ഡീസൽ ക്ഷാമം: മൂന്നാംദിനവും ഓട്ടം കുറച്ച് കെ.എസ്.ആർ.ടി.സി
text_fieldsപത്തനംതിട്ട: ഡീസൽ പ്രതിസന്ധിയെ തുടർന്ന് പത്തനംതിട്ട ഡിപ്പോയിൽ ഞായറാഴ്ച 12 സർവിസുകൾ റദ്ദാക്കി. മുണ്ടക്കയം, കൊല്ലം, പുനലൂർ, ഗവി, കോട്ടയം മെഡിക്കൽ കോളജ്, വയ്യാറ്റുപുഴ, കോന്നി മെഡിക്കൽ കോളജ് സർവിസുകളാണ് റദ്ദാക്കിയത്. സ്വിഫ്റ്റ്, ദീർഘദൂര സർവിസുകൾക്കുവേണ്ടി ചെറിയ കരുതൽ മാത്രമാണുള്ളത്. മൂന്നുദിവസമായി ഡീസൽ എത്തിയിട്ട്.
പത്തനംതിട്ടയിൽ കെ.എസ്.ആർ.ടി.സിക്ക് സ്വന്തം പമ്പുണ്ട്. ദിവസം 4500-5000 ലിറ്റർ ഡീസലാണ് ഡിപ്പോയിൽ വേണ്ടിവരുന്നത്. പുറത്തെ സ്വകാര്യ പെട്രേൾ പമ്പിൽനിന്ന് ഡീസൽ അടിക്കാൻ നിർദേശം ലഭിച്ചിട്ടുണ്ടെന്ന് ഡിപ്പോ അധികൃതർ പറഞ്ഞു. പത്തനംതിട്ട ഡിപ്പോയിൽ ദിവസവും മൊത്തം 68 ഷെഡ്യൂളുകളാണുള്ളത്. ഇതിൽ 49 ബസുകൾ മാത്രമാണ് സ്ഥിരം ഓടുന്നത്. ഞായറാഴ്ച യാത്രക്കാർ കുറവായിരുന്നു. എന്നാൽ, ദീർഘദൂര സർവിസുകൾ നിറയെ യാത്രക്കാരുമായാണ് ഓടിയത്.
തിരുവല്ലയിൽ സ്റ്റോക്ക് തീർന്നു
തിരുവല്ല: തിരുവല്ല ഡിപ്പോയിൽ ഡീസൽ സ്റ്റോക്ക് തീർന്നു. 12,000 ലിറ്ററിന്‍റെ രണ്ട് ടാങ്കുകളാണ് ഡിപ്പോയിലെ പമ്പിലുള്ളത്. ഞായറാഴ്ച 2000 ലിറ്റർ ഡീസൽ ലഭിച്ചതായി ഡിപ്പോ അധികൃതർ പറഞ്ഞു. കെ സ്വിഫ്റ്റ് അടക്കം 47 സർവിസുകളാണ് ഡിപ്പോയിൽനിന്ന് പ്രതിദിനം നടത്തുന്നത്. ഞായറാഴ്ച ലഭിച്ച ഡീസൽ വൈകീട്ടോടെ തീർന്നിട്ടുണ്ട്. തിങ്കൾ പുലർച്ചക്ക് മുമ്പ് ഡീസൽ ലഭ്യമായില്ലെങ്കിൽ സ്വകാര്യ പമ്പുകളെ ആശ്രയിക്കേണ്ട അവസ്ഥയാണുള്ളതെന്ന് ഡിപ്പോ അധികൃതർ പറഞ്ഞു.
റാന്നിയിൽ ഓടിയത് മൂന്ന് ഫാസ്റ്റും ഒരു സൂപ്പർ ഫാസ്റ്റും
റാന്നി: റാന്നിയിലെ കെ.എസ്.ആർ.ടി.സി ഓപറേറ്റിങ് സെന്‍ററിൽ ആകെ 13 സർവിസുകളാണുള്ളത്. ഞായറാഴ്ച മൂന്ന് ഫാസ്റ്റും ഒരു സൂപ്പർ ഫാസ്റ്റും മാത്രമാണ് സർവിസ് നടത്തിയത്. ഒരു അമൃതയും ബാക്കി തിരുവനന്തപുരവും സർവിസ് നടത്തി. ഓർഡിനറി സർവിസ് ഒന്നും നടത്തിയില്ല. ഓടിയ ബസുകളുടെ കലക്ഷനിൽനിന്ന് എടുത്ത് പുറത്തെ പമ്പിൽനിന്ന് ഡീസൽ അടിച്ചാണ് സർവിസ് നടത്തിയത്. ഞായറാഴ്ച ദിവസങ്ങളിൽ സ്വകാര്യ ബസുകൾ ഭൂരിപക്ഷവും ഓട്ടം നിർത്തുന്നതിനാൽ റാന്നി മേഖലയിൽ യാത്രക്കാർ വലഞ്ഞു.
അടൂരിൽനിന്ന് 13 സർവിസുകൾ മാത്രം
അടൂർ: കെ.എസ്.ആർ.ടി.സി അടൂർ ഡിപ്പോയിൽനിന്ന് ഞായറാഴ്ച 13 സർവിസുകളെ അയച്ചുള്ളൂ. ദിനവും അയക്കുന്ന സർവിസുകളുടെ എണ്ണത്തിന്‍റെ 25 ശതമാനം ഞായറാഴ്ച ഓടിച്ചാൽ മതി എന്ന ചീഫ് ഓഫിസിൽനിന്നുള്ള നിർദേശാനുസരണമാണ് 40 സർവിസുകളിൽ 13 എണ്ണം അയച്ചതെന്ന് ഡിപ്പോ അധികൃതർ പറഞ്ഞു. സ്റ്റോക്കുള്ള ഡീസൽ ഉപയോഗിച്ച് വരുമാനം കൂടുതൽ ലഭിക്കുന്ന റൂട്ടുകളിലാണ് സർവിസ് നടത്തിയത്.
