‘വൃത്തി’ക്കു വൃത്തി നൽകാൻ തുണി സഞ്ചികളുമായി ജില്ല കുടുംബശ്രീ മിഷൻ
text_fields‘വൃത്തി’ ക്കു നൽകാൻ തയാറാക്കിയ തുണി സഞ്ചികൾ
പത്തനംതിട്ട: വൃത്തി കോൺക്ലേവ് നടക്കുന്നത് തിരുവനന്തപുരത്താണെങ്കിലും പരിപാടിക്ക് ആവശ്യമായ തുണി സഞ്ചികൾ നിർമ്മിക്കുന്നത് പന്തളത്തുള്ള കുടുംബശ്രീ സംരംഭകരാണ്.
ഏപ്രിൽ ഒമ്പതു മുതൽ 13 വരെ തിരുവനന്തപുരം കനകക്കുന്നിൽ നടക്കുന്ന വൃത്തി കോൺക്ലേവിലേക്ക് ആവശ്യമായ തുണിസഞ്ചികൾ തയ്ച്ച് അവ വിതരണം ചെയ്യാനുള്ള തിടുക്കത്തിലാണ് ജില്ല കുടുംബശ്രീ മിഷന്റെ നേതൃത്വത്തിൽ പന്തളത്ത് പ്രവർത്തിക്കുന്ന നേച്ചർ ബാഗ് യൂണിറ്റിലെ സംരംഭകർ.
ഏപ്രിൽ നാലിനാണ് തുണിസഞ്ചികൾ നിർമിക്കുന്നതിനുള്ള ഓർഡർ ശുചിത്വമിഷനിൽ നിന്ന് കുടുംബശ്രീ സംസ്ഥാന മിഷന് ലഭിക്കുന്നത്. തുടർന്ന് ജില്ല കുടുംബശ്രീ മിഷനെ ദൗത്യം ഏൽപ്പിക്കുകയായിരുന്നു.
ഒരു സഞ്ചിക്ക് 100 രൂപ നിരക്കിൽ 18000 സഞ്ചികളാണ് നിർമിക്കുന്നത്. യൂണിറ്റിലെ 30ലധികം കുടുംബശ്രീ സംരംഭകരാണ് സഞ്ചി നിർമാണത്തിൽ ഏർപ്പെട്ടിരിക്കുന്നത്. 10000 ത്തോളം തുണിസഞ്ചികൾ ഉദ്ഘാടനത്തിന് മുന്നോടിയായി കനകക്കുന്നിൽ എത്തിച്ചു. എറണാകുളത്തുനിന്നാണ് സഞ്ചി നിർമിക്കാൻ ആവശ്യമായ കോട്ടനും മറ്റും ലഭ്യമാക്കിയത്.
വൃത്തി കോൺക്ലേവിന് പുറമേ ശുചിത്വ മിഷൻ, മിഷൻ ഗ്രീൻ ശബരിമല, ഹോർട്ടി കോർപ്പ്, ഓണം ക്രിസ്മസ് വിപണന മേളകൾ എന്നിവയുടെ വിവിധ പരിപാടികൾക്ക് തുണി, ജൂട്ട് സഞ്ചികൾ വൻതോതിൽ നേച്ചർ ബാഗ് യൂണിറ്റ് തയ്ച്ച് ലഭ്യമാക്കിയിട്ടുണ്ട്.
2014 ലാണ് സംരംഭം ആരംഭിക്കുന്നത്. സ്കൂൾ ബാഗ്,ലേഡീസ് ബാഗ്, പേഴ്സുകൾ ലാപ്ടോപ്പ് ബാഗ്,ഫയൽ ഫോൾഡറുകൾ, ജൂട്ട് ബാഗുകൾ, തൊപ്പികൾ എന്നിവയും എല്ലാത്തരം വസ്ത്രങ്ങളും നേച്ചർ ബാഗിൽ തയ്ച്ച് കൊടുക്കുന്നുണ്ട്.
വലിയ ഓർഡർ ലഭിച്ചത് വഴി തങ്ങൾക്ക് അധിക വരുമാനം നേടാനായതിന്റെ സന്തോഷത്തിലാണ് നേച്ചർബാഗിലെ കുടുംബശ്രീ സംരംഭകർ. എല്ലാ പിന്തുണയും നിർദ്ദേശങ്ങളും നൽകാൻ കുടുംബശ്രീ ജില്ല മിഷൻ കോ ഓഡിനേറ്റർ എസ്. ആദിലയും അസിസ്റ്റന്റ് ജില്ല മിഷൻ കോ ഓഡിനേറ്റർ ബിന്ദുരേഖയും ഒപ്പം തന്നെയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

