പാടിമണ്ണിൽനിന്ന് കശ്മീരിലേക്ക് സൈക്കിൾ യാത്ര
text_fieldsമല്ലപ്പള്ളി: പാടിമണ്ണിൽനിന്ന് ഇന്ത്യയുടെ അതിർത്തിയിലെ മഞ്ഞുമൂടിയ സംസ്ഥാനമായ കാശ്മീരിന്‍റെ മണ്ണിലേക്ക് സൈക്കിളിൽ യാത്രക്ക് ഒരുങ്ങി മല്ലപ്പള്ളിക്കാരൻ യുവാവ്. പാടിമൺ പാറേമണിക്കുഴിയിൽ വീട്ടിൽ റിജോ ജോർജ് (26) ആണ് കശ്മീരിലേക്ക് യാത്ര പുറപ്പെട്ടത്. ബുധനാഴ്ച രാവിലെ 11 മണിയോടെ പഞ്ചായത്ത് ഓഫിസിനു സമീപത്തുനിന്ന് ആരംഭിച്ച റിജോയുടെ യാത്ര പ്രസിഡന്‍റ് ഗീത കുര്യാക്കോസ് ഫ്ലാഗ് ഓഫ് ചെയ്തു. ഇലക്ട്രീഷ്യനായ റിജോയിക്ക് സൈക്കിൾയാത്ര ഹരമാണ്. കുട്ടിക്കാലം മുതലെ സൈക്കിളിനോടാണ് പ്രിയം ഏറെയും.
തന്‍റെ സുഹൃത്തുക്കളെല്ലാം ബൈക്കിനുപിന്നാലെ പായുമ്പോഴും റിജോയുടെ ആഗ്രഹം സൈക്കിളിൽ ഒതുങ്ങി. 23,000 രൂപ വിലയുള്ള ഗിയർ സൈക്കിൾ വാങ്ങി കേരളത്തിൽ മലപ്പുറം, കണ്ണൂർ, കോഴിക്കോട്, പാലക്കാട് എന്നിവിടങ്ങളിൽ സൈക്കിളിൽ യാത്രനടത്തി. പിന്നെ പരീക്ഷണാർഥം കേരളത്തിന് പുറത്തേക്കും യാത്ര തുടർന്നു. സേലം, കോയമ്പത്തൂർ, കന്യാകുമാരി, ബാംഗ്ലൂർ എന്നിവിടങ്ങളിലും സഞ്ചരിച്ചു.
അന്നുമുതൽ മനസ്സിൽ തോന്നിയ സ്വപ്നമാണ് കാശ്മീർ യാത്ര. കഴിഞ്ഞവർഷം യാത്രക്ക് ഒരുങ്ങിയെങ്കിലും കോവിഡ് യാത്രമുടക്കി. ആരോഗ്യ സംരക്ഷണവും പല മേഖലയിൽപ്പെട്ടവരെ കാണുവാനും അവരുടെ സംസ്ക്കാരം കണ്ടുപഠിക്കുന്നതിനും യാത്ര ഉപകരിക്കുമെന്ന് റിജോ പറയുന്നു. ഒറ്റക്കുള്ള യാത്രയിൽ സുരക്ഷിതമെന്ന് തോന്നുന്ന സ്ഥലങ്ങളിൽ വിശ്രമിച്ച് യാത്രതുടരും. 85-90 ദിവസം കൊണ്ട് കശ്മീമിരിലെത്താനാണ് റിജോയുടെ ശ്രമം. യാത്രയുടെ ചെലവ് സ്വന്തമായി വഹിക്കുന്ന റിജോ ആരെങ്കിലും സ്പോൺസർ ചെയ്താൽ സ്വീകരിക്കുമെന്നും പറയുന്നു. തന്‍റെ സ്വപ്നം സാക്ഷാത്കരിക്കാൻ എന്ത് ത്യാഗവും സഹിക്കുമെന്നാണ് 26കാരൻ പറയുന്നത്.