ലഹരി മോചന ഒ.പിയിൽ മൂന്ന് മാസത്തിനിടെ എത്തിയത് 128 പേർ; എത്തുന്നവരിലധികവും യുവാക്കൾ
text_fieldsപത്തനംതിട്ട: ലഹരിയിൽ നിന്ന് മോചനം നേടാൻ കോഴഞ്ചേരി ജില്ല ആശുപത്രി തയാറാക്കിയ ലഹരി മോചന ഒ.പിയിൽ മൂന്ന് മാസത്തിനിടെ എത്തിയത് 128 പേർ. കഴിഞ്ഞ ജനുവരി മുതൽ ലഹരി മോചന ഒ.പി ജില്ല ആശുപത്രിയിലെ മാനസികാരോഗ്യ ഒ.പിക്ക് സമീപം പ്രവർത്തിക്കുന്നുണ്ട്. ഒരു മാസം നാൽപതിൽ അധികം പേർ ഇവിടെ ചികിത്സക്കായെത്തുന്നു. യുവാക്കളാണ് ഏറെയും. പുകവലി, മദ്യപാനം, മറ്റ് ലഹരി എന്നിവ ഉപയോഗിക്കുന്നവരെ, അവരുടെ ആരോഗ്യ സ്ഥിതിയനുസരിച്ചാണ് ചികിത്സിക്കുക. ഇതിൽ മാനസിക പിന്തുണ നൽകി കൗൺസലിങ് നടത്തേണ്ടവരും മരുന്നുകൾ നൽകി ചികിത്സ എടുക്കേണ്ടവരും ഉണ്ടാകും. സീനിയർ കൺസൾട്ടന്റ് സൈക്യാട്രിസ്റ്റ് ടി.സാഗർ, ക്ലിനിക്കൽ സൈക്കോളജിസ്റ്റ് പി.ടി.സന്ദീഷ് എന്നിവരാണ് ലഹരിമോചന ക്ലിനിക്കിന് നേതൃത്വം നൽകുന്നത്.
ലഹരി ഉപയോഗവും പെരുമാറ്റ പ്രശ്നങ്ങളുമായി കൗമാരക്കാരും ജില്ല ആശുപത്രിയിലെ ലഹരി മോചന ക്ലിനിക്കിലെത്താറുണ്ട്. അമിതമായ ഉത്കണ്ഠ, പുകവലി , പെരുമാറ്റ പ്രശ്നങ്ങൾ എന്നിവയാണ് കൗമാരക്കാർ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നങ്ങൾ. സാമൂഹ്യ, കുടുംബാരോഗ്യ കേന്ദ്രങ്ങളിലെ 23 മാനസികാരോഗ്യ ക്ലിനിക്കുകളിൽ നിന്ന് അയക്കുന്ന വിദ്യാർഥികളും സ്കൂളുകളിലെ മാനസികാരോഗ്യ ക്ലബുകളിൽ നിന്ന് വിടുന്നവരുമെല്ലാം ചികിത്സ തേടാറുണ്ട്. തിങ്കൾ മുതൽ ശനിവരെ ഉച്ചക്ക് ഒന്ന് വരെ ഒ.പി പ്രവർത്തിക്കും. ജനുവരി മുതൽ ഇതുവരെയാണ് 128 പേർ എത്തിയത്. സ്ത്രീകളോ പെൺകുട്ടികളോ ഇതുവരെ ഒ.പിയിൽ എത്തിയിട്ടില്ല.
ലഹരിയുമായി ബന്ധപ്പെട്ട എല്ലാ കേസുകളും ഇവിടെ ചികിത്സിച്ച് ഭേദമാക്കാറുണ്ട്. കുടുംബാംഗങ്ങളാണ് കൂടുതലും ആളുകളെ ആശുപത്രിയിൽ എത്തിക്കുന്നത്. പുകവലി, വെറ്റില മുറുക്ക്, മൂക്കിപ്പൊടി മുതലായ പുകയില ഉൽപന്നങ്ങളുടെ ഉപയോഗങ്ങളും നിർത്തുന്നതിനുള്ള സൗജന്യ സേവനം ഒ.പി യിൽ ലഭ്യമാണെന്ന് സീനിയർ കൺസൾട്ടന്റ് സൈക്യാട്രിസ്റ്റ് ടി.സാഗർ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.