വള്ളിക്കോട്ട് ലഹരിസംഘത്തിന്റെ ആക്രമണം; വീടിന്റെ വാതിലുകളും ജനലുകളും അടിച്ചു തകർത്തു
text_fieldsവള്ളിക്കോട് വാലുപറമ്പിൽ ജങ്ഷന് സമീപത്തെ കൃഷ്ണകൃപയിൽ ബിജുവിന്റെ വീടിനുനേർക്ക് ലഹരി സംഘം നടത്തിയ ആക്രമണം
പത്തനംതിട്ട: വള്ളിക്കോട് വാലുപറമ്പിൽ ജങ്ഷന് സമീപത്തെ കൃഷ്ണ കൃപയിൽ ബിജുവിന്റെ വീടിനുനേരെ സാമൂഹിക വിരുദ്ധ ആക്രമണം. കഴിഞ്ഞ രാത്രി പത്തോടെയാണ് സംഭവം. ബഹളം കേട്ട് പുറത്തിറങ്ങിയ ബിജുവിനെയും ഭാര്യയെയും മകനെയും മർദിക്കുകയും ചെയ്തു. വീടിന്റെ വാതിലുകളും ജനലുകളും മുറ്റത്തെ ചെടിച്ചട്ടികളും അടിച്ചുതകർത്തു. പോർച്ചിൽ കിടന്ന കാറും ചെടിച്ചട്ടികൊണ്ട് എറിഞ്ഞുതകർത്തു. വീടിനോട് ചേർന്ന പറമ്പിലെ പച്ചക്കറി കൃഷിയും നശിപ്പിച്ചു. ചെടിച്ചട്ടിയും ആയുധങ്ങളും ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. അരമണിക്കൂറോളം ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.
വീട്ടുകാർ അറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തിയപ്പോഴെക്കും അക്രമികൾ കടന്നുകളഞ്ഞു. സമീപത്ത് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. വീട്ടിൽ സ്ഥാപിച്ചിരുന്ന സി.സി ടി.വി കാമറയും നശിപ്പിക്കുകയുണ്ടായി. കണ്ടാൽ അറിയാവുന്ന രണ്ട് യുവാക്കളാണ് ആക്രമണം നടത്തിയത്. ഇവർ ചന്ദനപ്പള്ളി സ്വദേശികളാണ്. ഇവർക്ക് മദ്യമയക്കുമരുന്ന് സംഘവുമായി ബന്ധമുള്ളവരാണെന്ന് പറയുന്നു. ബിജുവിന്റെ വീടിന് സമീപത്ത് ചെറിയ നടവഴിയിലും സമീപത്തെ ആളൊഴിഞ്ഞ സ്ഥലങ്ങളിലും സ്ഥിരമായി തമ്പടിക്കുന്ന സംഘത്തിലെ യുവാക്കളാണ് അക്രമം നടത്തിയത്.
സ്ഥിരമായി ഇവിടങ്ങളിൽ ഇരുന്ന് മദ്യപിച്ച് പ്രദേശത്ത് ബഹളവും തെറിവിളിയും പതിവാണ്. ഈ സംഘത്തിന്റെ ഭീഷണി കാരണം പരിസരവാസികൾ ഭയന്നാണ് കഴിയുന്നത്. കഴിഞ്ഞ രാത്രി മദ്യപിച്ച് വീടിന് സമീപത്തു ബഹളമുണ്ടാക്കിയത് ബിജു ചോദ്യം ചെയ്യുകയും ആവർത്തിക്കരുതെന്ന് താക്കീത് ചെയ്തതുമാണ് ആക്രമണത്തിന് കാരണമെന്ന് പറയുന്നു. മയക്കുമരുന്ന് ലോബിയുമായും ഇവർക്ക് ബന്ധമുണ്ടെന്ന് പറയുന്നു. പത്തനംതിട്ട പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് അവർ സ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചു.
വള്ളിക്കോട് പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ സ്കൂളുകളും മറ്റും കേന്ദ്രീകരിച്ച് ലഹരി വിൽപന സംഘങ്ങൾ പ്രവർത്തിക്കുന്നതായും പൊലീസിന്റെയും എക്സൈസിന്റെയും റെയ്ഡ് പ്രദേശത്ത് ശക്തമാക്കണമെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ. മോഹനൻ നായർ പറഞ്ഞു. ജനങ്ങൾ കൂടുതൽ ജാഗ്രത പുലർത്തി ലഹരി സംഘങ്ങളെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരുന്നതിന് ശ്രദ്ധിക്കണമെന്നും മോഹനൻ നായർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

