തൊഴിലുറപ്പ് പദ്ധതി; കുറച്ച കൂലി ജീവനക്കാരിൽനിന്ന് ഈടാക്കി നൽകാൻ ഉത്തരവ്
text_fieldsപ്രതീകാത്മക ചിത്രം
പത്തനംതിട്ട: കവിയൂർ പഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികളുടെ വേതനം വെട്ടിക്കുറച്ചെന്ന പരാതിയിൽ തൊഴിലുറപ്പ് പദ്ധതി ജില്ല ഓംബുഡ്സ്മാന്റെ ഇടപെടൽ. കുറച്ച വേതനം സാങ്കേതിക വിഭാഗം ജീവനക്കാരിൽനിന്ന് ഈടാക്കി തൊഴിലാളികൾക്ക് നൽകാൻ ഓംബുഡ്സ്മാൻ ഉത്തരവിട്ടു.
മുൻ പഞ്ചായത്ത് പ്രസിഡന്റ് ടി. കെ. സജീവും തൊഴിലാളികളും നൽകിയ വ്യത്യസ്ത പരാതികൾ പരിഗണിച്ചാണ് തൊഴിലാളികൾക്ക് വേതനം നഷ്ടപ്പെട്ടതായി ഓംബുഡ്സ്മാൻ കണ്ടെത്തിയത്. ദിവസവേതനമായി ലഭിക്കേണ്ട 369 രൂപയിൽനിന്ന് 200 രൂപ വരെ കുറച്ചാണ് തൊഴിലാളികൾക്ക് ലഭിച്ചത്. നിശ്ചിത സമയത്തിനുള്ളിൽ ജോലി പൂർത്തിയാക്കിയില്ലെന്ന് കാട്ടിയാണ് ഉദ്യോഗസ്ഥർ വേതനം കുറച്ചത്. എസ്റ്റിമേറ്റ് തയാറാക്കുന്നതിൽ വീഴ്ച വന്നതിനാൽ തൊഴിൽദിനങ്ങളുടെ എണ്ണം കൂടിയതും വേതനം കുറയ്ക്കാൻ കാരണമാക്കി.
എന്നാൽ, എസ്റ്റിമേറ്റ് തയാറാക്കുന്നതിൽ വീഴ്ച വന്നതിന്റെ നഷ്ടം തൊഴിലാളികളുടെ വേതനം കുറച്ചു നികത്തുന്നത് ശരിയല്ലെന്ന് ഓംബുഡ്സ്മാൻ ചൂണ്ടിക്കാട്ടി. ജോലി ചെയ്ത തൊഴിലാളികൾക്ക് 369 രൂപ വേതനത്തിന് നിയമപ്രകാരം അർഹത ഉണ്ട്. തൊഴിലാളികളെ ബോധ്യപ്പെടുത്താതെ ഇത് കുറച്ചത് ശരിയല്ല. തൊഴിൽ ചെയ്തതിനു ശേഷം തൊഴിലാളികളുടെ വേതനം വെട്ടിക്കുറച്ചതു വീഴ്ചയാണെന്ന പരാതി ഓംബുഡ്സ്മാൻ ശരിവെച്ചു.
പ്രവൃത്തികൾക്കുള്ള എസ്റ്റിമേറ്റ് തയാറാക്കുന്നത് യാഥാർഥ്യ ബോധത്തോടെ വേണമെന്ന് സാങ്കേതിക വിഭാഗം ജീവനക്കാരോട് നിർദേശിച്ചാണ് ഓമ്പുഡ്മാന്റെ ഉത്തരവ്. സിറ്റിസൺ ഇൻഫർമേഷൻ ബോർഡുകൾ സ്ഥാപിച്ചിരിക്കുന്നത് പലതും ശരിയായ രീതിയിൽ അല്ലെന്നു കണ്ടെത്തിയ ഓംബുഡ്സ്മാൻ സർക്കാർ മാർഗനിർദേശ പ്രകാരം ബോർഡുകൾ സ്ഥാപിക്കാൻ ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്കു നിർദേശം നൽകി. തൊഴിലുറപ്പു പദ്ധതിയിൽ ഉൾപ്പെടുത്തി നട്ടുപിടിപ്പിച്ച വൃക്ഷത്തൈകൾ മാർഗനിർദേശം അനുസരിച്ചു പരിപാലനം ഒഴിവാക്കിയിട്ടുള്ളതിനാൽ നട്ടുപിടിപ്പിച്ച വൃക്ഷങ്ങളുടെ വളർച്ച സംരക്ഷിക്കണമെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറിയോട് നിർദേശിച്ചു.
നിയമം അനുശാസിക്കുന്ന വിധത്തിലല്ലാതെ തൊഴിലാളികളുടെ വേതനത്തിൽ കുറവ് വരുത്താൻ പാടില്ലെന്ന് സംസ്ഥാന തലത്തിൽ നിർദേശം നൽകുന്നതിനു എം.ജി.എൻ.ആർ.ജി.എസ്. സംസ്ഥാന മിഷന് ജില്ല ഓംബുഡ്സ്മാൻ ശിപാർശ നൽകി . ഓംബുഡ്സ്മാന്റെ ഇടപെടലോടെ തൊഴിലാളികൾക്കു നീതി ലഭിച്ചതായി ഹരജിക്കാരനായ മുൻ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. സജീവ് വാർത്തസമ്മേളനത്തിൽ പറഞ്ഞു. തൊഴിലാളികളുടെ വേതനത്തിൽ കുറവ് വരുത്തുന്നത് തുടർന്നാൽ കോടതിയെ സമീപിക്കുമെന്നും സജീവ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