കോഴിക്കോട്, ഉദയഗിരി, പെരിക്കല്ലൂർ ദീർഘദൂര സർവിസുകൾ ഓടി. കൊല്ലം, പത്തനംതിട്ട, കായംകുളം, പത്തനാപുരം, ആയൂർ റൂട്ടുകളിലാണ് ഓർഡിനറി സർവിസ് നടത്തിയത്.എല്ലാ സർവിസും മുടക്കംകൂടാതെ നടത്തണമെങ്കിൽ 4000 ലിറ്ററിലേറെ ഡീസൽ വേണം.
അടൂർ ഡിപ്പോയിലെ പമ്പിൽനിന്ന് കൂടാതെ ദീർഘദൂര സർവിസുകൾക്ക് മറ്റു ഡിപ്പോകളിൽനിന്ന് ഡീസൽ അടിക്കാറുണ്ട്. കിലോമീറ്ററിന് കുറഞ്ഞത് 35 രൂപ വരുമാനം ലഭിക്കുന്ന സർവിസുകൾക്ക് സ്വകാര്യ പമ്പുകളിൽനിന്ന് ഡീസൽ അടിക്കാൻ അനുവാദം നൽകിയിട്ടുണ്ട്.
പന്തളത്തും ജനം വലഞ്ഞു
പന്തളം: കെ.എസ്.ആർ.ടി.സി സർവിസുകൾ പന്തളത്ത് ഞായറാഴ്ച കൂട്ടത്തോടെ മുടങ്ങി. ഗ്രാമീണ മേഖലയിൽ ഗതാഗതപ്രശ്നം രൂക്ഷമായി. കിഴക്കൻ മേഖലയിൽ സർവിസുകൾ മുടങ്ങിയത് അനേകായിരങ്ങളെ വലച്ചു. പുറത്തുനിന്നുള്ള പമ്പുകളിൽനിന്ന് ഇന്ധനം നിറക്കാൻ അനുമതിവന്ന ശേഷമാണ്. ഓർഡിനറി സർവിസുകൾ കാര്യമായി ഉണ്ടായില്ല. എന്നാൽ, ദീർഘദൂര സർവിസുകൾ മുടക്കംകൂടാതെ നടന്നു.
മല്ലപ്പള്ളിയിൽ സർവിസ് നാമമാത്രം
മല്ലപ്പള്ളി: കടുത്ത ഡീസൽക്ഷാമം മൂലം കെ.എസ്.ആർ.ടി.സി മല്ലപ്പള്ളി സബ് ഡിപ്പോയിൽ ഞായറാഴ്ച നടത്തിയത് നാമമാത്ര സർവിസ്. 26 ഷെഡ്യൂൾ ഉണ്ടായിരുന്ന ഡിപ്പോയിൽ ഞായറാഴ്ച സർവിസ് നടത്തിയത് മൂന്ന് ബസുകൾ മാത്രമാണ്.രണ്ട് ഫാസ്റ്റ് ദീർഘദൂര സർവിസുകളും ഒരു ഓർഡിനറിയും. തിരുവല്ല-മല്ലപ്പള്ളി-ചുങ്കപ്പാറ, കോട്ടയം-കോഴഞ്ചേരി സർവിസുകളും പൂർണമായും ഒഴിവാക്കി.
ഡിപ്പോയിൽ പമ്പ് ഇല്ലാത്തതിനാൽ തിരുവല്ല, കോട്ടയം എന്നിവിടങ്ങളിൽനിന്നാണ് ബസുകളിൽ ഡീസൽ നിറക്കുന്നത്. സ്വകാര്യ പമ്പിൽനിന്ന് ഡീസൽ അടിച്ചാണ് ഞായറാഴ്ച ഒരു ബസ് സർവിസിന് അയച്ചത്.മൂന്ന് ബസുകളിലെ കലക്ഷൻ ലഭിച്ചത് എടുത്ത് സ്വകാര്യ പമ്പിൽനിന്ന് ഡീസൽ അടിച്ചാൽ മാത്രമേ വരും ദിവസങ്ങളിൽ കൂടുതൽ സർവിസുകൾ നടത്താനാകൂ എന്ന അവസ്ഥയാണിവിടെ.
കലക്ഷൻ കുറവായാൽ സർവിസുകൾ പൂർണമായും മുടങ്ങുന്ന സ്ഥിതിയാണ് നിലവിൽ.തിരുവല്ല, കോട്ടയം ഡിപ്പോകളിൽനിന്ന് ആവശ്യത്തിന് ഡീസൽ ലഭിച്ചില്ലെങ്കിൽ തിങ്കളാഴ്ച ഉച്ചയോടെ സർവിസ് പൂർണമായും നിലക്കുമെന്നാണ് അറിയുന്നത്. ഡീസൽക്ഷാമം രൂക്ഷമായി തുടർന്നാൽ വരും ദിവസങ്ങളിൽ മല്ലപ്പള്ളി ഡിപ്പോയുടെ പ്രവർത്തനം അവതാളത്തിലാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

