ജില്ല പഞ്ചായത്ത് വോട്ടുകണക്ക്; യു.ഡി.എഫ് വോട്ടുകൾക്ക് മുന്നിൽ
text_fieldsപത്തനംതിട്ട: തദ്ദേശ തെരഞ്ഞെടുപ്പിൽ രാഷ്ട്രീയ പോരാട്ടം നടന്ന ജില്ല പഞ്ചായത്തിലും വോട്ടുകണക്കിൽ യു.ഡി.എഫിന് മേധാവിത്വം. ജില്ല പഞ്ചായത്തിലെ 17 ഡിവിഷനിലുമായി ആകെ 2,65,406 വോട്ടുകളാണ് യു.ഡി.എഫ് നേടിയത്. എൽ.ഡി.എഫിന് 2,27,238 വോട്ടുകളാണ് ലഭിച്ചത്. 38,168 വോട്ടുകളാണ് യു.ഡി.എഫ് അധികമായി നേടിയത്. എൻ.ഡി.എ 1,22,504 വോട്ടുകളും നേടി.
ജില്ല പഞ്ചായത്തിന്റെ ഭാഗമല്ലാത്തതിനാൽ നഗരസഭകളിലെ വോട്ട് ഉൾപ്പെടാതെയുള്ള കണക്കാണിത്. ഈ വോട്ടുകൾകൂടി ഉൾപ്പെടുമ്പോൾ യു.ഡി.എഫ് ഭൂരിപക്ഷം വീണ്ടും വർധിക്കും. ജില്ലയിലെ നാല് നഗരസഭയിൽ മൂന്നിടത്ത് യു.ഡി.എഫാണ് മുന്നിലെത്തിയത്. പന്തളം നഗസഭയിൽ എൽ.ഡി.എഫാണ് ജയിച്ചത്.
ആറുമാസത്തിനുള്ളിൽ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, ജില്ല പഞ്ചായത്തിലെ വോട്ടുകളിൽ വലിയ മുന്നേറ്റം നടത്തിയത് യു.ഡി.എഫിന് ആത്മവിശ്വാസം നൽകുമ്പോൾ, എൽ.ഡി.എഫ് ക്യാമ്പിൽ ഇത് ആശങ്ക നിറക്കുകയാണ്.
നിലവിൽ ജില്ലയിലെ അഞ്ച് നിയോജക മണ്ഡലങ്ങളിലും എൽ.ഡി.എഫ് എം.എൽ.എമാരാണുള്ളത്. ഇവിടെയെല്ലാം തദ്ദേശ തെരഞ്ഞെടുപ്പിലെ കണക്കനുസരിച്ച് യു.ഡി.എഫാണ് മുന്നിലെത്തിയിരിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിലെ സീറ്റ് നിലയനുസരിച്ചും ജില്ലയിലെ കോന്നി, ആറന്മുള, അടൂർ, തിരുവല്ല, റാന്നി നിയമസഭ മണ്ഡലങ്ങളിലും യു.ഡി.എഫിനാണ് മേൽക്കൈ. പത്തനംതിട്ട നഗരസഭയും 12 ഗ്രാമപഞ്ചായത്തും ഉൾപ്പെടുന്ന ആറന്മുള നിയോജക മണ്ഡലത്തിൽ യു.ഡി.എഫ് 103 വാർഡുകൾ നേടിയപ്പോൾ എൽ.ഡി.എഫ് -57, എൻ.ഡി.എ -43 എന്നിങ്ങനെയാണ് മറ്റുള്ളവർക്ക് ലഭിച്ച സീറ്റുകൾ. അടൂർ, പന്തളം നഗരസഭകളും ഏഴ് പഞ്ചായത്തും ഉൾപ്പെടുന്ന അടൂർ നിയോജക മണ്ഡലത്തിൽ യു.ഡി.എഫ് 84 വാർഡിലും എൽ.ഡി.എഫ് 67 വാർഡിലും എൻ.ഡി.എ 35 വാർഡിലുമാണ് ജയിച്ചത്. തിരുവല്ല നഗരസഭയും 11 പഞ്ചായത്തും ഉൾപ്പെടുന്ന തിരുവല്ല നിയമസഭ മണ്ഡലത്തിൽ യു.ഡി.എഫ് -90, എൽ.ഡി.എഫ് -58, എൻ.ഡി.എ -36 എന്നിങ്ങനെയാണ് ഒരോമുന്നണികളും ജയിച്ച വാർഡുകളുടെ എണ്ണം.
