ആറന്മുള വിമാനത്താവളം; പുതിയ നീക്കം കോൺഗ്രസ് പിന്തുണയോടെ, എതിർത്ത് സി.പി.എമ്മും ബി.ജെ.പിയും
text_fieldsവിമാനത്താവളത്തിന് ലക്ഷ്യമിടുന്ന ഭൂമി
പത്തനംതിട്ട: ഇടതു സർക്കാർ ഉപേക്ഷിച്ച ആറന്മുള വിമാനത്താവള പദ്ധതിക്കായി കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ് സംസ്ഥാന ട്രഷററായ ഭൂവുടമയുടെ പുതിയ നീക്കം കോൺഗ്രസിന്റെ പൂർണ പിന്തുണയോടെ. അടഞ്ഞ അധ്യായമെന്ന് കരുതിയ പദ്ധതിക്ക് വീണ്ടും ജീവൻ കൊടുക്കാനുള്ള ശ്രമത്തിനെതിരെ സി.പി.എമ്മും ബി.ജെ.പിയും രംഗത്തെത്തിയതോടെ ആറന്മുളയിൽ വീണ്ടും സമര വേലിയേറ്റം ഉറപ്പായി.
ആറന്മുള വിമാനത്താവളം കോൺഗ്രസിന്റെ സ്വപ്ന പദ്ധതിയാണെന്നും പദ്ധതി യാഥാർഥ്യമാക്കാനുള്ള ഏതു നീക്കത്തിനും കോൺഗ്രസ് പൂർണ പിന്തുണ നൽകുമെന്നും ഡി.സി.സി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പിൽ ‘മാധ്യമ’ത്തോട് പറഞ്ഞു. പദ്ധതിയെ അനുകൂലിക്കുമെന്ന് കേരള കോൺഗ്രസ് സംസ്ഥാന വൈസ് ചെയർമാൻ പ്രഫ. ഡി.കെ. ജോണും പറഞ്ഞു. പദ്ധതിയുടെ സാധ്യതകൾ വിലയിരുത്താൻ ഡ്രോൺ സർവേ നടത്തിയ മൗണ്ട് സിയോൺ ഗ്രൂപ് ചെയർമാൻ എബ്രഹാം കലമണ്ണിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ പദ്ധതിക്ക് അനുകൂലമാണെന്ന് അവകാശപ്പെട്ടു. സ്ഥലം എം.എൽ.എ അബിൻ വർക്കിയും ആന്റോ ആന്റണി എം.പിയും പദ്ധതിയെ പിന്തുണക്കുന്നുണ്ട്. ജനങ്ങൾക്ക് ബുദ്ധിമുട്ട് ഇല്ലാതെ വന്നാൽ പദ്ധതി നല്ലതാണെന്ന് അബിൻ വർക്കി നേരത്തെ പ്രതികരിക്കുകയും ചെയ്തിരുന്നു. സാധ്യത പഠനം നടത്തിയ കമ്പനിക്ക് യോഗ്യതയില്ലെന്ന കാരണത്താലാണ് പദ്ധതിക്ക് ഹരിത ട്രൈബ്യൂണൽ എതിരായതെന്നും നെടുമ്പാശേരി, കണ്ണൂർ വിമാനത്താവളങ്ങൾ നിർമിച്ച കമ്പനി പുതിയ സാധ്യത പഠനം നടത്തുമെന്നുമാണ് എബ്രഹാം കലമണ്ണിൽ പറയുന്നത്.
കവയിത്രി സുഗതകുമാരിയുടെ നേതൃത്വത്തിൽ പരിസ്ഥിതി പ്രവർത്തകരും സാംസ്കാരിക നായകരും എൽ.ഡി.എഫും ബി.ജെ.പിയും ഒരുപോലെ എതിർത്തതിനാലാണ് പത്ത് വർഷം മുമ്പത്തെ പദ്ധതി നടക്കാതെ പോയത്. ഒട്ടേറെ നീർച്ചാലുകളുള്ള ആറന്മുള നാടിന്റെ ജലസംഭരണിയാണെന്നും വിമാനത്താവളത്തിനായി വയൽ മണ്ണിട്ടു നികത്തിയാൽ മറ്റിടങ്ങളിൽ വെള്ളപ്പൊക്കമുണ്ടാകുമെന്നുമായിരുന്നു വാദം. വിമാനങ്ങളുടെ ആകാശപാത ആറന്മുള ക്ഷേത്രത്തിന്റെ കൊടിമരത്തിന് തൊട്ടുമുകളിലൂടെയാണെന്ന വാദം വിശ്വാസികളെയും പദ്ധതിക്ക് എതിരാക്കി.
ആറന്മുളയിൽ വിമാനത്താവള പദ്ധതി ഒരിക്കലും നടക്കില്ലെന്നാണ് ബി.ജെ.പി നേതാവ് കുമ്മനം രാജശേഖരൻ പുതിയ നീക്കത്തോട് പ്രതികരിച്ചത്. സംസ്ഥാന സർക്കാർ അനുമതി കൊടുത്താലും കേന്ദ്രത്തിൽനിന്ന് കിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ആറന്മുളയിലെ വിമാനത്താവളം വലിയ പരിസ്ഥിതി നാശത്തിന് ഇടയാക്കുമെന്ന നിലപാടിൽ മാറ്റമില്ലെന്നും പദ്ധതിയെ എതിർക്കുന്നവർക്കൊപ്പം നിൽക്കുമെന്നും സി.പി.എം ജില്ല സെക്രട്ടറി രാജു എബ്രഹാമും വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

