ഇക്കോ ടൂറിസം ഡെവലപ്മെന്റ് അതോറിറ്റി രൂപവത്കരിക്കും
text_fieldsപത്തനംതിട്ട: സംസ്ഥാനത്തെ ഇക്കോ ടൂറിസം കേന്ദ്രങ്ങളുടെ വികസനവും സംരക്ഷണവും ഏകോപിപ്പിക്കുന്നതിനായി ഇക്കോ ടൂറിസം ഡവലപ്മെന്റ് അതോറിറ്റി രൂപവത്കരിക്കും. ജില്ലയിലെ പ്രധാന ഇക്കോ ടൂറിസം മേഖലകളായ ഗവി, അടവി യാത്രകൾ ഇനി അതോറിറ്റിയുടെ പൂർണ നിയന്ത്രണത്തിലാകും. വനത്തിനുള്ളിൽ സഞ്ചാരികളുടെ പ്രവേശനത്തിനും സഞ്ചാരപരിധിക്കും നിയന്ത്രണങ്ങൾ കർശനമാക്കുന്നതിനാണ് അതോറിറ്റി രൂപവത്കരിക്കുന്നത്. വനസഞ്ചാരികളിൽനിന്ന് പരിസ്ഥിതി സംരക്ഷണ സെസും ഈടാക്കും. വനയാത്രികർക്ക് ഇൻഷുറൻസും പ്രവേശനത്തിന് ഏകീകൃത ഫീസും നിലവിൽവരും. ഇക്കോ ടൂറിസം കരടുബില്ലിലാണ് ഇതു സംബന്ധിച്ച ശിപാർശയുള്ളത്. വനംമന്ത്രി ചെയർമാനും വനം സെക്രട്ടറി വൈസ് ചെയർമാനുമായി 17 അംഗ ഇക്കോ ടൂറിസം ഡെവലപ്മെന്റ് അതോറിറ്റി സംസ്ഥാനാടിസ്ഥാനത്തിൽ നിലവിൽവരും. വനംവകുപ്പ് നൽകിയ ശിപാർശകൾ മൂന്നംഗ സമിതി പരിശോധിച്ചശേഷമേ അന്തിമതീരുമാനം ഉണ്ടാകൂ.
കാനനപാതയിൽ വാഹനത്തിരക്ക്
ഗവിയിലേക്ക് കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം യാത്രകൾ തുടങ്ങിയതിനു പിന്നാലെ പ്രതിദിനം എത്തുന്ന സഞ്ചാരികളുടെ എണ്ണത്തിൽ വൻവർധനയാണുള്ളത്. ശനി, ഞായർ ദിവസങ്ങളിലും പൊതുഅവധി ദിനങ്ങളിലുമാണ് തിരക്കേറെയുള്ളത്. പ്രതിദിനം 30 സ്വകാര്യ വാഹനങ്ങൾക്കാണ് കൊച്ചാണ്ടി ചെക്ക് പോസ്റ്റിൽനിന്ന് ഗവിയിലേക്ക് പ്രവേശനാനുമതി നൽകുന്നത്. വനംവകുപ്പാണ് പാസ് അനുവദിക്കുന്നത്.
ഇതു കൂടാതെയാണ് കെഎസ്ആർടിസി സംസ്ഥാനത്തെ വിവിധ ഡിപ്പോകളിൽനിന്ന് ഗവിയിലേക്ക് ഉല്ലാസയാത്ര ബസുകൾ ഓടിക്കുന്നത്. കെ.എസ്.ആർ.ടി.സി പത്തനംതിട്ട ഡിപ്പോയിൽനിന്ന് രാവിലെ രണ്ട് ബസുകൾ ഗവി വഴി കുമളിയിലേക്ക് പ്രതിദിന സർവിസ് നടത്തുന്നുണ്ട്. കുമളിയിൽനിന്ന് മറ്റൊരു ബസ് ഗവിയിലൂടെ പത്തനംതിട്ടയിലേക്കുമുണ്ട്. ഈ മൂന്ന് സർവിസുകളുടെയും മടക്കയാത്രയും ഗവിയിലൂടെ തന്നെയാണ്. ഈ ബസുകളിൽ യാത്രചെയ്ത് ഗവി കാണുന്നതിന് നിരവധി സഞ്ചാരികൾ എത്തുന്നുണ്ട്. ബജറ്റ് ടൂറിസം ബസുകളിൽ എത്തുന്നവർക്കും പത്തനംതിട്ടയിൽനിന്നാണ് ചെറിയ ബസുകൾ ക്രമീകരിച്ചുനൽകുന്നത്. ഇതോടൊപ്പം ഗവി യാത്രക്കായി ഓൺലൈൻ ബുക്കിങ്ങിലൂടെ അനുമതി വാങ്ങി എത്തുന്നവരും ഏറെയാണ്. സഞ്ചാരികളുടെ തിരക്ക് വർധിച്ചതോടെ ഗവി സഞ്ചാരത്തിന് വനംവകുപ്പ് ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങൾ മിക്കപ്പോഴും പാളുന്നുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.