ജില്ല കോടതി സമുച്ചയം; സ്ഥലം ഏറ്റെടുക്കൽ പൂർത്തിയായി
text_fieldsപത്തനംതിട്ട: ദീർഘനാളത്തെ കാത്തിരിപ്പിനൊടുവിൽ ജില്ല ആസ്ഥാനത്ത് കോടതി സമുച്ചയം നിർമിക്കാൻ സ്ഥലം ഏറ്റെടുക്കൽ പൂർത്തിയായി. മേലേ വെട്ടിപ്രത്ത് റിങ് റോഡരികിൽ ആറ് ഏക്കർ സ്ഥലമാണ് ഏറ്റെടുത്തത്. 20 കോടിയാണ് മാറ്റിവെച്ചത്. ഭൂമിയുടെ അവാർഡ് ഡോക്കുമെന്റേഷനും സബ്ഡിവിഷൻ സ്കെച്ചും എൽ.എ തഹസിൽദാർ വിജു കഴിഞ്ഞ ദിവസം ജില്ല ജഡ്ജി എൻ. ഹരികുമാറിനു കൈമാറി.
പത്തനംതിട്ടയിൽ സ്വന്തം സ്ഥലത്ത് സമുച്ചയം വേണമെന്ന ആവശ്യത്തിന് ഒന്നര പതിറ്റാണ്ടിന്റെ പഴക്കമുണ്ട്. 2009ലാണ് ഇതിനുള്ള ഫയൽ തുറന്നത്. പാമ്പൂരിപ്പാറയിലെ ജല അതോറിറ്റി ഓഫിസിനു സമീപമാണ് ആദ്യം സ്ഥലം കണ്ടത്. ടൗണിൽനിന്ന് ഒഴിഞ്ഞതും യാത്ര സൗകര്യം ഇല്ലാത്തതും കണക്കിലെടുത്ത് ഇവിടം ഒഴിവാക്കി.
മേലെവെട്ടിപ്പുറത്തെ ആറ് ഏക്കർ സ്ഥലം ഏറ്റെടുക്കുന്നതിന് 2012ൽ കൃഷി വകുപ്പിന്റെ അനുമതി കിട്ടി. സ്ഥലത്തിന്റെ ഉടമകളുമായി 2015 മുതൽ 2017വരെ വിലയെ സംബന്ധിച്ച് വിലപേശൽ നടന്നു. അന്നത്തെ ജില്ല ജഡ്ജി ഭൂമി നേരിട്ട് ഏറ്റെടുക്കാൻ ശിപാർശ ചെയ്തു. ഇതിനുള്ള സർക്കാർ നടപടിതുടങ്ങി. സ്ഥലം ഏറ്റെടുക്കുന്നതിന് ആവശ്യമായ 50 ലക്ഷം കണ്ടിൻജൻസി ചാർജ് ലഭിക്കാൻ സർക്കാറിനു സമർപ്പിച്ച അപേക്ഷയിൽ തീരുമാനമാകാതെ നീണ്ടു. ഇതിനിടെ മേലെ വെട്ടിപ്പുറത്തെ സ്ഥലം ഒഴിവാക്കി പുതിയ സ്ഥലം കണ്ടെത്താൻ ശ്രമം നടന്നു.
സർക്കാറിന്റെ ഔദ്യോഗിക എതിർപ്പ് ഇല്ലാതിരുന്നതിനാൽ ഈ ഭൂമി മതിയെന്ന തീരുമാനത്തിൽ ഒടുവിൽ എത്തി. 17 കോടിക്ക് സ്ഥലം ഏറ്റെടുക്കാനും അവിടെ 100 കോടിയുടെ കോടതി സമുച്ചയം പണിയുന്നതിനും വേണ്ട പ്ലാനും തയാറാക്കി. ജില്ല ജഡ്ജിയുടെ മേൽനോട്ടത്തിൽ ആവശ്യങ്ങൾ തയാറാക്കി മരാമത്ത് കെട്ടിട വിഭാഗത്തിനു സമർപ്പിച്ചു. തുടർന്ന് പ്ലാൻ തയാറായി സ്ഥലം ഏറ്റെടുക്കുന്നതിനുള്ള കണ്ടിൻജൻസി ചാർജ് അനുവദിക്കാനുള്ള അപേക്ഷയിൽ പിന്നെയും തീരുമാനം നീണ്ടു.
തുടർന്ന് ബാർ അസോസിയേഷൻ ഹൈകോടതിയെ സമീപിച്ചു. കൂടുതൽ വില ആവശ്യപ്പെട്ട് വസ്തു ഉടമകൾ നൽകിയതും ബാർ അസോസിയേഷന്റെയും ഹരജികൾ ഒരുമിച്ച് കോടതി പരിഗണിച്ചു. വസ്തുവിന് 27 കോടി നൽകേണ്ടതില്ലന്നും സെന്റിന് 12,500 രൂപ വില നൽകിയാൽ മതിയെന്നും കോടതി നിർദേശിച്ചു.
ജില്ലയുടെ ചുമതലയുള്ള ഹൈകോടതിയിലെ ജസ്റ്റിസ് പി. ഗോപിനാഥ് കോടതി സമുച്ചയത്തിനുള്ള സ്ഥലവും മിനി സിവിൽ സ്റ്റേഷനിലെ സ്ഥല പരിമിതികളും പരിശോധിച്ച് മനസ്സിലാക്കി സ്ഥലം ഏറ്റെടുക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെട്ട് കോടതി സ്വമേധയ കേസ് എടുത്തു. തുടർന്ന് സ്ഥലം ഏറ്റെടുക്കാർ 20 കോടി അനുവദിച്ചു.
നഷ്ടപരിഹാരം അവരുടെ ബാങ്ക് അക്കൗണ്ടിലും എത്തി. റവന്യൂ വകുപ്പിൽനിന്ന് സ്ഥലം ഏറ്റെടുത്തതിന്റെ മഹസർ രേഖകൾ ജില്ല കോടതി ഓഫിസിന് കൈമാറി സ്ഥലത്തിന്റെ അവാർഡ് രേഖകളും സബ് ഡിവിഷൻ സ്കെച്ചും സ്ഥ ലമെടുപ്പ് തഹസിൽദാർ ഔദ്യോഗികമായി പ്രിൻസിപ്പൽ ജില്ല സെഷൻസ് ജഡ്ജിക്ക് കൈമാറി. ചടങ്ങിൽ ജില്ല ബാർ അസോസിയേഷൻ പ്രസിഡന്റ് സാം കോശി, സെക്രട്ടറി ടി.എച്ച്. സിറാജുദീൻ, ട്രഷറർ ജോമോൻ കോശി എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

