എം.സി റോഡിലെ അപകട പരമ്പരക്ക് പരിഹാരം കാണണം
text_fieldsപത്തനംതിട്ട: ഏനാത്ത് മുതൽ പന്തളം വലിയകോയിക്കൽ ക്ഷേത്രം വരെയുള്ള എം.സി. റോഡിൽ കഴിഞ്ഞ അഞ്ചു മാസമായി തുടരുന്ന റോഡ് അപകടങ്ങളിലും നിരവധി ജീവനുകൾ പൊലിയുന്ന ദാരുണ സാഹചര്യത്തിലും അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് നിയമസഭയിൽ സബ്മിഷൻ അവതരിപ്പിച്ച് സി.വി. ശാന്തകുമാർ എം.എൽ.എ. അമിതവേഗം, റോഡുകളുടെ നിലവാരമില്ലായ്മ, സിഗ്നൽ അപര്യാപ്തത, ലഹരി ഉപയോഗം, ഉപറോഡുകളിൽ നിന്നുള്ള വാഹനങ്ങളുടെ കയറ്റം, കെ.എസ്.ആർ.ടി.സിയുടെ അലക്ഷ്യമായ ഡ്രൈവിംഗ് എന്നിവയൊക്കെ അപകടങ്ങൾക്ക് കാരണമാകുന്നുണ്ടെന്ന് എം.എൽ.എ ചൂണ്ടിക്കാട്ടി. കഴിഞ്ഞയാഴ്ച സ്കൂളിലേക്ക് പോവുകയായിരുന്ന ഏഴു വയസ്സുകാരൻ മരിച്ചതടക്കം നിരവധി പേരുടെ ജീവനാണ്അപകടങ്ങളിൽ പൊലിഞ്ഞത്.
വരാനിരിക്കുന്ന ശബരിമല മണ്ഡലകാല മഹോത്സവത്തോടനുബന്ധിച്ച് ഈ ഭാഗങ്ങളിൽ അപകടങ്ങൾ വർധിക്കാൻ സാധ്യതയുള്ളതിനാൽ വകുപ്പുകളുടെ ഏകോപനത്തോടെയുള്ള സത്വര നടപടികൾ അനിവാര്യമാണ്. കേരളത്തിലെ റോഡപകടങ്ങൾ കുറക്കാൻ ഒരു സമഗ്ര പഠനവും കർശന നടപടികളും ഉണ്ടാകണമെന്നും എം.എൽ.എ ആവശ്യപ്പെട്ടു.
എം.എൽ.എ ഉന്നയിച്ച ആശങ്കകൾ ഗൗരവമായി കാണുന്നുവെന്ന് മന്ത്രി സി.പി ജോൺ മറുപടി നൽകി. ഏനാത്ത്, കുളനട, പന്തളം തുടങ്ങിയ ഭാഗങ്ങളിലെ അപകടസാധ്യതകൾ പഠിച്ച് പോലീസ്, മോട്ടോർ വാഹന വകുപ്പ്, പൊതുമരാമത്ത്, നാറ്റ്പാക്ക് എന്നിവയുടെ സംയുക്ത പരിശോധന നടത്തിവരുന്നുണ്ട്. കൂടാതെ മുഖ്യമന്ത്രി ചെയർമാനായി ‘റോഡ് സുരക്ഷാ ദൗത്യം’ഉടൻ നിലവിൽ വരും. മദ്യപിച്ചും മയക്കുമരുന്നുകൾ ഉപയോഗിച്ചും വാഹനമോടിച്ച് അപകട മരണങ്ങൾ ഉണ്ടാക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുന്നതിനായി പ്രത്യേക നിയമം കൊണ്ടുവരുന്ന കാര്യം നിയമവിദഗ്ധരുമായി ആലോചിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

