കെട്ടിട നിർമാണം കഴിഞ്ഞിട്ട് മാസങ്ങൾ; കോടതികൾ ഇന്നും വാടക തടവറയിൽ
text_fieldsനിർമാണം കഴിഞ്ഞ അടൂർ കോടതി സമുച്ചയം
അടൂർ: അടൂരിൽ കോടതി സമുച്ചയ നിർമാണം കഴിഞ്ഞിട്ട് മാസങ്ങളായിട്ടും ഒരു കോടതിപോലും ‘പടികയറിയില്ല’. കെട്ടിടത്തിൽ അഗ്നിരക്ഷ സംവിധാനം സ്ഥാപിക്കാത്തതാണ് പ്രവർത്തനം ആരംഭിക്കാത്തതിന് കാരണമായി പറയുന്നത്.സംസ്ഥാന ബജറ്റിൽ അനുവദിച്ച 10 കോടി രൂപ ചെലവഴിച്ചാണ് കെട്ടിടം നിർമിച്ചത്. 2962 സ്ക്വയർ ഫീറ്റ് കെട്ടിടമാണിത്. കെട്ടിടം പണി കഴിഞ്ഞപ്പോൾ അഗ്നിരക്ഷ സംവിധാനം സ്ഥാപിക്കാൻ പണം തികഞ്ഞില്ല.
ഇലക്ട്രിക് പണിക്കും അഗ്നിരക്ഷക്കുമായി ഒരുകോടി രൂപ ഉണ്ടായിരുന്നുവെങ്കിലും 60 ലക്ഷം രൂപ ഇലക്ട്രിക് വർക്കിനു മാത്രം വേണ്ടി ചെലവാക്കേണ്ടി വന്നതായാണ് പറയുന്നത്. അഗ്നിരക്ഷ സംവിധാനത്തിന്റെ ഭാഗമായ മോട്ടോറും മോട്ടോർ റൂം, വയറിങ് എന്നിവ 40 ലക്ഷം രൂപയിൽ തീരില്ല.
എന്നാൽ, പിന്നീട് 1,04,57,000 രൂപ അഗ്നിരക്ഷക്കും വൈദ്യുതിക്കായും സർക്കാർ അനുവദിച്ചു. തുക എത്രയും വേഗം ലഭ്യമാക്കി അഗ്നിരക്ഷ സംവിധാനമൊരുക്കി വിവിധ കോടതികളുടെ പ്രവർത്തനം വേഗത്തിൽ പുതിയ കെട്ടിടത്തിലേക്ക് മാറ്റാനാണ് ശ്രമിക്കുന്നതെന്നാണ് ബന്ധപ്പെട്ട അധികൃതർ പറയുന്നത്.
കെട്ടിടത്തിന്റെ മുകളിലേക്ക് കൂടുതൽ നിലകൾ നിർമിക്കാൻ ഏഴുകോടി രൂപയും അനുവദിച്ചിട്ടുണ്ട്. താലൂക്ക് ആസ്ഥാനമായ അടൂരിൽ പഴയകാലത്ത് അനുവദിച്ച മുൻസിഫ്, മജിസ്ട്രേറ്റ്, ഒന്നാം ക്ലാസ് കോടതികളെ കൂടാതെ കുടുംബകോടതിയും ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതിയുമാണ് (പോക്സോ) നിലവിൽ ഉള്ളത്. മുൻസിഫ്, മജിസ്ട്രേറ്റ്, ഒന്നാം ക്ലാസ് കോടതികൾ പ്രവർത്തിച്ചിരുന്ന കെട്ടിടത്തിന് 100 വർഷം പഴക്കമുണ്ട്.
മുമ്പ് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി നിന്ന ഭാഗത്താണ് പുതിയ കെട്ടിട സമുച്ചയം ഉയരുന്നത്. ഇവിടെ പ്രവർത്തിച്ചിരുന്ന കോടതി ഇപ്പോൾ ബാർ അസോയിയേഷൻ പ്രവർത്തിച്ചിരുന്ന കെട്ടിടത്തിലേക്ക് മാറ്റിയിരിക്കുകയാണ്. പുതിയ കെട്ടിടത്തിൽ ഗ്രൗണ്ട് ഫ്ലോർ പാർക്കിങ്ങും ജുഡീഷ്യൽ സർവിസ് സെന്ററും ഒന്നാംനില ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയും അനുബന്ധ ഓഫിസുകളും രണ്ടാം നില മുൻസിഫ് കോടതിയും ഓഫിസുകളും മൂന്ന്, നാല് നിലകളിൽ ലഭിക്കാൻ പോകുന്ന സബ് കോടതി ഉൾപ്പെടെ ക്രമീകരിക്കാനാണ് ഉദ്ദേശിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

