ജില്ല സ്കൂൾ കലോൽസവത്തിന് ഇന്ന് തിരി തെളിയും
text_fieldsപത്തനംതിട്ട: തെരഞ്ഞെടുപ്പ് പ്രചാരണ ചൂടിനിടെ, കോഴഞ്ചേരി ഇനി കലയുടെ അങ്കത്തട്ടിൽ. റവന്യൂ ജില്ല സ്കൂൾ കലോൽസവത്തിന് ചൊവ്വാഴ്ച തിരി തെളിയും. കോഴഞ്ചേരി സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ പ്രധാന വേദിയാകുന്ന കലോത്സവത്തിൽ ജില്ലയിലെ 11 ഉപജില്ലകളിൽനിന്നായി 6500 ത്തോളം വിദ്യാർഥികൾ പങ്കെടുക്കും.
കോഴഞ്ചേരി സെന്റ് മേരിസ് ഹൈസ്കൂൾ , ഗവ. ഹൈസ്കൂൾ, എം.ഡി. എൽ.പി.എസ്, ജി.യു.പി.എസ് കോഴഞ്ചേരി ഈസ്റ്റ്, പഞ്ചായത്ത് ഹാൾ, തേവർവേലിൽ ഓഡിറ്റോറിയം, വ്യാപാരഭവൻ എന്നിവിടങ്ങളിലാണ് മറ്റു വേദികൾ. സംഘനൃത്തം, നാടകം, മൂകാഭിനയം, കോൽക്കളി മൽസരങ്ങൾ പ്രധാനവേദിയിലാണ്. പഴയകാല സിനിമഗാനങ്ങളെ അനുസ്മരിപ്പിച്ച് ശ്രാവണചന്ദ്രിക, ഇന്ദ്രവല്ലരി, സ്വർഗവാതിൽ പക്ഷി, മായാജാലക വാതിൽ, ആയിരം പാദസ്വരങ്ങൾ, ഓമനത്തിങ്കൾ പക്ഷി, ചന്ദനപല്ലക്കിൽ, കൈതപ്പൂവിശറി, കൃഷ്ണപക്ഷ കിളി, ചന്ദ്രകളഭം, മഞ്ജുഭാഷിണി, വെൺചന്ദ്രലേഖ എന്നിങ്ങനെയാണ് വേദികൾക്ക് പേര്.
ചൊവ്വാഴ്ച രാവിലെ 10ന് ഗാന്ധിഭവൻ ചെയർമാൻ ഡോ. പുനലൂർ സോമരാജൻ ഉദ്ഘാടനം ചെയ്യും. വിദ്യാഭ്യാസ ഉപ ഡയറക്ടർ ബി. ആർ. അനില അധ്യക്ഷത വഹിക്കും. കലാമൽസരങ്ങൾ കാർട്ടൂണിസ്റ്റ് എസ്. ജിതേഷ് ഉദ്ഘാടനം ചെയ്യും. ഹയർ സെക്കൻഡറി റീജനൽ ഡെപ്യൂട്ടി ഡയറക്ടർ കെ. സുധ മുഖ്യപ്രഭാഷണവും സുവനീർ പ്രകാശനം എ.ഡി.വി.എച്ച്.എസ്.ഇ ചെങ്ങന്നൂർ എസ്. സജിയും നിർവഹിക്കും.
കലോത്സവ ലോഗോ തയാറാക്കിയ വിദ്യാർത്ഥിക്ക് എസ്.എസ്.കെ. ജില്ല പ്രോജക്ട് കോഓർഡിനേറ്റർ റെനി ആന്‍റണി സമ്മാനം നൽകും. ഫാ. എബ്രഹാം തോമസ് അനുഗ്രഹ പ്രഭാഷണം നടത്തും. 28 ന് വൈകിട്ട് ആറിന് സമാപന സമ്മേളനം കലക്ടർ എസ്. പ്രേംക്യഷ്ണൻ ഉദ്ഘാടനം ചെയ്യും. പത്തനംതിട്ട ഡിവൈ.എസ്.പി. എസ്. ന്യൂമാൻ സമ്മാനം വിതരണം ചെയ്യും.
160 ഓളം ഇനങ്ങളിലാണ് മൽസരമെന്ന് സംഘാടകൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ആദ്യദിനം രചന മത്സരങ്ങൾക്കൊപ്പം സംഘനൃത്തം, തിരുവാതിര, മാർഗംകളി, നാടൻ പാട്ട്, ഉപകരണസംഗീതം തുങ്ങി 30ഓളം ഇനങ്ങളിൽ മത്സരം നടക്കും. അഡ്മിസ്ട്രേറ്റിവ് അസിസ്റ്റന്‍റ് വി.എഫ്. രാജേഷ്, ടി. എച്ച്. ഹാഷിം, വി.ജി. കിഷോർ, പി. ചാന്ദിനി എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

