സംരക്ഷണ ഭിത്തിയുടെ തകർച്ച; കുടിവെള്ളം മുടങ്ങിയിട്ട് രണ്ടാഴ്ച
text_fieldsപത്തനംതിട്ട അബാൻ മേൽപ്പാലം സർവീസ് റോഡിന്റെ ഭാഗമായ സംരക്ഷണഭിത്തി തകർന്ന നിലയിൽ
പത്തനംതിട്ട: നഗരത്തിലെ താഴെവെട്ടിപ്പുറം, ശബരിമല ഇടത്താവളം തുടങ്ങിയ ഭാഗങ്ങളിൽ കുടിവെള്ളം മുടങ്ങിയിട്ട് രണ്ടാഴ്ച. അബാൻ മേൽപ്പാലത്തിന്റെ ഭാഗമായി നിർമിച്ച സർവീസ് റോഡിന്റെ സംരക്ഷണഭിത്തിയുടെ ഒരു ഭാഗം മഴയിൽ തകർന്നതോടെയാണ് കുടിവെള്ള വിതരണം മുടങ്ങിയത്. ജല അതോറിറ്റിയുടെ ജലവിതരണ പൈപ്പ് പൊട്ടി വെള്ളം പുറത്തേക്ക് ഒഴുകിയതിനു പിന്നാലെയാണ് സംരക്ഷണ ഭിത്തി തകർന്നത്. പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാൻഡിനും എസ്.പി ഓഫിസ് ജങ്ഷനും മധ്യേയുള്ള സ്ഥലത്തെ കരിങ്കൽഭിത്തിയാണ് മേയ് 26ന് 150 മീറ്ററോളം നീളത്തിൽ തകർന്നത്. ഒപ്പം കുടിവെള്ളവിതരണ പൈപ്പും നശിച്ചിരുന്നു.
കനത്തമഴയിൽ ഈ ഭാഗത്തെ മണ്ണിനും ഇളക്കംതട്ടിയിട്ടുണ്ട്. ഇടിഞ്ഞ ഭാഗം പുന:സ്ഥാപിക്കാൻ വലിയ ചെലവ് വരും. ഒപ്പം മണ്ണ് പരിശോധന അടക്കം നടത്തിയ ശേഷമേ പുനർനിർമാണം ആരംഭിക്കാൻ കഴിയൂ.
താഴെവെട്ടിപ്പുറം, ജില്ല പൊലീസ് മേധാവിയുടെ കാര്യാലയം, പൊലീസ് ക്വാർട്ടേഴ്സ്, ശബരിമല ഇടത്താവളം, തൈക്കാവ്, പേട്ട വാർഡുകൾ എന്നിവിടങ്ങളിൽ വെള്ളം മുടങ്ങിയി. വില കൊടുത്താണ് പലരും വീടുകളിലേക്ക് വെള്ളം എത്തിക്കുന്നത്. കുടിവെള്ള വിതരണം പുനഃസ്ഥാപിക്കാത്തതിൽ പ്രതിഷേധം ഉയരുന്നുണ്ട്.
നിർമാണം സംബന്ധിച്ച് പൊതുമരാമത്തും ജല അതോറിറ്റിയും തമ്മിൽ തർക്കം നിലനിൽക്കുന്നതായും സൂചനയുണ്ട്. സംരക്ഷണ ഭിത്തി നിർമാണം പൂർത്തിയാക്കിയാലേ പൈപ്പ് സ്ഥാപിക്കാൻ കഴിയൂ എന്നാണ് അതോറിറ്റി നിലപാട്. എന്നാൽ, നടപടിക്രമങ്ങൾ പൂർത്തിയാക്കിയശേഷമേ നിർമാണം ആരംഭിക്കൂ എന്നാണ് പൊതുമരാമത്ത് വകുപ്പ് പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

