ഇടവിട്ട് പെയ്യുന്ന മഴ; താളം തെറ്റിച്ച് ജില്ല സ്റ്റേഡിയം നിർമാണം
text_fieldsപത്തനംതിട്ട ജില്ല സ്റ്റേഡിയത്തിൽ നിർമാണ ജോലികൾ പുരോഗമിക്കുന്നു
പത്തനംതിട്ട: ജില്ല സ്റ്റേഡിയത്തിന്റെ ട്രാക്ക് നിർമാണ ജോലികൾക്ക് തുടക്കമായെങ്കിലും കല്ലുകടിയായി മഴ. ഒമ്പത് ലെയിനുകളുള്ള സിന്തറ്റിക് ട്രാക്കാണ് നിർമിക്കുന്നത്. ഇത് കണക്കിലെടുത്ത് ട്രാക്ക് നിർമിക്കുന്ന ഭാഗത്ത് എ ഗ്രേഡ് മണ്ണാണ് ഉപയോഗിക്കുന്നത്. ഇതിനൊപ്പം ഫുട്ബാൾ മൈതാനമായി സജ്ജീകരിക്കുന്ന ഭാഗത്ത് മണ്ണ് നിറയ്ക്കുന്ന ജോലികളും പുരോഗമിക്കുകയാണ്.
മണ്ണ് നിരത്തിയശേഷംം റോളറുപയോഗിച്ച് ഒരേ അളവിൽ നികത്തുന്ന ജോലിയാണ് ഇപ്പോൾ നടക്കുന്നത്. എന്നാൽ, ഇടവിട്ട് പെയ്യുന്ന മഴ ജോലികൾക്ക് തടസ്സം സൃഷ്ടിക്കുന്നുണ്ട്. ഇതിനുശേഷം ചരൽ നിറയ്ക്കുന്ന ജോലികൾ നടക്കും. ചരൽ നിറച്ചശേഷമാകും സ്റ്റേഡിയത്തിലെ ഡ്രെയിനേജ് സംവിധാനമൊരുക്കുന്ന ജോലികളും ലൈറ്റ് സംവിധാനങ്ങളുടെ നിർമാണവും ആരംഭിക്കുക. തുടർന്ന് മണ്ണിട്ട് പുല്ല് പിടിപ്പിക്കും.
സ്റ്റേഡിയത്തിന്റെ ആവശ്യത്തിനായുള്ള കിണർ നിർമാണവും തുടങ്ങി. ഓപ്പൺ ജിമ്മിന് സമീപം മൂന്ന് മീറ്റർ വ്യാസത്തിൽ പത്തുമീറ്റർ വരെ ആഴത്തിലുള്ളതാണ് കിണർ. നീന്തൽക്കുളത്തിന്റെ പൈലിങ്ങും പൂർത്തിയായിട്ടുണ്ട്. 105 പൈലുകളാണ് ഇവിടെ പൂർത്തിയായത്. സമീപത്തെ ഇൻഡോർ സ്റ്റേഡിയത്തിന്റെ പൈലിങും പുരോഗമിക്കുകയാണ്.
ഇവിടെ 56 പൈലുകൾ പൂർത്തിയായി. നൂറോളം ജീവനക്കാരാണ് സ്റ്റേഡിയം നിർമാണത്തിലുള്ളത്. തോട് സംരക്ഷണഭിത്തി നിർമാണം ഉടനെ പൂർത്തിയാക്കാനാണ് കരാറുകാരായ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി ശ്രമിക്കുന്നത്. മഴയെ തുടർന്ന് മേയ് അവസാനവാരം നിർമാണ വേഗത കുറഞ്ഞിരുന്നു. കൂടുതൽ ജീവനക്കാരെയും യന്ത്രസാമഗ്രികളും എത്തിച്ച് നിർമാണം വേഗത്തിലാക്കാൻ ശ്രമിക്കുന്നതിനിടെയാണ് വീണ്ടും മഴയെത്തിയത്.
ഡിസംബറിനുള്ളിൽ സ്റ്റേഡിയം പൂർത്തിയാക്കാൻ ലക്ഷ്യമിട്ടാണ് നിർമാണം പുരോഗമിക്കുന്നത്. എന്നാൽ, മഴ തുടർന്നാണ് സമയപരിധി പാലിക്കാൻ കഴിയില്ലെന്നും കരാറുകാർ പറയുന്നു. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 47.93 കോടി രൂപ ചെലവിലാണ് ജില്ല സ്റ്റേഡിയം നവീകരിക്കുന്നത്. സിന്തറ്റിക് ട്രാക്ക്, സ്റ്റേഡിയത്തിനുള്ളിൽ തന്നെ ക്രിക്കറ്റ്, ഫുട്ബാൾ ഗ്രൗണ്ടുകൾ, മൂന്ന് നീന്തൽ കുളങ്ങൾ, ഫെൻസിങ്, റോളർ സ്കേറ്റിങ് പരിശീലന ഗ്രൗണ്ടുകൾ, സ്പോർട്സ് കൗൺസിൽ ഹോസ്റ്റൽ തുടങ്ങിയവയാണ് ലക്ഷ്യമിട്ടിട്ടുള്ളത്. രണ്ടാം ഘട്ടത്തിലാണ് ഹോസ്റ്റലിന്റെ നിര്മാണം.
നിലവിൽ സ്റ്റേഡിയത്തിലെ ട്രാക്കുണ്ടായിരുന്ന സ്ഥലത്ത് തന്നെയാണ് സിന്തറ്റിക്ക് ട്രാക്കുകൾ വരുന്നത്. കൂടാതെ സ്റ്റേഡിയത്തിനോട് ചേർന്നുള്ള ചതുപ്പ് ഭാഗത്താണ് ഇൻഡോർ സ്റ്റേഡിയവും നീന്തൽ കുളവും നിർമിക്കുക. ഇപ്പോഴുള്ള പവിലിയൻ ഉൾപ്പെടെയുള്ള കെട്ടിടങ്ങൾ നിലനിർത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

