വിഭാഗീയത ശക്തം; സി.പി.എം ബ്രാഞ്ച് സമ്മേളനങ്ങളിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനം
text_fieldsപത്തനംതിട്ട : ബ്രാഞ്ച് സമ്മേളനങ്ങിൽ വിഭാഗീയത രൂക്ഷമാക്കിയത് സി.പി.എം നേതൃത്വത്തെ പ്രതിരോധത്തിലാക്കുന്നു. പാർട്ടി മെമ്പർമാർ സമ്മേളനം ബഹിഷ്കരിക്കുന്നത് ജില്ലയിൽ പലയിടത്തും സി.പി.എം. ബ്രാഞ്ച് സമ്മേളനം വഴിപാടായി മാറി. ചില ബ്രാഞ്ചുകളിലെ സമ്മേളനങ്ങൾ മൂന്നുതവണ വരെ മാറ്റിവെച്ചു. സംസ്ഥാന കമ്മിറ്റി അംഗങ്ങളും ജില്ല സെക്രട്ടറിയും വരെ പങ്കെടുക്കുന്ന സമ്മേളനങ്ങൾ മാറ്റിവെച്ചിട്ടുണ്ട് .
പ്രാദേശിക നേതൃത്വത്തിനെതിരെയും സംസ്ഥാന സർക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനും എതിരെയുംവരെ സമ്മേളനങ്ങളിൽ രൂക്ഷ വിമർശനമാണുയരുന്നത്. പാർട്ടി ഫണ്ട് പിരിക്കാൻ ഇനി തങ്ങളെ കിട്ടില്ലെന്ന് വരെ അംഗങ്ങൾ തുറന്നടിക്കുന്നുണ്ട് . അനധിക്യത പിരിവിലൂടെ നേതാക്കൾ പണം സമ്പാദിക്കുന്നതായുള്ള ആരോപണങ്ങളും ഉയരുന്നുണ്ട്.
ജില്ലയിൽ ക്രിമിനൽ കേസുകളിൽ പ്രതികളായവരെ മാലയിട്ട് പാർട്ടിയിലേക്ക് സ്വീകരിച്ചത് പല ബ്രാഞ്ച് സമ്മേളനങ്ങളിലും അംഗങ്ങൾ ചോദ്യം ചെയ്യുന്നു. ബി.ജെ.പിയിൽ പ്രവർത്തിച്ചിരുന്നവർ പാർട്ടി മെമ്പർഷിപ്പിലേക്ക് പെട്ടെന്ന് എത്തുന്നതും അണികൾക്കിടയിൽ വിമർശനമുണ്ടാക്കുന്നു. വിമർശനം ഭയന്ന് മേൽ കമ്മിറ്റികളിൽനിന്നും നേതാക്കൾ ബ്രാഞ്ച് സമ്മേളനങ്ങളിൽ പങ്കെടുക്കാതെ ഒഴിഞ്ഞുമാറുകയാണ്. സമ്മേളന കാലത്ത് നിരവധി വിവാദ വിഷയങ്ങൾ ഉയർന്നുവന്നത് നേതൃത്വത്തെ പ്രതിസന്ധിലാക്കിയിരിക്കുകയാണ്. ബ്രാഞ്ച് സമ്മേളനത്തിൽ പ്രതിനിധികളുടെ ചോദ്യങ്ങൾക്ക് മറുപടി പറയാൻപോലും മേൽ കമ്മിറ്റിഅംഗങ്ങൾ പ്രയാസപ്പെടുകയാണ് .
