അഴിഞ്ഞാടി ലഹരി മാഫിയ; നടപടിയെടുക്കാതെ അധികൃതർ
text_fieldsമല്ലപ്പള്ളി: കോട്ടാങ്ങൽ പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ അനധികൃത മദ്യവിൽപന വ്യാപകമാകുന്നു. ചുങ്കപ്പാറയിലും പരിസരപ്രദേശങ്ങളിലും അനധികൃത മദ്യവിൽപനക്കാരും മദ്യപാനികളും അഴിഞ്ഞാടുന്ന കാഴ്ചയാണ്. ചുങ്കപ്പാറ ബസ് സ്റ്റാൻഡ്, ചുങ്കപ്പാറ-പൊന്തൻപുഴ റോഡ്, ഒരക്കൻ പാറ, പുല്ലാന്നിപ്പാറ, നാഗപ്പാറ, വഞ്ചികപ്പാറ, കോട്ടാങ്ങൽ-ആലപ്രക്കാട് റോഡ് എന്നിവിടങ്ങളിൽ അനധികൃത മദ്യവിൽപനയും കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരി വസ്തുക്കളുടെ വിൽപനയും തകൃതിയിൽ നടക്കുമ്പോഴും ഇതൊന്നും കണ്ടില്ലെന്നമട്ടിലാണ് അധികൃതരെന്ന് നാട്ടുകാർ പറയുന്നു. ആൾത്താമസമില്ലാത്ത വീടുകൾ, റബർ തോട്ടങ്ങൾ, ആളൊഴിഞ്ഞ പ്രദേശങ്ങൾ, ചില ചെറു വ്യാപാരസ്ഥാപനങ്ങൾ എന്നിവിടങ്ങളിലെല്ലാം മദ്യവിൽപന നടക്കുന്നുണ്ട്. ഓട്ടോറിക്ഷകളിൽ ആവശ്യക്കാർക്ക് മദ്യം എത്തിച്ചുനൽകുന്ന സംഘങ്ങളും പ്രവർത്തിക്കുന്നുണ്ട്. മദ്യം വാങ്ങുന്നവർക്ക് റോഡിന്റെ വശങ്ങളിൽ വാഹനം പാർക്ക് ചെയ്ത് മദ്യപിക്കുന്നതിന് ആവശ്യമായ സൗകര്യം ഒരുക്കി നൽകുന്നുമുണ്ട്.
റോഡുകളിൽപോലും പരസ്യമായി മദ്യപിക്കുന്നവരുമുണ്ട്. സർക്കാർ മദ്യശാലകളിൽനിന്നു വാങ്ങുന്ന മദ്യം മൂന്നിരട്ടി വിലക്കാണ് വിൽപന നടത്തുന്നത്. അമിത വില നൽകി വാങ്ങാൻ ആൾക്കാരുള്ളതിനാൽ ദിനംപ്രതി കച്ചവടക്കാരുടെ എണ്ണവും വർധിച്ചുവരുകയാണ്. സന്ധ്യ കഴിഞ്ഞാൽ മദ്യപാനികളുടെ അസഭ്യം പറച്ചിൽ കാരണം വഴിനടക്കാൻ കഴിയാത്ത സ്ഥിതിയാണെന്നാണ് പ്രദേശവാസികളുടെ പരാതി. നാഗപ്പാറ, ഒരക്കൻ പാറ എന്നിവിടങ്ങളിൽ ജില്ലയുടെ വിവിധ പ്രദേശങ്ങളിൽനിന്ന് വിദ്യാർഥികൾ ഉൾപ്പെടെ എത്തുന്നവർ ഏറെയാണ്. അധികവും ലഹരി ഉപയോഗത്തിനാണ് എത്തുന്നതും. വിനോദസഞ്ചാര കേന്ദ്രമായ നാഗപ്പാറയിൽ ലഹരി മാഫിയയുടെ അഴിഞ്ഞാട്ടം കാരണം ഇവിടെയെത്തുന്നവരുടെ എണ്ണം കുറഞ്ഞതായി പ്രദേശവാസികൾ പറയുന്നു. എക്സൈസ്, പൊലീസ് അധികാരികളുടെ അനങ്ങാപ്പാറ നയമാണ് അനധികൃത മദ്യവിൽപന കേന്ദ്രങ്ങൾ പെരുകുന്നതിന് കാരണമെന്നും ആക്ഷേപമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

