വനിത ദിനത്തിൽ വിപുലമായ പരിപാടികളുമായി ജില്ല പൊലീസ്
text_fieldsപത്തനംതിട്ട/തിരുവല്ല: അന്തർദേശീയ വനിത ദിനമായ എട്ടിന് ജില്ല പൊലീസിന്റെ നേതൃത്വത്തിൽ വിപുലമായ പരിപാടികൾ സംഘടിപ്പിക്കുന്നു. തൊഴിലിടങ്ങളിൽനിന്ന് ഉൾപ്പെടെ രാത്രികാലങ്ങളിൽ ഒറ്റക്ക് സഞ്ചരിക്കേണ്ടിവരുന്ന സ്ത്രീകളുടെ സുരക്ഷിതത്വത്തിന് പ്രഥമ പരിഗണന നൽകി സർക്കാർ ആവിഷ്കരിച്ച് പൊലീസ് വകുപ്പ് നടപ്പാക്കുന്ന 'നിർഭയ നിശ' പരിപാടിയുടെ ജില്ലതല ഉദ്ഘാടനം ഇന്ന് വൈകീട്ട് ആറിന് തിരുവല്ല കെ.എസ്.ആർ.ടി.സിക്ക് സമീപമുള്ള ഓപൺ സ്റ്റേജിൽ ജില്ല പൊലീസ് മേധാവി ആർ. ആനന്ദ് നിർവഹിക്കും. തുടർന്ന് വിവിധ സാമൂഹിക മേഖലകളിലുള്ള വനിതകൾ ഒത്തുചേർന്ന് രാത്രി നടത്തം സംഘടിപ്പിക്കും.
'നിർഭയനിശ'പരിപാടിയുടെ ഭാഗമായി ജില്ല പൊലീസ് ആസ്ഥാനത്ത് 24 മണിക്കൂറും പ്രവർത്തിക്കുന്ന വനിത ഹെൽപ്പ് ലൈൻ കൺട്രോൾ റൂം ആരംഭിക്കും. വനിത ഉദ്യോഗസ്ഥർ ഇതിന് നേതൃത്വം നൽകും. 181 (വനിത ഹെൽപ്പ് ലൈൻ), 1515 (നിർഭയ), 112 (പൊലീസ് കൺട്രോൾ റൂം) എന്നീ ടോൾഫ്രീ നമ്പറുകൾ വഴി അടിയന്തര ഘട്ടങ്ങളിൽ വനിതകൾക്ക് സഹായം ആവശ്യപ്പെടാം.
രാത്രിയിൽ സഞ്ചരിക്കേണ്ടിവരുന്ന വനിതകളുടെ സുരക്ഷിതത്വബോധം വർധിപ്പിക്കുന്നതിനും രാത്രി സമയങ്ങളിൽ സഹായം ഉറപ്പുവരുത്തുന്നതിനും 'പിങ്ക് പൊലീസ് പട്രോൾ' സംവിധാനം രാത്രികാലങ്ങളിൽ ഉറപ്പാക്കും. ഇതിനെല്ലാം പുറമേ തിരുവല്ല, അടൂർ പോലെയുള്ള നഗരങ്ങളിൽ എമർജൻസി അലാം സ്വിച്ച്, സി.സി.ടി.വി സർവയലൻസ് കാമറ, സ്ഥിരം കുറ്റവാളികളെ തിരിച്ചറിയുന്നതിനായി എ.ഐ സപ്പോർട്ടഡ് ഫേസ് റെക്കഗ്നിഷൻ സിസ്റ്റം എന്നിവ ഉൾപ്പെടെയുള്ള 'എ.ഐ സ്മാർട്ട് പോൾ' സ്ഥാപിക്കും. ഇതുമൂലം അടിയന്തരഘട്ടങ്ങളിൽ വനിതകൾക്ക് അലാം പ്രവർത്തിപ്പിച്ച് മറ്റുള്ളവരുടെ ശ്രദ്ധ ആകർഷിക്കാനും സഹായം തേടാനും കഴിയും.
പൊലീസിന്റെ ' POL APP ' മൊബൈൽ ഫോണിൽ ഇൻസ്റ്റാൾ ചെയ്യുക വഴി സ്ത്രീകൾക്ക് രാത്രിയിൽ തനിച്ച് യാത്ര ചെയ്യേണ്ടി വരുമ്പോൾ തങ്ങൾ യാത്ര ചെയ്യുന്ന ഓട്ടോ /ടാക്സിയുടെ നമ്പർ, ലൊക്കേഷൻ എന്നിവ പൊലീസ് കൺട്രോൾ റൂമിലേക്ക് കൈമാറാൻ കഴിയും. മികച്ച ട്രാക്ക് റെക്കോർഡുള്ള ഓട്ടോറിക്ഷ ഡ്രൈവർമാർ, ടാക്സി ഡ്രൈവർമാർ എന്നിവരെ പദ്ധതിയുടെ ഭാഗമാക്കും. ഇത്തരത്തിൽ 'നിർഭയ നിശ' സ്ത്രീകളുടെ സുരക്ഷിതത്വബോധം ഉറപ്പാക്കുന്നതിനും നിർഭയമായും സുരക്ഷിതമായും യാത്ര ചെയ്യുന്നതിനുമുള്ള നടപടികളും കൂടുതൽ കാര്യക്ഷമമായി മുന്നോട്ടു കൊണ്ടുപോകുമെന്ന് ജില്ല പൊലീസ് മേധാവി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

