വാതില്‍പടി സേവന പദ്ധതി; ആദ്യഘട്ടം പത്തനംതിട്ട നഗരസഭയിലും ആറന്മുള പഞ്ചായത്തിലും
text_fieldsപത്തനംതിട്ട: സര്‍ക്കാര്‍ സേവനങ്ങള്‍ യഥാസമയം കൃത്യമായി ലഭിക്കാതിരിക്കുന്ന ജനവിഭാഗങ്ങളുടെ അടുത്തേക്ക് കൂടുതല്‍ സുഗമവും കാര്യക്ഷമവും സമയബന്ധിതവുമായി എത്തിക്കുന്നതിനുള്ള വാതില്‍പടി സേവന പദ്ധതിയുടെ ആദ്യഘട്ടത്തിലേക്ക് ജില്ലയിൽ പത്തനംതിട്ട നഗരസഭയെയും ആറന്മുള പഞ്ചായത്തിനെയും െതരഞ്ഞെടുത്തു. ആദ്യഘട്ടത്തില്‍ കേരളത്തിലെ 50 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയാണ് െതരഞ്ഞെടുത്തിട്ടുള്ളത്. പദ്ധതിയിലൂടെ സര്‍ക്കാര്‍ സേവനങ്ങള്‍ക്കു പുറമെ ജീവന്‍രക്ഷാമരുന്നുകളും വീട്ടുപടിക്കല്‍ ലഭ്യമാക്കും. വയോജനങ്ങള്‍, വിവിധ രോഗങ്ങളാല്‍ അവശരായവര്, കിടപ്പുരോഗികള്‍, ഗുരുതര രോഗം കാരണം ചലനശേഷി പരിമിതപ്പെട്ടവര്‍, മാരകരോഗ ബാധിതര്‍, ഭിന്നശേഷിക്കാര്‍ തുടങ്ങിയ വിഭാഗത്തിലെ അതിദരിദ്രര്‍ക്കും ഒറ്റപ്പെട്ടവര്‍ക്കും സേവനങ്ങള്‍ വീട്ടിലെത്തിക്കുന്നതാണ് വാതില്‍പടി സേവന പദ്ധതി.
• പരിശീലനത്തിന് തുടക്കം
വാതില്‍പടി സേവന പദ്ധതി നടത്തിപ്പ് സംബന്ധിച്ച ഏകദിന പരിശീലനം ജില്ലയില്‍ ആരംഭിച്ചു. ആറന്മുള പഞ്ചായത്ത്, പത്തനംതിട്ട നഗരസഭ എന്നീ തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ക്ക് പരിശീലനം നല്കി. ഈ മാസം 15ന് മുമ്പായി ഉദ്യോഗസ്ഥര്‍ക്കും സന്നദ്ധ പ്രവര്‍ത്തകര്‍ക്കും പരിശീലനം നല്‍കും. കില നേതൃത്വത്തിലാണ് സംഘടിപ്പിച്ചിരിക്കുന്നത്. ഗ്രാമ, മുനിസിപ്പാലിറ്റിയിലെ ആശാ വര്‍ക്കര്‍മാര്‍, സന്നദ്ധ സേനാംഗങ്ങള്‍, ഭരണ നേതൃത്വം, കണ്‍വീനര്‍മാര്‍ എന്നിവര്‍ക്കാണ് പരിശീലനം.
• എന്തെല്ലാം സേവനങ്ങള്‍
പല ഘട്ടങ്ങളായാണ് പദ്ധതി തുടങ്ങുന്നത്. ആദ്യഘട്ടത്തില്‍ അഞ്ചു സേവനങ്ങളാണ് ലക്ഷ്യമിടുന്നത്. സാമൂഹിക സുരക്ഷ പെന്‍ഷനുമായി ബന്ധപ്പെട്ട മൂന്നു സേവനങ്ങള്‍ -സാമൂഹിക സുരക്ഷ പെന്ഷന്, മസ്റ്ററിങ്, ലൈഫ് സര്‍ട്ടിഫിക്കറ്റ്, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്നുള്ള സഹായത്തിനുള്ള അപേക്ഷ സമര്‍പ്പിക്കല്‍. ജീവന് രക്ഷാമരുന്നുകള്‍ വീടുകളില്‍ എത്തിക്കല്‍.
• പദ്ധതി ചുമതല
തദ്ദേശ സ്വയംഭരണ വകുപ്പ്, സാമൂഹിക നീതി വകുപ്പ്, ആരോഗ്യവകുപ്പ്, സാമൂഹിക സന്നദ്ധ സേന ഡയറക്ടറേറ്റ്, പഞ്ചായത്ത്, മുനിസിപ്പാലിറ്റി കമ്മിറ്റി, വാര്‍ഡ് കമ്മിറ്റി എന്നിവർ നേതൃത്വം നല്‍കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

