പത്തനംതിട്ടയിൽ ടാങ്കർ ലോറികളിൽ കുടിവെള്ള വിതരണം തുടങ്ങി
text_fieldsപത്തനംതിട്ട: നഗരസഭ പരിധിയിൽ ടാങ്കർ ലോറികളിൽ കുടിവെള്ള വിതരണം തുടങ്ങി. നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളിലും ജലവിഭവ വകുപ്പിന്റെ കുടിവെള്ള വിതരണം നിലച്ചത് വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ഈ സാഹചര്യത്തിൽ ഉടൻതന്നെ ആരംഭിക്കാൻ ചെയർമാൻ സക്കീർ ഹുസൈൻ നിർദേശം നൽകുകയായിരുന്നു. തദ്ദേശസ്ഥാപനങ്ങൾക്ക് വെള്ളം വിതരണം ചെയ്യുന്നതിന് സർക്കാറിന്റെ അനുമതി ലഭിച്ചതിന് പിന്നാലെ ടെൻഡർ അടക്കമുള്ള പ്രവൃത്തികൾ വേഗത്തിലാക്കി നടപടി സ്വീകരിക്കുകയായിരുന്നു. നഗരസഭ ചെയർമാന്റെ മുൻകൂർ അനുമതിയിലാണ് ഇപ്പോൾ ജലവിതരണം. വ്യാഴാഴ്ച ചേരുന്ന കൗൺസിൽ യോഗത്തിൽ ഈ അനുമതി സാധൂകരിക്കും. കുടിവെള്ളം വിതരണം ചെയ്യാനുള്ള പദ്ധതിക്ക് ജില്ല ആസൂത്രണ സമിതിയിൽനിന്ന് നഗരസഭ അംഗീകാരം നേടിയിരുന്നു.

