ചെമ്മണ്ണാറിൽ മധ്യവയസ്കന്‍റെ മരണം: ഓട്ടോ ഡ്രൈവർ അറസ്റ്റിൽ
text_fieldsനെടുങ്കണ്ടം: ചെമ്മണ്ണാറിൽ സേനാപതി വട്ടപ്പാറ വിരിയപ്പള്ളിൽ ജോസഫ് ചാക്കോ (59) കൊല്ലപ്പെട്ട സംഭവത്തിൽ കൊന്നക്കാപ്പറമ്പിൽ രാജേന്ദ്രനെ ഉടുമ്പൻചോല പൊലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് സംഭവസ്ഥലത്തും ജോസഫ് മരിച്ചു കിടന്നിടത്തും എത്തിച്ച് തെളിവെടുപ്പ് നടത്തി. കഴുത്തിനേറ്റ ആഘാതമാണ് മരണകാരണമെന്ന് പൊലീസ് പറഞ്ഞു.
ചൊവ്വാഴ്ച പുലർച്ച നാലോടെ ഓട്ടോ ഡ്രൈവറായ കൊന്നക്കാപ്പറമ്പിൽ രാജേന്ദ്രന്‍റെ വീട്ടിൽ ജോസഫ് കതക് തകർത്ത് കയറി അലമാര തുറക്കാൻ ശ്രമിക്കുന്നതിനിടെ ശബ്ദംകേട്ട് രാജേന്ദ്രൻ ഉണർന്നതോടെ ജോസഫ് പുറത്തേക്ക് ഓടി രക്ഷപ്പെടാൻ ശ്രമിച്ചു.
പിന്തുടർന്ന് എത്തിയ ഇരുവരും തമ്മിൽ മൽപ്പിടിത്തമുണ്ടായി. മൽപ്പിടിത്തത്തിന് ശേഷം ജോസഫ് ഓടി രക്ഷപ്പെട്ടു. വിവരമറിഞ്ഞെത്തിയ നാട്ടുകാർ മോഷ്ടാവിനായി പ്രദേശത്ത് തിരച്ചിൽ നടത്തി. ഇതിനിടെ രാജേന്ദ്രന്‍റെ വീടിന് നൂറ് മീറ്റർ അകലെ മറ്റൊരു വീടിന്‍റെ മുറ്റത്താണ് ജോസഫിനെ മരിച്ചനിലയിൽ കണ്ടെത്തിയത്.
സ്ഥലത്ത് മൽപ്പിടിത്തം നടന്നതിന്‍റെ സൂചനകൾ പൊലീസിന് ലഭിച്ചിരുന്നു. പിടികൂടുന്നതിനിടെ രാജേന്ദ്രൻ ജോസഫിന്‍റെ കഴുത്തിന് കുത്തിപ്പിടിച്ചതാണ് മരണകാരണമായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

