താരങ്ങൾ ഓട്ടത്തോട് ഓട്ടം
text_fieldsപത്തനംതിട്ട: ജില്ലയിലെ കായിക താരങ്ങൾക്ക് ട്രാക്കിലൂടെ മാത്രം ഓടിയാൽ പോരാ ഒരുമീറ്റിൽനിന്ന് മറ്റൊരു മീറ്റിലേക്ക് മാരത്തൺ തന്നെ നടത്തേണ്ട ഗതികേടിലാണ്. ജില്ല-സംസ്ഥാന കായിക മേളകൾ അടുത്തടുത്ത് വന്നതോടെ കുട്ടികൾ വലഞ്ഞിരിക്കുകയാണ്. ജില്ല കായികമേള കഴിഞ്ഞു ഒരു ദിവസത്തെ വിശ്രമമാണ് സംസ്ഥാന കായികമേളക്കായി ലഭിക്കുന്നത്. തുടർച്ചയായി മത്സരങ്ങളിൽ പങ്കെടുക്കുമ്പോൾ വേണ്ട വിശ്രമം ലഭിക്കുന്നില്ല. 16നാണ് സംസ്ഥാന കായികമേളക്ക് തുടക്കമാകുന്നത്.
രജിസ്ട്രേഷനും മറ്റു കാര്യങ്ങൾക്കുമായി 16നുതന്നെ മേള നടക്കുന്ന തൃശൂർ കുന്നംകുളത്ത് എത്തണം. കുന്നംകുളം ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിലാണ് പ്രധാന ഇനങ്ങളിൽ മത്സരം നടക്കുന്നത്. ഉപജില്ല, ജില്ല, സംസ്ഥാനതല മത്സരങ്ങളിൽ തുടർച്ചയായി പങ്കെടുക്കുന്നത് മൂലം കുട്ടികളുടെ ആരോഗ്യത്തിൽ ആശങ്കയിലാണ് അധ്യാപകരും രക്ഷിതാക്കളും.

