ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളനം: പിരിവില്ല, പണിയെടുത്ത് പ്രവർത്തകർ സമാഹരിച്ചത് 1.20 കോടി
text_fieldsഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി സംഘടിപ്പിച്ച ചിത്രരചന മത്സരത്തിൽ പങ്കെടുത്തവർ
സംഘാടകർക്കൊപ്പം
പത്തനംതിട്ട: ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളനത്തിന് ആക്രി പെറുക്കിയും സ്വയം തൊഴിൽ ചെയ്തും ജില്ലയിലെ പ്രവർത്തകർ 11 ബ്ലോക്ക് കമ്മിറ്റികളിൽനിന്ന് സമാഹരിച്ചത് ഒരു കോടി ഇരുപതിനായിരം രൂപ. ബിരിയാണി, കപ്പ, പായസം തുടങ്ങിയ ഭക്ഷ്യവസ്തുക്കൾ കൂടാതെ, മുണ്ട്, മീൻ, പച്ചക്കറി എന്നിവ വിൽപന നടത്തിയാണ് പണം കണ്ടെത്തിയത്. കിണറ് ശുചിയാക്കൽ, വാഹനങ്ങൾ കഴുകി നൽകൽ, ചുമട് എടുക്കൽ തുടങ്ങിയ ജോലിചെയ്തും പണം സമാഹരിച്ചിട്ടുണ്ട്.
സമ്മേളന ധനസമാഹരണത്തിന് ഇത്തവണ രസീത് പിരിവ് ഇല്ല. പകരം സമ്മേളന ചെലവിനാവശ്യമായ മുഴുവൻ പണവും വ്യത്യസ്തമായ മാർഗങ്ങളിലൂടെ കണ്ടെത്താനാണ് തീരുമാനം. സംഘാടക സമിതി ചെയർമാൻ കെ.പി. ഉദയഭാനു, സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം രാജു എബ്രഹാം, ഡി.വൈ.എഫ്.ഐ കേന്ദ്ര കമ്മിറ്റി അംഗം കെ.യു. ജനീഷ് കുമാർ, സംഘാടക സമിതി കൺവീനർ പി.ബി. സതീഷ് കുമാർ, ട്രഷറർ സംഗേഷ് ജി.നായർ എന്നിവർ ചേർന്ന് ബ്ലോക്ക് കേന്ദ്രങ്ങളിൽ സമ്മേളന ഫണ്ട് ഏറ്റുവാങ്ങി. ഈ മാസം 27മുതൽ 30 വരെയാണ് സമ്മേളനം.
വിവിധ ജില്ലകളിൽനിന്ന് 635 പേർ പ്രതിനിധി സമ്മേളനത്തിൽ പങ്കെടുക്കും. ലക്ഷങ്ങൾ അണിനിരക്കുന്ന ബഹുജന റാലിയും പൊതുസമ്മേളനവും നടക്കും. സംസ്ഥാന സമ്മേളന ഭാഗമായി 25,000 യുവതിയുവാക്കളെ ഡി.വൈ.എഫ്.ഐ അംഗങ്ങളാക്കി 500 യൂനിറ്റുകൾ പുതുതായി രൂപവത്കരിക്കുമെന്നും 50,000 യുവതിയുവാക്കളെ ഉൾപ്പെടുത്തിക്കൊണ്ട് രക്തദാന സേന രൂപവത്കരിക്കുമെന്നും ഡി.വൈ.എഫ്.ഐ ജില്ല സെക്രട്ടറി ബി. നിസാം, ജില്ല പ്രസിഡന്റ് എം.സി. അനീഷ്, ട്രഷറർ എം. അനീഷ് കുമാർ എന്നിവർ പറഞ്ഞു.
ചിത്രരചന മത്സരം ശ്രദ്ധേയമായി
പത്തനംതിട്ട: ചിത്രകാരന്മാർ കാൻവാസിൽ വിസ്മയം തീർത്തപ്പോൾ സി. കേശവൻ സ്ക്വയറിൽ ചിത്ര വൈവിധ്യങ്ങളുടെ വർണക്കാഴ്ച. ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായാണ് കോഴഞ്ചേരി സി. കേശവൻ സ്ക്വയറിൽ 'സി. കേശവൻ നിറസ്മൃതി' പേരിൽ ചിത്രരചന മത്സരം സംഘടിപ്പിച്ചത്. നവോത്ഥാനമായിരുന്നു വിഷയം. ഇരുപതിലധികം ചിത്രകാരന്മാർ പങ്കെടുത്തു.
എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറിയും തിരു-കൊച്ചി മുഖ്യമന്ത്രിയുമായിരുന്ന സി. കേശവെൻറ വിഖ്യാതമായ കോഴഞ്ചേരി പ്രസംഗത്തിന് 87വയസ്സ് മേയ് മാസത്തിൽ പൂർത്തിയാകുന്നതുകൂടി കണക്കിലെടുത്താണ് പരിപാടി സംഘടിപ്പിച്ചത്.
പ്രശസ്ത ചിത്രകാരൻ കെ.വി. ജ്യോതിലാലിെൻറ നേതൃത്വത്തിലുള്ള ജൂറിയാണ് വിജയികളെ തെരഞ്ഞെടുത്തത്. മത്സരത്തിൽ അരുൺ രാമൻ ഒന്നാംസ്ഥാനവും ജി. ഗിരീഷ് രണ്ടാംസ്ഥാനവും വീണാ വി.നായർ മൂന്നാം സ്ഥാനവും നേടി. പ്രശസ്ത കാർട്ടൂണിസ്റ്റ് ജി. ജിതേഷ് വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം സംഗേഷ് ജി. നായർ, ജില്ല സെക്രട്ടറി ബി. നിസാം, പ്രസിഡന്റ് എം.സി. അനീഷ് കുമാർ, ആർ. ശ്യാമ, ബാബു കോയിക്കലേത്ത്, ടി.വി. സ്റ്റാലിൻ, ആർ. അജയകുമാർ, സജിത് പി.ആനന്ദ്, നീതു അജിത്, ജിജോ മോഡി, സുധീഷ് ബാബു, ബിജിലി പി.ഈശോ, ഡോണി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

