ലഹരിക്കെതിരായ പോരാട്ടം; നൂറിലധികം ബോധവത്കരണ ക്ലാസുകൾ പൂർത്തിയാക്കി എക്സൈസ് ഉദ്യോഗസ്ഥൻ
text_fieldsപന്തളം: ലഹരിക്കെതിരെ കേരള സമൂഹം കൈകോർക്കുമ്പോൾ വേറിട്ട ബോധവത്കരണവുമായി ശ്രദ്ധേയനാവുകയാണ് എക്സൈസ് പ്രിവന്‍റിവ് ഓഫിസർ എം. അസീസ്. പന്തളം പൂഴിക്കാട് പുത്തൻ വീട് അസീസ് ഇതിനകം നൂറിലധികം ബോധവത്കരണ ക്ലാസുകളാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പൂർത്തിയാക്കിയത്. സംസ്ഥാന എക്സൈസ് കമീഷണറുടെ സ്റ്റേറ്റ് നാർക്കോട്ടിക് എൻഫോഴ്സ്മെന്‍റ് സ്ക്വാഡ് അംഗവും അടൂർ എക്സൈസ് റേഞ്ച് ഓഫിസിലെ ഉദ്യോഗസ്ഥനുമാണ്. വിദ്യാർഥികൾക്കും രക്ഷകർത്താക്കൾക്കുമായി പ്രത്യേകം തയാറാക്കിയ സെഷനുകളിൽ ലഹരിയുമായി ബന്ധപ്പെട്ട വിവിധ നിയമങ്ങളും സാമൂഹിക പ്രത്യാഘാതങ്ങളും ചർച്ചാവിഷയമാക്കുന്നുണ്ട് ഈ ഉദ്യോഗസ്ഥൻ.
ക്ലാസ് കഴിഞ്ഞാലും കുട്ടികളുമായും മാതാപിതാക്കളുമായും നിരന്തരം സമ്പർക്കം പുലർത്തുന്നു എന്നതാണ് ഇദ്ദേഹത്തിന്‍റെ വേറിട്ട രീതി. അവരുടെ തുടരനുഭവങ്ങൾ ശേഖരിക്കുകയും ആവശ്യമായ മാർഗനിർദേശങ്ങൾ നൽകി അവരെ സമൂഹത്തിന്‍റെ മുഖ്യധാരയിലേക്ക് ചേർത്തുനിർത്താനും അസീസ് സമയം കണ്ടെത്തുന്നു. കഴിഞ്ഞ 25 വർഷമായി എക്സൈസ് വകുപ്പിൽ സേവനമനുഷ്ഠിക്കുന്ന അസീസിന്, മികച്ച പ്രവർത്തനങ്ങൾ മുൻനിർത്തി 2022ൽ മുഖ്യമന്ത്രിയുടെ എക്സൈസ് മെഡലും കാഷ് അവാർഡും ലഭിച്ചിട്ടുണ്ട്. ഇതിനുപുറമേ നിരവധി ഗുഡ് സർവിസ് എൻട്രികളും സ്വന്തമാക്കിയിട്ടുണ്ട്. നിലവിൽ എൻഫോഴ്സ്മെന്‍റ് പ്രവർത്തനങ്ങളിലും ബോധവത്കരണ പരിപാടികളിലും സജീവമായി മുന്നേറുകയാണ് ഈ ഉദ്യോഗസ്ഥൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

