്ചം പകർന്നു നൽകാൻ കഴിഞ്ഞു. സംസ്ഥാന ആരോഗ്യ വകുപ്പും ജില്ലാ അന്ധതാ നിവാരണ സമിതിയും ചേർന്നാണ് കാഴ്ചയുടെ പ്രവർത്തനം.
സംഘടനയിൽ അംഗങ്ങളായ 14 ആളുകൾ നേരത്തെ മരണപ്പെട്ടപ്പോൾ 28 പേർക്ക് കാഴ്ചയേകാൻ സാധിച്ചു. സംവിധായകൻ െബ്ലസി ചെയർമാനായി പ്രവർത്തിക്കുന്ന സംഘടനയാണിത്. സൗജന്യ നേത്ര ചികിത്സ, തിമിര ശസ്ത്രക്രിയ ക്യാമ്പുകൾ, ശബരിമല വനാന്തരങ്ങളിലെ ആദിവാസി കുടുംബങ്ങൾക്ക് ആവശ്യമായ വൈദ്യസഹായം നൽകുക, അവരുടെ വിദ്യാഭ്യാസ പരവും ജീവിത നിലവാരവും മെച്ചപ്പെടുത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾ തുടങ്ങിയ കാര്യങ്ങളും കാഴ്ച ഏറ്റെടുത്തിട്ടുണ്ട്.
മോഹൻ എസ്. എൻ.ഡി.പി യോഗം റാന്നി യൂനിയൻ മുൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയംഗമായിരുന്നു. എസ്.എൻ.ഡി.പി വനിത യൂനിയൻ മുൻ ചെയർപേഴ്സണും കാഴ്ച നേത്ര ദാന സേന വൈസ് ചെയർപേഴ്സൺ ഷേർളി മോഹനാണ് മോഹന്റെ ഭാര്യ. മക്കൾ: വിമൽ, അമൽ, മരുമകൾ: ടീന. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് മൂന്നിന് വീട്ടുവളപ്പിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

