പത്തനംതിട്ട നഗരത്തിൽ കുടിവെള്ള ക്ഷാമം രൂക്ഷം
text_fieldsഎൽ.ഡി.എഫ് കൗൺസിലർമാരുടെ നേതൃത്വത്തിൽ പത്തനംതിട്ട നഗരസഭ ഓഫിസിന്
മുന്നിൽ നടത്തിയ പ്രതിഷേധ സമരം നഗരസഭ പ്രതിപക്ഷ നേതാവ് പി.കെ. അനീഷ്
ഉദ്ഘാടനം ചെയ്തുന്നു
പത്തനംതിട്ട: വേനൽ കടുത്തതോടെ പത്തനംതിട്ട നഗരത്തിൽ കുടിവെള്ള ക്ഷാമം രൂക്ഷമാകുന്നു. ടാങ്കർ ലോറിയിൽ കുടിവെള്ള വിതരണം നടത്തണമെന്ന് ആവശ്യമുയർന്നു. ഉയർന്ന പ്രദേശങ്ങളിൽ ജനങ്ങൾ വലയുകയാണ്.
കിണറുകളെല്ലാം വറ്റി വരണ്ടു. അച്ചൻകോവിലാറ്റിൽ ജലനിരപ്പ് താണതോടെ വാട്ടർ അതോറിറ്റിയുടെ പമ്പിങും മുടങ്ങിയിരിക്കയാണ്. രണ്ടും മൂന്നും ദിവസം കൂടുമ്പോൾ കുറച്ച് സമയം മാത്രമാകും വാട്ടർ അതോറിറ്റിയുടെ പൈപ്പുകളിൽ കൂടി വെള്ളമെത്തുക. ഇതോടെ വിവിധ ഇടങ്ങളിൽ പ്രതിഷേധവും ഉയർന്നിട്ടുണ്ട്. എൽ.ഡി.എഫ് കൗൺസിലർമാരുടെ നേതൃത്വത്തിൽ നഗരസഭ ഓഫിസിന് മുന്നിൽ പ്രതിഷേധ സമരം നടത്തി.
നഗരത്തിന്റെ എല്ലാ മേഖലകളിലും രൂക്ഷമായ കുടിവെള്ളക്ഷാമം നേരിടുന്നതിനാൽ അടിയന്തര ഇടപെടൽ വേണമെന്ന് കൗൺസിൽ അംഗങ്ങൾ ആവശ്യപ്പെട്ടിട്ടും ഭരണസമിതി ഒരു നടപടിയും സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ചാണ് എൽ.ഡി.എഫ് കൗൺസിലർമാർ സമരം നടത്തിയത്.
നഗരസഭ ഓഫിസിൽ മുന്നിൽ നടന്ന പ്രതിഷേധ സമരം നഗരസഭ പ്രതിപക്ഷ നേതാവ് പി.കെ. അനീഷ് ഉദ്ഘാടനം ചെയ്തു. നഗരസഭ ഓഫിസിൽ ഈ മാസം ഒമ്പതിന് കുടിവെള്ള വിതരണത്തിനുള്ള സർക്കാർ ഉത്തരവ് എത്തിയെങ്കിലും ടെൻഡർ നടപടികൾ ആരംഭിച്ചത് 17നാണ്. ഇനി ടെൻഡർ തുറക്കുന്നതിന് 24 വരെ കാത്തിരിക്കണം.
മുൻ ഭരണസമിതിയുടെ കാലത്ത് സർക്കാർ ഉത്തരവിന് കാക്കാതെ പ്രദേശത്തിന്റെ ആവശ്യകത മനസ്സിലാക്കി വളരെ നേരത്തെ കുടിവെള്ള വിതരണം നടത്തിയിരുന്നു. നഗരത്തിലെ ഉയർന്ന പ്രദേശങ്ങളിൽ നിരവധി കുടുംബങ്ങളുണ്ട് ചിലയിടങ്ങളിൽ കിണർ കുഴിച്ചാൽ പോലും വെള്ളം ലഭിക്കാത്ത അവസ്ഥയുണ്ടെന്നും നേതാക്കൾ പറഞ്ഞു.
എൽ.ഡി.എഫ് പാർലമെന്ററി പാർട്ടി സെക്രട്ടറി വി.ആർ. ജോൺസൻ അധ്യക്ഷതവഹിച്ചു. കൗൺസിലർമാരായ ശോഭ കെ. മാത്യു, ജോജി ശാമുവേൽ, അജിൻ വർഗീസ്, അൻസിൽ അഹമ്മദ്, ഷൈനി അഷ്റഫ്, കൊച്ചുറാണി, ബിജിമോൾ മാത്യു, എം.എൻ. വിജയരാജൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

