സംസ്ഥാനത്ത് ക്വാറിയുടെ മറവിൽ കോടികളുടെ സി.ഇ.ആർ ഫണ്ട് തട്ടിപ്പ്
text_fieldsപത്തനംതിട്ട: സംസ്ഥാനത്തെ ക്വാറി ഉടമകളിൽ പലരും നിയമപ്രകാരം ചെലവഴിക്കേണ്ട കോർപറേറ്റ് എൻവയൺമെന്റ് റസ്പോൺസിബിലിറ്റി (സി.ഇ.ആർ) ഫണ്ട് പരിസ്ഥിതി സംരക്ഷണത്തിനും പൊതുജന താൽപര്യങ്ങൾക്കും ഉപയോഗിക്കാതെ വകമാറ്റുന്നതായി കണ്ടെത്തൽ. പിണറായി സർക്കാറിന്‍റെ അറിവോടെ പ്രതിവർഷം 2,000 കോടിയിലേറെ രൂപയാണ് ഇത്തരത്തിൽ ക്വാറി ലോബി അടിച്ചുമാറ്റിയതെന്നാണ് സൂചന.
സംസ്ഥാനത്ത് ക്വാറികൾ പ്രവർത്തിക്കാൻ കേരള സ്റ്റേറ്റ് എൻവയൺമെന്റ് ഇംപാക്റ്റ് അസസ്മെന്റ് അതോറിറ്റിയുടെ ക്ലിയറിങ് ലൈസൻസ് നിർബന്ധമാണ്. ഇതനുസരിച്ച് പാറമടയിൽനിന്നുള്ള വരുമാനത്തിന്‍റെ രണ്ടു ശതമാനം തുക കോർപറേറ്റ് എൻവയൺമെന്റ് റെസ്പോൺസിബിലിറ്റി ആക്ടിവിറ്റി ഇനത്തിൽ അനുബന്ധ പഞ്ചായത്തിനും സമീപത്തെ ഗവ. സ്കൂളിനും ആശുപത്രിക്കും മറ്റു പൊതുആവശ്യങ്ങൾക്കും നൽകണമെന്നാണ് നിയമം. എത്ര തുക ഇതിനായി ചെലവഴിക്കണമെന്ന് ലൈസൻസിൽ വ്യക്തമാക്കിയിട്ടുണ്ട്. സാധാരണ ആദ്യ രണ്ടുവർഷത്തിൽ തന്നെ ഇത് വിനിയോഗിക്കണമെന്നും തുടർന്നുള്ള പദ്ധതി കാലാവധിയിൽ, നടപ്പാക്കിയ പ്രവൃത്തികളുടെ മേൽനോട്ടവും സംരക്ഷണവും നടത്തണമെന്നും നിയമത്തിൽ പറയുന്നു.
ഇത്തരം പ്രവർത്തനങ്ങൾ ജില്ല കലക്ടറേറ്റിന്റെയും പഞ്ചായത്തിന്റെയും പ്രതിനിധികളുടെ നേതൃത്വത്തിൽ തയാറാക്കുന്ന എൻവയൺമെന്റൽ മാനേജ്മെന്‍റ് പ്ലാനിന്‍റെ അടിസ്ഥാനത്തിലാണ് നടപ്പാക്കേണ്ടത്. എന്നാൽ, ഇത്തരത്തിൽ യോഗം വിളിക്കുകയോ പരിസ്ഥിതി സംരക്ഷണ പദ്ധതി ആവിഷ്കരിക്കുകയോ ചെയ്യാറില്ല. നടപ്പാക്കിയ പ്രവൃത്തികളുടെ വിശദാംശങ്ങൾ എല്ലാ ആറുമാസത്തിലും ലൈസൻസ് അതോറിറ്റിക്ക് ക്വാറി ഉടമകൾ കൈമാറണമെന്നാണ് നിയമം. മാത്രമല്ല, പ്രവർത്തന റിപ്പോർട്ടിൽ ഇത് രേഖപ്പെടുത്തുകയും വേണം. എന്നാൽ, പ്രവർത്തന റിപ്പോർട്ട് പോലും സമയത്ത് ആരും സമർപ്പിക്കുന്നില്ല.
പത്തനംതിട്ട ജില്ലയിലെ റാന്നി പഴവങ്ങാടി ഗ്രാമപഞ്ചായത്ത് പരിധിയിൽ ഇപ്പോൾ പ്രവർത്തിക്കുന്ന മൂന്ന് സ്ഥാപനങ്ങൾ ലൈസൻസ് വ്യവസ്ഥകൾ പ്രകാരമുള്ള സി.ഇ.ആറിന്‍റെ ഭാഗമായി നടപ്പാക്കേണ്ട ഒരു പ്രവൃത്തിയും നാളിതുവരെ നടപ്പാക്കിയിട്ടില്ലെന്ന് വിവരാവകാശ രേഖകൾ വ്യക്തമാക്കുന്നു. ഇതുസംബന്ധിച്ച പരാതി അധികൃതർക്ക് നൽകിയിട്ടും നടപടിയുണ്ടായില്ല.
എൻവയൺമെന്റ് ഇംപാക്റ്റ് അസസ്മെന്റ് അതോറിറ്റിയുടെ ക്ലിയറിങ് ലൈസൻസ് നിരവധി കർശന നിബന്ധനകൾക്ക് വിധേയമായാണ് പാറമടകൾക്ക് നൽകുന്നത്. ഇതിന്റെ കോപ്പി അതത് ജില്ല കലക്ടർ, തഹസിൽദാർ, ഗ്രാമപഞ്ചായത്ത് എന്നിവക്കെല്ലാം അതോറിറ്റി അയക്കാറുണ്ട്. പക്ഷേ, ഇത് ആരും പരിശോധിക്കുകയോ വ്യവസ്ഥകൾ പാലിച്ചാണോ ക്വാറികൾ പ്രവർത്തിക്കുന്നതെന്ന് ഉറപ്പുവരുത്തുകയോ ചെയ്യാറില്ല. വ്യവസ്ഥകൾ ലംഘിച്ച് ക്വാറി നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും പിഴ ഈടാക്കണമെന്നുമാണ് നിബന്ധന. എന്നാൽ, ഇടത് സർക്കാറിനുമേൽ ക്വാറി ഉടമകൾക്കുണ്ടായ സ്വാധീനംമൂലം ഇതൊന്നും നടന്നില്ലെന്ന ആരോപണം ശക്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

