ആറന്മുള കരുണാലയത്തില്‍ കെയര്‍ടേക്കർ രോഗം മറച്ചുവെച്ചു, 107 അന്തേവാസികള്‍ക്കും ആറ് ജീവനക്കാര്‍ക്കും കോവിഡ്
text_fieldsപത്തനംതിട്ട: ആറന്മുള കരുണാലയത്തില്‍ കെയര്‍ടേക്കറിന് കോവിഡ് പോസിറ്റിവ് ആയിട്ടും മറച്ചുെവച്ച സംഭവത്തില്‍ അന്വേഷിച്ച് നടപടി സ്വീകരിക്കാൻ മന്ത്രി വീണ ജോര്‍ജ് കലക്ടർക്ക് നിര്‍ദേശം നൽകി.
ജില്ലയിലെ രണ്ട് വൃദ്ധസദനങ്ങളില്‍ കോവിഡ് വ്യാപനമുണ്ടായ സാഹചര്യം വിലയിരുത്താന്‍ ചേര്‍ന്ന യോഗത്തിലാണ് നിര്‍ദേശം. ആറന്മുള കരുണാലയത്തില്‍ കഴിഞ്ഞദിവസം ഒരാള്‍ മരിച്ചതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയിൽ കോവിഡ് പോസിറ്റിവ് ആണെന്ന് കണ്ടെത്തി. തുടര്‍ന്ന് കരുണാലയത്തിലെ 143 അന്തേവാസിയെയും 18 ജീവനക്കാരെയും പരിശോധനക്ക് വിധേയമാക്കി. അതില്‍ 107 അന്തേവാസികള്‍ക്കും ആറ് ജീവനക്കാര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. സ്ഥാപനത്തിലെ കെയര്‍ടേക്കര്‍ നേരേത്ത കോവിഡ് പോസിറ്റിവ് ആയത് സ്ഥാപനത്തില്‍ അറിയിച്ചില്ലെന്നും പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. രോഗവിവരം മറച്ചുെവച്ചത് വലിയ തെറ്റാണെന്നും മാതൃകപരമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
വയലത്തല ഗവ. ഓള്‍ഡേജ് ഹോമില്‍ 26 അന്തേവാസികള്‍ക്കും ഒരു ജീവനക്കാരനും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഭൂരിപക്ഷം പേര്‍ക്കും കോവിഡ് കണ്ടെത്തിയതിനെത്തുടര്‍ന്ന് ആറന്മുള കരുണാലയവും വയലത്തല ഗവ. ഓള്‍ഡേജ് ഹോമും സി.എഫ്.എല്‍.ടി.സികളാക്കിയാണ് ചികിത്സ നല്‍കുന്നത്.
വൃദ്ധസദനങ്ങളിെലയും ബാലസദനങ്ങളിെലയും ജീവനക്കാര്‍ ഏഴുദിവസമെങ്കിലും വീട്ടില്‍ പോകാതെ സ്ഥാപനത്തില്‍ താമസിച്ച് ജോലി ചെയ്യുന്ന രീതിയിലുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
അതേസമയം, വൃദ്ധസദനങ്ങള്‍ ഉള്‍പ്പെടെ രജിസ്റ്റര്‍ ചെയ്യാത്ത സ്ഥാപനങ്ങളും ജില്ലയില്‍ ഉണ്ടെന്ന് കണ്ടെത്തി. ഇവയുടെ വിവരങ്ങള്‍ ശേഖരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നത് സാമൂഹികക്ഷേമ മന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെങ്കിലും കൂടുതല്‍ പേരിലേക്ക് രോഗം വ്യാപിക്കാതെ ശ്രദ്ധിക്കണം. ഇതിനായി വേണ്ട മുന്‍കരുതലുകള്‍ സ്വീകരിക്കണം. വൃദ്ധസദനം, ബാലസദനം തുടങ്ങിയ സ്ഥാപനങ്ങളില്‍ പുറത്തു നിന്ന് ആളുകള്‍ പങ്കെടുക്കുന്ന പരിപാടികള്‍ അനുവദിക്കില്ല. ജില്ലയിലെ കോവിഡ് കൂടിയ സ്ഥാപനങ്ങളില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ബാലസദനങ്ങളിലും കൂടുതല്‍ ശ്രദ്ധ നല്‍കണമെന്നും മന്ത്രി നിര്‍ദേശിച്ചു. യോഗത്തില്‍ ജില്ല പഞ്ചായത്ത് പ്രസിഡൻറ് അഡ്വ.ഓമല്ലൂര്‍ ശങ്കരന്, കലക്ടര്‍ ഡോ.ദിവ്യ എസ്. അയ്യര്‍, ഡെപ്യൂട്ടി ഡി.എം.ഒ ഡോ.സി.എസ്. നന്ദിനി തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

