Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കപ്പയുടെ ബ്രാൻഡാകാൻ ഇലന്തൂർ ഗ്രാമം

text_fields
bookmark_border
കപ്പയുടെ ബ്രാൻഡാകാൻ ഇലന്തൂർ ഗ്രാമം
cancel
camera_alt

ഇലന്തൂരിലെ കപ്പകൃഷി

ഇലന്തൂർ: കപ്പ കൃഷിയിൽ വലിയ മുന്നേറ്റം സൃഷ്ടിക്കുന്ന നാടായി ഇലന്തൂർ മാറുന്നു. വർഷം മുഴുവൻ വിളവെടുക്കാൻ പാകത്തിലാണ് കൃഷി. തിരുവല്ല - കുമ്പഴ സംസ്ഥാന പാതയിൽ ഇലന്തൂർ ബ്ലോക്ക് ഓഫിസിന് സമീപവും ചുറ്റുപാടുമായി 10 ഏക്കറോളം പാടത്താണ് കപ്പകൃഷിയുടെ കേന്ദ്രം. ഒരു സീസണിൽ 20 ലക്ഷം രൂപയുടെ വരുമാനം കർഷകർക്ക് ലഭിക്കുന്നു. സീസണിൽ 20,000 മൂട് കപ്പ വരെ ഇവിടെ കൃഷി ചെയ്യുന്നുണ്ട്. ഒരു മൂട് കപ്പക്ക്‌ 100 രൂപ വിലക്കാണ് വിൽപന. ബ്ലോക്ക് പടിക്ക് സമീപവും ധന്വന്തരി ക്ഷേത്രത്തിന് സമീപത്തും കൃഷിയുണ്ട്. ബ്ലോക്ക് പടി ഉൾപ്പെടെ ഇലന്തൂരിൽതന്നെ കപ്പ വിപണികൾ സജീവമാണ്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്ന് വ്യാപാരികൾ കപ്പ വാങ്ങാൻ ഇലന്തൂരിൽ എത്തുന്നു. വർഷങ്ങളായി നെൽകൃഷി ചെയ്തിരുന്ന പാടങ്ങളാണ് കപ്പകൃഷിയിലേക്ക് വഴിമാറിയത്. നെൽകൃഷി ലാഭകരമല്ലാതെ വന്നതോടെ പച്ചക്കറിയിലേക്കും പിന്നീട് കപ്പയിലേക്കും കർഷകർ തിരിയുകയായിരുന്നു.

സ്വന്തം ഭൂമിയിലും പാട്ടത്തിനെടുത്തും കർഷകർ കപ്പകൃഷിയിൽ വ്യാപൃതരായിട്ടുണ്ട്. കറുത്ത ബ്ലോക്ക് ഇനത്തിൽപെട്ട കപ്പകളാണ് ഇവിടെ കൂടുതൽ കൃഷി ചെയ്യുന്നത്. ഒമ്പത് മാസം നീളുന്നതാണ് ഒരു കൃഷി. അത്‌ വിളവെടുത്താൽ അടുത്ത കൃഷിക്കായി പാടം ഒരുങ്ങും. കർഷകർ പല സമയങ്ങളിൽ കൃഷി ചെയ്യുന്നതിനാൽ വർഷം മുഴുവൻ ഇവിടെ കപ്പ ലഭിക്കും. ആകെയുള്ള പാടശേഖരങ്ങളിൽ ആറേക്കറും പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്നത് പരിയാരം സ്വദേശികളായ സോമരാജൻ, മധു, രാമചന്ദ്രൻ എന്നിവർ ചേർന്ന സംഘമാണ്. ഒരു സീസണിൽ 13,000 കപ്പ കൃഷി ചെയ്യുന്നുണ്ടെന്നും 52 മെട്രിക് ടൺ വിളവ് ലഭിക്കുന്നുണ്ടെന്നും കർഷകനായ സോമരാജൻ പറഞ്ഞു. മഴക്കാലത്ത് വെള്ളക്കെട്ട് ഒഴിവാക്കാൻ കഴിഞ്ഞാൽ കൂടുതൽ വിളവ് ലഭിക്കുമെന്ന് വാർഡ് അംഗം അനിത സോമൻ പറഞ്ഞു. കപ്പകൃഷി വ്യാപകമാക്കി ഇലന്തൂരിന്റെ ഒരു ബ്രാന്റായി കപ്പയെ മാറ്റാൻ പദ്ധതിയുണ്ട്. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി തോടുകൾ വൃത്തിയാക്കി വെള്ളക്കെട്ട് ഒഴിവാക്കും. മറ്റു സഹായങ്ങളും ലഭ്യമാക്കും. ഇതിനായി കർഷകരുടെ യോഗം വിളിക്കാനും ആലോചനയുണ്ടെന്ന് കൃഷി ഓഫിസർ അരുണിമ, വികസന സ്ഥിരം സമിതി അധ്യക്ഷൻ സാം ചെമ്പകത്തിൽ എന്നിവർ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Elanthoor village to become a brand for tapioca
Next Story