ഐ.പി.സിയിൽ അധികാരത്തർക്കം: ഭാരവാഹി തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുമെന്ന് ഒരുവിഭാഗം
text_fieldsപത്തനംതിട്ട: കുമ്പനാട് ആസ്ഥാനമായ ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ (ഐ.പി.സി) ജനറല്‍ കൗണ്‍സില്‍ ഭാരവാഹികളുടെ ബുധനാഴ്ച നടക്കുന്ന തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുമെന്ന് ഒരു വിഭാഗം സഭാവിശ്വാസികള്‍. നിലവിലെ പ്രസിഡന്റ് വല്സന് എബ്രഹാം തെരഞ്ഞെടുപ്പ് അട്ടിമറിക്കുന്നുവെന്ന് ആരോപിച്ചാണ് ജോയന്റ് സെക്രട്ടറിയായി മത്സരരംഗത്തുണ്ടായിരുന്ന ജി. കുഞ്ഞച്ചന് വാളകത്തിന്റെ നേതൃത്വത്തില്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. ആവശ്യമായ യോഗ്യതകളോടെ നല്കിയ നാമനിര്‍ദേശ പത്രികകള്‍ തള്ളിയതായി ഇവർ ആരോപിക്കുന്നു. സഭയുടെ ഭൂരിഭാഗത്തിന്റെ പിന്തുണ തങ്ങള്‍ക്കുണ്ടെന്ന് മുന്‍ ജനറല്‍ ട്രഷറര്‍ സജി പോള്‍, സ്റ്റേറ്റ് മുന്‍ ജോയന്റ് സെക്രട്ടറി ജി. കുഞ്ഞച്ചന് വാളകം എന്നിവര്‍ പത്തനംതിട്ട പ്രസ് ക്ലബിൽ വാർത്തസമ്മേളനത്തിൽ അവകാശപ്പെട്ടു.
പാസ്റ്റര്‍ വല്സന് എബ്രഹാം (ജനറല്‍ പ്രസി), പാസ്റ്റര്‍ ഫിലിപ് പി.തോമസ് (ജനറല്‍ വൈസ് പ്രസി), പാസ്റ്റര്‍ ബേബി വര്‍ഗീസ് (ജനറല്‍ സെക്ര), ബ്രദര്‍ ജോണ്‍ ജോസഫ് (ട്രഷ) എന്നിവര്‍ക്കെതിരെ മത്സരിച്ച നിലവിലെ ജനറല്‍ സെക്രട്ടറി പാസ്റ്റര്‍ സാം ജോര്‍ജ്, മുന്‍ ജനറല്‍ പ്രസിഡന്റ് പാസ്റ്റര്‍ ജേക്കബ് ജോണ്‍, മുന്‍ ജനറല്‍ ട്രഷറര്‍ സജി പോള്‍, മറ്റ് സംസ്ഥാന ഘടകങ്ങളുടെയും റീജനുകളുടെയും പ്രസിഡന്റുമാര്‍ എന്നിവരുടെ പത്രികകളാണ് തള്ളിയത്. ഹൈകോടതിയുടെ അനുമതിയോടെ സഭാ ആസ്ഥാനമായ കുമ്പനാട് ഹെബ്രോണ്‍ പുരത്ത് വൻ പൊലീസ് സുരക്ഷയിൽ ഇന്ന് രാവിലെ 10ന് വോട്ടെടുപ്പ് തുടങ്ങും. പാസ്റ്റര്‍ വല്സന് എബ്രഹാമും സംഘവും ചേര്‍ന്ന് തെരഞ്ഞെടുപ്പ് അട്ടിമറിച്ചുവെന്ന് ആരോപിച്ച് ആക്ഷന്‍ കൗണ്‍സില്‍ രൂപവത്കരിച്ചാണ് സമരം. തെരഞ്ഞെടുപ്പുഫലം പ്രഖ്യാപനം തടയണമെന്നാവശ്യപ്പെട്ട് ഹൈകോടതിയിലും ജില്ല കോടതിയിലും ആക്ഷന്‍ കൗണ്‍സില്‍ ഹരജി കൊടുത്തിട്ടുണ്ട്. അതേസമയം തെരഞ്ഞെടുപ്പ് നടത്തുന്നത് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് പാസ്റ്റര്‍ വല്സന് എബ്രഹാമും കൂട്ടരും നൽകിയ അപേക്ഷ ഹൈകോടതി അംഗീകരിച്ചു. തെരഞ്ഞെടുപ്പ് കമീഷന്റെ ക്രമരഹിതമായ നടപടികളില്‍ പ്രതിഷേധിച്ച് ജോയന്റ് സെക്രട്ടറി സ്ഥാനത്തേക്കുള്ള മത്സരത്തില്‍നിന്ന് താന്‍ പിന്മാറുകയാണെന്ന് ജി. കുഞ്ഞച്ചന് വാളകം പറഞ്ഞു.