12 പഞ്ചായത്തുകൾ ഉൾപ്പെടുന്ന റാന്നി നിയോജകമണ്ഡലത്തിൽ യു.ഡി.എഫ് -78, എൽ.ഡി.എഫ് -51, എൻ.ഡി.എ -30 എന്നിങ്ങനെയാണ് വിജയക്കണക്ക്. 11 പഞ്ചായത്തുകൾ അടങ്ങുന്ന കോന്നി നിയോജകമണ്ഡലത്തിൽ യു.ഡി.എഫ് 83 വാർഡ് സ്വന്തമാക്കി. എൽ.ഡി.എഫ് 64ഉം എൻ.ഡി.എ 21 സീറ്റുകളും നേടി.
ബി.ഡി.ജെ.എസിന് അതൃപ്തി
പത്തനംതിട്ട: തദ്ദേശ തെരഞ്ഞെടുപ്പിലെ ബി.ഡി.ജെ.എസിന്റെ കനത്ത തോൽവി ചർച്ചയാകുന്നതിടെ, പത്തനംതിട്ടയിലും പാർട്ടി അതൃപ്തിയിൽ. ജില്ലയിലും വോട്ടുവിഹിതത്തിൽ ബി.ഡി.ജെ.എസിന് ഏറെ പിന്നിലായി. ബി.ജെ.പി വോട്ടുകൾ ബി.ഡി.ജെ.എസ് സ്ഥാനാർഥികൾക്ക് ലഭിക്കാത്തതാണ് ഇതിന് കാരണമെന്നാണ് ആക്ഷേപം. ജില്ല പഞ്ചായത്ത് ഡിവിഷനുകളിൽ മത്സരിച്ച ബി.ജെ.പി സ്ഥാനാർഥികളെല്ലാം തരക്കേടില്ലാത്ത വോട്ടുവിഹിതം സ്വന്തമാക്കിയപ്പോൾ ബി.ഡി.ജെ.എസ് സ്ഥാനാർഥികൾ ഏറ്റുവാങ്ങിയത് ദയനീയ പരാജയം. ബി.ജെ.പി സ്ഥാനാർഥികളെല്ലാം 5000ത്തിൽ കൂടുതൽ വോട്ട് ലഭിച്ചപ്പോൾ ജില്ലയിലെ നാല് ജില്ല പഞ്ചായത്ത് ഡിവിഷനുകളിൽ മത്സരിച്ച ബി.ഡി.ജെ.എസിന് ഒരിടത്ത് മാത്രമാണ് 5000 കടക്കാനായത്. ആനിക്കാട് മത്സരിച്ച ബി.ഡി.ജെ.എസ് സ്ഥാനാർഥി ബി. സുനില്കുമാര് 6620 വോട്ട് നേടി. എന്നാൽ, അങ്ങാടിയിൽ 3818 വോട്ട് മാത്രമാണ് നേടാനായത്. മലയാലപ്പുഴയിൽ ലഭിച്ചതാകട്ടെ 4063 വോട്ട്. കോന്നിയിലും കുത്തനെ കുറഞ്ഞു. 3547 വോട്ടുകളാണ് ഇവിടെ ബി.ഡി.ജെ.എസ് സ്ഥാനാർഥിക്ക് ലഭിച്ചത്. എന്നാൽ, ബി.ജെ.പി സ്ഥാനാർഥികൾക്ക് ശരാശരി 7000 വോട്ടാണ് മറ്റ് ഡിവിഷനുകളിൽ ലഭിച്ചത്. ബി.ഡി.ജെ.എസ് സ്ഥാനാർഥികൾ മത്സരിച്ച ഡിവിഷനുകൾക്ക് കീഴിലുള്ള പല പഞ്ചായത്തുകളിലും ബി.ജെ.പി സ്ഥാനാർഥികൾ ലഭിച്ചിട്ടുണ്ട്. എന്നാൽ, അതിന് അനുസരിച്ചുള്ള വോട്ട് ജില്ല പഞ്ചായത്തിൽ ഉണ്ടായിട്ടില്ലെന്നാണ് ബി.ഡി.ജെ.എസ് ചൂണ്ടിക്കാട്ടുന്നത്. എന്നാൽ, ബി.ജെ.പി സ്ഥാനാർഥിക്ക് കൃത്യമായി വോട്ട് ലഭിച്ചിട്ടുണ്ടെന്നും ഇവർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