ചർച്ചകളിലേക്ക് കടക്കാതെ അഭിപ്രായങ്ങൾ മിനിട്സിൽ രേഖപ്പെടുത്തി വേഗത്തിൽ സമ്മേളനം അവസാനിപ്പിക്കുന്ന രീതിയാണ് പലയിടത്തും നടക്കുന്നത്. കഴിഞ്ഞദിവസം പത്തനംതിട്ട നോർത്ത് ലോക്കൽ കമ്മിറ്റിക്ക് കീഴിലുള്ള പാറൽ ബ്രാഞ്ച് സമ്മേളനത്തിൽ വിഭാഗീയത രൂക്ഷമായതോടെ ബ്രാഞ്ച് അംഗവും കെ.എസ്.കെ.ടി.യു ജില്ല കമ്മിറ്റി അംഗവുമായ നേതാവ് ബ്രാഞ്ച് സമ്മേളനത്തിൽ നിന്നും ഇറങ്ങിപ്പോയി. കെ.എസ്.കെ.ടി.യു നേതാവ് നിർദ്ദേശിച്ച ആളിനെ ബ്രാഞ്ച് സെക്രട്ടറിയാക്കാതെ എസ്.ഡി.പി.ഐ മുൻ ജില്ല നേതാവും എസ്.ഡി.പി.ഐ ആറന്മുള മണ്ഡലം നിയമസഭ സ്ഥാനാർഥിയും ആയിരുന്ന എം.കെ. നാസറുദ്ദീനെ ബ്രാഞ്ച് സെക്രട്ടറി ആക്കിയതിൽ പ്രതിഷേധിച്ചാണ് ഇറങ്ങിപോയത്. സി.പി.എം ഏരിയ സെക്രട്ടറിയുടെ നേതൃത്വത്തിലാണ് ബ്രാഞ്ച് സമ്മേളനം നടന്നത്. കെ.എസ്.കെ.ടി. യു നേതാവ് അനധികൃത പിരിവ്, ദുർമന്ത്രവാദ- ആഭിചാരക്രിയകൾ തുടങ്ങിയ വിഷയങ്ങളിൽ ആരോപണ വിധേയനായ ആളുകൂടിയാണ്. മുൻ എസ്.ഡി.പി.ഐ നേതാവ് പെട്ടെന്ന് പാർട്ടിയിൽ എത്തി ബ്രാഞ്ച് സെക്രട്ടറിയായതിൽ അണികൾക്കിടയിലും അമർഷം പുകയുകയാണ്.
കൈപ്പട്ടൂർ ലോക്കൽ കമ്മിറ്റിക്കു കീഴിലെ വയലാ വടക്ക് ബ്രാഞ്ച് സമ്മേളനത്തിൽനിന്ന് ഭൂരിഭാഗം അംഗങ്ങളും വിട്ടുനിന്നതും ചർച്ചയായിട്ടുണ്ട്. എട്ടംഗങ്ങളാണ് ബ്രാഞ്ച് കമ്മിറ്റിയിലുള്ളത്. ഇതിൽ നാലുപേർ മാത്രമാണ് എത്തിയത്. ഇതിനാൽ മൂന്ന് ലോക്കൽ സമ്മേളന പ്രതിനിധികളെപ്പോലും ഒപ്പിച്ചെടുക്കുകയായിരുന്നു.കൊടുമൺ, തിരുവല്ല മേഖലകളിൽ വിവിധ വിഷയങ്ങളിൽ അംഗങ്ങൾക്കിടയിൽ രൂക്ഷമായ ഭിന്നതയാണുള്ളത്. ബ്രാഞ്ച് സമ്മേളനങ്ങളിൽ ഭാരവാഹിത്വം ഏറ്റെടുക്കാനും അംഗങ്ങൾ തയാറാകുന്നില്ല. ചില ബ്രാഞ്ച് സമ്മേളനങ്ങളിൽ നേതൃത്വം നിർബന്ധപൂർവം ചുമതലയേൽപ്പിക്കുകയാണ്.
പാർട്ടിയുടെയും യുവജന - പോഷക സംഘടനകളുടെയും പരിപാടികളുടെ ആധിക്യം കുറയ്ക്കണമെന്നും ആവശ്യമുയരുന്നുണ്ട്. കൊടുമൺ ലോക്കലിന് കീഴിലെ ഐക്കാട് ബ്രാഞ്ച് കമ്മിറ്റിയിൽ പാർട്ടി അംഗങ്ങളായ 16 പേരും സെക്രട്ടറി ഉൾപ്പെടെയുള്ള സ്ഥാനങ്ങൾ ഏറ്റെടുക്കാൻ തയാറായില്ല. നേതൃത്വം ഒരാളുടെ പേര് നിർദേശിച്ചെങ്കിലും സ്ഥാനം ഏറ്റെടുക്കാം പക്ഷേ പുറത്തിറങ്ങി പിരിക്കാൻ കഴിയില്ല എന്നാണ് അദ്ദേഹം പറഞ്ഞത്. ലോക്സഭാ തെരഞ്ഞെടുപ്പിനു മുമ്പ് നടത്തിയ വിലയിരുത്തലിൽ താഴെത്തട്ടിൽ സംഘടന പ്രവർത്തനം ദുർബലമാണെന്ന അഭിപ്രായമുണ്ടായിരുന്നു. ദിവസം കഴിയുന്തോറും മെമ്പർഷിപ്പിലുള്ള പാർട്ടി അംഗങ്ങളുടെ എണ്ണം കുറഞ്ഞുവരികയാണ്. ഈ മാസം ബ്രാഞ്ച് സമ്മേളനങ്ങൾ പൂർത്തിയാക്കി സി.പി.എം ലോക്കൽ, ഏരിയ സമ്മേളനങ്ങളിലേക്ക് കടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