‘പണമിടപാട് ചോദ്യംചെയ്തിരുന്നു’
ഇന്ത്യ പെന്തക്കോസ്ത് ദൈവസഭയുടെ എഫ്.സി.ആര് നഷ്ടപ്പെടുത്തി സ്വകാര്യ ട്രസ്റ്റുകള്‍ വഴി ഫണ്ട് സ്വീകരിക്കുന്നതും രണ്ടര കോടിയിലധികം രൂപ വഴിവിട്ട് സ്വീകരിച്ചതുമെല്ലാം കഴിഞ്ഞദിവസം നടന്ന പൊതുയോഗത്തില്‍ ചോദ്യം ചെയ്തിരുന്നു.
അതിന് ശേഷമാണ് പത്രികകള്‍ തള്ളിയതെന്ന് സജി പോളും കുഞ്ഞച്ചന് വാളകവും പറഞ്ഞു. സഭയുടെ ഭരണഘടന ഭേദഗതി സംബന്ധിച്ച് എട്ടുമാസത്തിലേറെയായി തര്‍ക്കം നിലനില്‍ക്കുകയാണ്.
കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ ഒന്നിന് ഭരണഘടന ഭേദഗതി ചെയ്യാന്‍ കുമ്പനാട്ട് സഭയുടെ പൊതുയോഗം നടന്നിരുന്നു. എന്നാല്‍, അതില്‍ പാസാക്കാത്ത നിര്‍ദേശങ്ങള്‍ ചേര്‍ത്ത് സൊസൈറ്റി ആക്ട് പ്രകാരം സഭ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ആന്ധ്രപ്രദേശിലെ ഏലൂര്‍ രജിസ്ട്രാര്‍ ഓഫിസില്‍ ഹാജരാക്കിയെങ്കിലും രജിസ്ട്രേഷന് നടന്നില്ല.
അതിനെ എതിര്‍ത്ത് തിരുവല്ല മുന്‍സിഫ് കോടതിയുടെ ഉത്തരവ് ഹാജരാക്കിയതായിരുന്നു കാരണം. ഏലൂര്‍ രജിസ്ട്രാറെ ബോധ്യപ്പെടുത്താന്‍ കഴിയാത്തതിനാല്‍ സഭയുടെ ഭരണഘടന രജിസ്റ്റര്‍ ചെയ്യാന്‍ കഴിഞ്ഞിട്ടില്ല.
‘യോഗ്യത അടിസ്ഥാനമായപ്പോൾ ചിലർ തള്ളിപ്പോയി’
ഐ.പി.സിയുടെ 2022 സെപ്റ്റംബറിലെ പുതുക്കി ഭരണഘടനപ്രകാരമാണ് തെരഞ്ഞെടുപ്പ് നടക്കുന്നതെന്നും ഇതനുസരിച്ച് യോഗ്യതയാണ് സ്ഥാനാർഥികൾക്ക് പരിഗണിച്ചതെന്നും ഹെബ്രോണ്പുരത്തെ ബൈബിൾ കോളജിന്റെ ചുമതലയുള്ള സാജു ജോസഫ് ‘മാധ്യമ’ത്തോട് പ്രതികരിച്ചു. പുതുക്കിയ ഭരണഘടന അനുസരിച്ചുള്ള ആദ്യ തെരഞ്ഞെടുപ്പാണിത്. സ്ഥാനാർഥികളെ സംബന്ധിച്ച് സഭാ വിശ്വാസികളായ ആർക്കും പരാതിനൽകാനുള്ള അവസരമുണ്ടായിരുന്നു.
ഇങ്ങനെ ചിലർക്കെതിരെ പരാതികൾ വന്നിരുന്നു. അത്തരം കാര്യങ്ങൾ മൂന്നംഗ തെരഞ്ഞെടുപ്പ് കമീഷൻ പരിഗണിച്ചു. ആരോപണവിധേയർക്ക് തങ്ങളുടെ നിരപരാധിത്വം തെളിയിക്കാനുള്ള അവസരംനൽകി. ഇരുഭാഗവും കൃത്യമായി കേട്ടതിനൊപ്പം യോഗ്യതയുംകൂടി പരിഗണിച്ചാണ് സ്ഥാനാർഥികൾ നാമനിർദേശ പത്രികകൾ അംഗീകരിച്ചതെന്നും സാജു ജോസഫ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

