ഒരുങ്ങി കരകൾ; ആറന്മുളയിൽ ആവേശപ്പോര്
text_fieldsഫയൽ ചിത്രം
പത്തനംതിട്ട: പള്ളിയോടങ്ങൾ ഒരുങ്ങി, കരകളും.. ആറന്മുളക്ക് ഇനി ആവേശക്കാത്തിരിപ്പ്. ചരിത്രപ്രസിദ്ധമായ ആറന്മുള ഉത്രട്ടാതി ജലമേള ചൊവ്വാഴ്ച ഉച്ചക്ക് 1.30ന് പമ്പയുടെ നെട്ടായത്തിൽ നടക്കും. രാവിലെ ഒമ്പതിന് ആറന്മുള ക്ഷേത്ര ശ്രീകോവിലിൽ നിന്ന് കൊളുത്തിയ ദീപം ഘോഷയാത്രയായി സത്രം പവലിയനിലെത്തിക്കും. തുടർന്ന് 10ന് കലക്ടർ പ്രേം കൃഷ്ണൻ പതാക ഉയർത്തും.
ഉച്ചക്ക് ഒന്നിന് പള്ളിയോടങ്ങൾ ക്ഷേത്രക്കടവിലെത്തി പൂമാലയും ചന്ദനവും സ്വീകരിച്ച ശേഷം ഫിനിഷിങ് പോയന്റായ സത്രക്കടവിൽ അണിനിരക്കും. തുടർന്ന് ജല ഘോഷയാത്രയും മത്സരവള്ളംകളിയും നടക്കും. ജലമേളയുടെ ഒരുക്കങ്ങൾ പൂർത്തിയായതായി പള്ളിയോട സേവാസംഘം പ്രസിഡന്റ് കെ.വി. സാംബദേവൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
മത്സരവള്ളംകളിയിലെ വിജയികൾക്കുള്ള മന്നം ട്രോഫികൾക്ക് പുറമേ, നല്ല രീതിയിൽ പാടിക്കളിച്ച് തുഴയുന്ന പള്ളിയോടത്തിന് 23 പവന്റെ ആർ. ശങ്കർ സുവർണ ട്രോഫി നൽകും. കൂടാതെ ചാക്കമർ മഹാസഭ, ദേവസ്വം ബോർഡ് വിവിധ സ്ഥാപനങ്ങൾ, വ്യക്തികൾ എന്നിവർ ഏർപ്പെടുത്തിയ 22 എവർ റോളിങ് ട്രോഫികളാണ് വിവിധ വിഭാഗങ്ങളിൽ മികവ് പുലർത്തുന്ന പള്ളിയോടങ്ങൾക്ക് വിതരണം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇന്ന് അവധി
ആറന്മുള ഉത്രട്ടാതി ജലമേളയോടനുബന്ധിച്ച് പത്തനംതിട്ട ജില്ലയിലെ സർക്കാർ ഓഫിസുകൾക്കും അംഗൻവാടി, പ്രഫഷനൽ കോളജ് ഉൾപ്പെടെ വിദ്യാഭ്യാസസ്ഥാപനങ്ങൾക്കും ചൊവ്വാഴ്ച പ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ല കലക്ടർ എസ്. പ്രേംകൃഷ്ണൻ. ചെങ്ങന്നൂർ, മാവേലിക്കര താലൂക്കുകളിലും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മുൻനിശ്ചയിച്ച പൊതുപരീക്ഷക്കും സർവകലാശാല പരീക്ഷകർക്കും അവധി ബാധകമല്ല.
സുരക്ഷാക്രമീകരണം, ഇൻഷുറൻസ് പരിരക്ഷ
ഇക്കുറി സുരക്ഷക്കായി സൈന്യവും എത്തും. രണ്ട് ബ്രിഗേഡിയർമാരുടെ നേതൃത്വത്തിൽ പാങ്ങോട് സൈനിക ക്യാമ്പിൽ നിന്നുള്ള പതിനഞ്ചംഗ സൈനിക സംഘമാണ് ഉത്രട്ടാതി ജലമേളയുടെ സുരക്ഷാക്രമീകരണങ്ങൾക്കായി എത്തിയിട്ടുള്ളത്. കൂടാതെ എൻ.ഡി.ആർ എഫ് സംഘവും എത്തിച്ചേരും.
കേന്ദ്ര സേനകളുടെയും സംസ്ഥാന പൊലീസ്- ഫയർ ഫോഴ്സ് എന്നിവരുടെയും നേതൃത്വത്തിലുള്ള സുരക്ഷക്കൊപ്പം പള്ളിയോട സേവാസംഘം പ്രാദേശിക മുങ്ങൽ വിദഗ്ധരെ ഉൾപ്പെടുത്തി അഞ്ചോളം സുരക്ഷാബോട്ടുകളും ഒരുക്കിയിട്ടുണ്ടെന്ന് പള്ളിയോട സേവാസംഘം സെക്രട്ടറി പ്രസാദ് ആനന്ദഭവൻ പറഞ്ഞു. തുഴച്ചിലുകാരുൾപ്പടെ എല്ലാവർക്കും ഇൻഷുറൻസ് പരിരക്ഷ നൽകുമെന്നും അദ്ദേഹം പറഞ്ഞു.
പത്തനംതിട്ട, പന്തളം, തിരുവല്ല, ചെങ്ങന്നൂർ എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിരക്ഷാസേന സംഘവും ജില്ല പൊലീസ് മേധാവിയുടെയും അഞ്ച് ഡി.വൈ.എസ്.പിമാരുടെയും നേതൃത്വത്തിൽ 650 അംഗ പൊലീസ് സേനയും സ്ഥലത്ത് നിലയുറപ്പിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

