സി.പി.ഐ ബ്രാഞ്ച് സെക്രട്ടറിയുടെ വീട് ആക്രമിച്ചു; വാഹനം തകർത്തു
text_fieldsകടമ്മനിട്ട: സി.പി.ഐ കല്ലേലി ബ്രാഞ്ച് സെക്രട്ടറി കല്ലേലി മുളന്തറ ബാബുജിയുടെ വീടിന് നേരെ ആക്രമണം. കല്ലേറിൽ ബാബുജിക്കും പരിക്കുണ്ട്. ശനിയാഴ്ച രാത്രിയാണ് സംഭവം. ബൈക്കുകളിൽ എത്തിയ അക്രമി സംഘം വീടിന്റെ ജനൽ ചില്ലുകളും ചെടിച്ചട്ടിയും കസേരകളും അടിച്ചു തകർത്തു. പരിസരത്ത് പാർക്ക് ചെയ്ത ഓട്ടോറിക്ഷയും അടിച്ച് നശിപ്പിച്ചു.
സംഘത്തിലെ ചിലരെ കണ്ടാൽ അറിയാമെന്ന് ബാബുജി പറഞ്ഞു. വീട് ആക്രമിച്ചത് എന്തിനെന്ന് അറിയില്ല. ഇതിനിടെ കടമ്മനിട്ട സ്കുളിന് സമീപത്തുള്ള മറ്റ് രണ്ട് വീടുകൾക്ക് നേരെയും ആക്രമണം ഉണ്ടായി. മൂന്ന് ബൈക്കുകൾക്ക് കേടുപാട് സംഭവിച്ചു. ഇവിടെയും വീടിന്റെ ജനൽ ചില്ല എറിഞ്ഞ് തകർത്തിട്ടുണ്ട്. സംഭവത്തിൽ ആറൻമുള പൊലീസ് കേസെടുത്തു. പൊലീസിന്റെഭാഗത്തു നിന്ന് നീതി ലഭിക്കുന്നില്ലെന്ന് ബാബുജി പറഞ്ഞു. ബാബുജിക്ക് സി.പി.ഐ ലോക്കൽസെക്രട്ടറിയുടെ ചുമതല കൂടിയുണ്ട്.

