കോവിഡ് മരണം 2075
text_fieldsപത്തനംതിട്ട: ജില്ലയിൽ 2020 മുതൽ കഴിഞ്ഞമാസംവരെ കോവിഡ് ബാധിച്ച് മരിച്ചത് 2705 പേർ. വിവരാവകാശനിയമപ്രകാരം ആരോഗ്യവകുപ്പ് പുറത്തുവിട്ടകണക്കിലാണ് ഈ വിവരം. 2020 മുതൽ ഈവർഷം ആഗസ്റ്റ് എട്ട് വരെയുള്ള കണക്കുകളാണ് പുറത്തുവന്നത്.
സംസ്ഥാനത്ത് മൊത്തം കോവിഡ് ബാധിച്ചത് 69.30 ലക്ഷം പേർക്കാണ്. ഇതിൽ 72,175 പേർ മരിച്ചു. തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതൽ പേർ മരിച്ചത്, 8,816 പേർ. പത്തനംതിട്ടയുടെ സമീപജില്ലകളായ കോട്ടയത്ത് 4771 പേരും ആലപ്പുഴയിൽ 5351 പേരും മരിച്ചു. ദേശീയ കണക്കനുസരിച്ച് രാജ്യത്തൊട്ടാകെ 4.51 കോടി പേർക്കാണ് ഇതുവരെ കോവിഡ് ബാധിച്ചത്. സംസ്ഥാനത്ത് കോവിഡ് ബാധിച്ച ചിലരിൽ പോസ്റ്റ് കോവിഡ് ആരോഗ്യ പ്രശ്നങ്ങളും കണ്ടെത്തിയിട്ടുണ്ട്. എന്നാൽ, ഇതേക്കുറിച്ച് ആരോഗ്യവകുപ്പ് ഇതുവരെ പഠനമൊന്നും നടത്തിയിട്ടില്ലെന്നും ആക്ഷേപമുണ്ട്.
അടുത്തിടെ, കോവിഡ് ബാധിച്ച് സുഖപ്പെട്ടവരിൽ വേഗത്തിൽ പ്രമേഹം ബാധിക്കുന്നതായി പഠന റിപ്പോർട്ട് പുറത്തുവന്നിരുന്നു. കോവിഡ് മുക്തരായവരിൽ 28 ശതമാനം പേർ രണ്ട് വർഷത്തിനകം പ്രമേഹ ബാധിതരായെന്നായിരുന്നു കണ്ടെത്തൽ. തിരുവനന്തപുരം മെഡിക്കൽ കോളജ് കമ്യൂണിറ്റി മെഡിസിൻ വിഭാഗം മേധാവി ഡോ. ചിന്ത സുജാത, ഡൽഹി സഫ്ദർജങ് ആശുപത്രിയിലെ കോവിഡ് മെഡിസിൻ സ്പെഷലിസ്റ്റ് ഡോ. ഖാലിദ് ഖാദർ, ആരോഗ്യ വകുപ്പിലെ അസി. സർജൻ ഡോ. ഷിബു സുകുമാരൻ എന്നിവരുൾപ്പെട്ട സംഘമാണ് പഠനം നടത്തിയത്.
കോവിഡ് വൈറസുകൾ പാൻക്രിയാസിന്റെ ബീറ്റ കോശങ്ങളെ ഇല്ലാതാക്കുന്നതായും ഇതോടെ ഇൻസുലിൻ ഉൽപാദനം കുറഞ്ഞ് പ്രമേഹം പിടിപെടുന്നതായുമാണ് കണ്ടെത്തൽ. പാൻക്രിയാസിനെ മാത്രമല്ല മറ്റ് അവയവങ്ങളിലെ കോശങ്ങളെയും കോവിഡ് വൈറസുകൾ ഇല്ലാതാക്കുന്നതായും രക്തക്കുഴലുകളിലുണ്ടാക്കുന്ന തകരാർ ഹൃദയാഘാതം, പക്ഷാഘാതം തുടങ്ങിയവക്ക് കാരണമാകുന്നതായും പഠനത്തിൽ വ്യക്തമായിരുന്നു.
സമീപകാലത്ത് കുഴഞ്ഞുവീണുള്ള മരണങ്ങൾ വർധിക്കുന്നതായി പരാതികൾ ഉയർന്നിരുന്നു. ചെറുപ്പക്കാരടക്കം വൻതോതിലാണ് ഇത്തരത്തിൽ മരണപ്പെട്ടത്. കോവിഡ് വാക്സിൻ എടുത്തവരിലാണ് ഇത് കൂടുതലെന്നും ആക്ഷേപങ്ങൾ ഉയർന്നിരുന്നു. എന്നാൽ, ഇതിലും ഇതുവരെ സംസ്ഥാനത്ത് പഠനങ്ങളൊന്നും നടന്നിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

