ഇബോള: പത്തനംതിട്ടയിലും ജാഗ്രത, വിദേശത്തുനിന്നെത്തിയ നിരവധി പേർ ഇതിനകം ക്വാറന്റീനിൽ ഉണ്ട്
text_fieldsപത്തനംതിട്ട: ഇബോള വൈറസിനെതിരെ ജില്ലയിലും ജാഗ്രത. പ്രവാസികൾ ഏറെയുള്ള ജില്ലയിൽ വിദേശത്ത് നിന്നെത്തിയ നിരവധി പേർ ഇതിനകം ക്വാറന്റീനിൽ ഉണ്ട്. 21 ദിവസം നിർബന്ധമായും ക്വാറന്റീനിൽ കഴിയണമെന്നാണ് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചിരിക്കുന്നത്.
ഇക്കാലയളവിൽ രോഗലക്ഷണങ്ങൾ കണ്ടാൽ ആരോഗ്യപ്രവർത്തകരെ വിവരം അറിയിക്കണം. ആഫ്രിക്കൻ രാജ്യങ്ങളായ കോംഗോ, യുഗാണ്ട, സൗത്ത് സുഡാൻ തുടങ്ങിയ ഇബോള ബാധിത പ്രദേശങ്ങളിൽ നിന്ന് ജില്ലയിലെത്തിയവരെയും ഇവിടെനിന്നുള്ളവരുടെ കൂടെ വിമാനയാത്ര ചെയ്തവരെയുമാണ് നിലവിൽ ക്വാറന്റീനിലാക്കിയത്.
ജില്ലയിൽ ഇതുവരെ ഹൈ റിസ്ക് പരിധിയിൽപ്പെട്ട ആരെയും കണ്ടെത്തിയിട്ടില്ല. വീടുകളിൽ തന്നെയാണ് 21 ദിവസം ക്വാറന്റീനും ഏർപ്പെടുത്തിയിട്ടുള്ളത്. ഒരുമാസം അവധിക്ക് നാട്ടിലെത്തുന്നവർക്ക് ഇത് വലിയ ബുദ്ധിമുട്ടായിട്ടുണ്ട്. വിദ്യാഭ്യാസ മേഖലയിലും ആരോഗ്യ മേഖലയിലുമായി ജില്ലയിലെ നിരവധിയാളുകൾ ജോലിക്കായി ആഫ്രിക്കൻ രാജ്യങ്ങളിലുണ്ട്. പനി, ക്ഷീണം, പേശീവേദന, തലവേദനയും തൊണ്ട വേദനയും, ഛർദി, വയറിളക്കം, രക്ത സ്രാവം എന്നിവയൊക്കെയാണ് ഇബോളയുടെ ലക്ഷണങ്ങൾ.
ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ളവർ വിമാനത്താവളത്തിൽ എത്തിയാൽ സെൽഫ് ഡിക്ലറേഷൻ ഫോമിൽ യാത്രാവിവരങ്ങളും നാട്ടിൽ താമസിക്കുന്ന സ്ഥലം, വീട്ടുനമ്പർ, താലൂക്ക്, പിൻകോഡ്, നാട്ടിലെ ഫോൺ നമ്പർ, ഇ മെയിൽ അഡ്രസ് തുടങ്ങിയവ കൃത്യമായി പൂരിപ്പിച്ച് നൽകേണ്ടതുണ്ട്. രോഗബാധിതരുമായി സമ്പർക്കം ഇല്ലാത്തവരാണെങ്കിലും വീട്ടിലെത്തിയാൽ 21 ദിവസം മറ്റുള്ളവരുമായുള്ള ബന്ധം പരമാവധി ഒഴിവാക്കി വീട്ടിൽ തന്നെ കഴിയാനാണ് നിർദേശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

