പാലുണ്ട്, പരിശോധനയില്ല; പത്തനംതിട്ടയിൽ കവർ പാൽ പരിശോധന സ്തംഭിച്ചു
text_fieldsപത്തനംതിട്ട: കവർ പാലിൽ മായം ചേർത്തിട്ടുണ്ടോയെന്ന പരിശോധന ജില്ലയിൽ സ്തംഭിച്ചു. ആർക്കും പാൽ കവറിൽ നിറച്ച് വിൽപന നടത്താവുന്ന സ്ഥിതിയാണ്. വിപണിയിലെ പല കവർ പാലുകൾക്കും രജിസ്ട്രേഷൻ ഉണ്ടോ എന്നുപോലും ബന്ധപ്പെട്ട വകുപ്പുകൾക്ക് നിശ്ചയമില്ല. ക്ഷീരവികസന വകുപ്പാണ് പരിശോധന നടേത്തണ്ടത്. എന്നാൽ, പരാതിയുണ്ടെങ്കിൽ സാമ്പിളുകൾ അടൂർ അമ്മകണ്ടകരയിലെ ലാബിൽ എത്തിച്ചാൽ പരിശോധിക്കാമെന്ന നിലപാടാണ് വകുപ്പിന്. എന്നാൽ, പാലുമായി ബന്ധപ്പെട്ട പരാതികൾ കുറവാണെന്നാണ് വകുപ്പ് അധികൃതരുടെ വിശദീകരണം.
കവർ പാൽ വിൽപന വർധിച്ചു
ജില്ലയിൽ ക്ഷീരകർഷകരുടെ എണ്ണത്തിലും പാൽ ഉൽപാദനത്തിലും വർധന രേഖകളിലുണ്ടെങ്കിലും കവർ പാൽ വിൽപനയാണ് ഇരട്ടിയിലേറെ. മിൽമ ഉൾപ്പെടെ വിപണിയിൽ ലഭ്യമായ പ്രധാന കമ്പനികളുടെ പാലിന്റെ ലഭ്യതക്കുറവ് കാരണമാണ് സ്വകാര്യ സംരംഭകരുടെ കവർ പാൽ ഏറെപ്പേർ ആശ്രയിക്കുന്നത്.
പൊതുമേഖല സംരംഭങ്ങളും മിൽമയുമൊക്കെ നൽകുന്നതിൽ കൂടിയ കമീഷൻ നൽകിയാണ് സ്വകാര്യ സംരംഭകർ വിപണി കൈയടക്കുന്നത്.
ഏജന്റുമാരെ നിയോഗിച്ചാണ് ഇവരുടെ വിൽപന. വിപണിയിൽ ആവശ്യക്കാരേറെ എത്തുന്ന ബ്രാൻഡിന്റെ ലഭ്യത കുറക്കാൻ വ്യാപാരികളുടെ പിന്തുണയാണ് ഇവർ തേടുന്നത്. ആവശ്യക്കാർ കൂടുതലെത്തുന്ന ബ്രാൻഡുകളുടെ ലോഗോക്ക് സമാനമായ കവറുകളിലാണ് ഇവരും പാൽ നിറക്കുന്നത്. പാക്ക് ചെയ്ത തീയതി പോലും പലപ്പോഴും ഉണ്ടാകാറില്ല.
പരിശോധന നിർബന്ധം
കൈക്കുഞ്ഞുങ്ങൾ അടക്കമുള്ളവർ കുടിക്കുന്ന പാൽ ദിവസവും പരിശോധന നടത്തണമെന്നാണ് ചട്ടം. വല്ലപ്പോഴും പാക്കറ്റ് പാൽ കടകളിൽനിന്ന് വാങ്ങി പരിശോധിക്കുമെന്നാണ് ക്ഷീരവികസന വകുപ്പ് അധികൃതർ പറയുന്നത്. എന്നാൽ, പരിശോധിച്ച പാലിൽ വിഷാംശം ഉണ്ടെന്നോ ഗുണനിലവാരം ഇല്ലെന്നോ അധികൃതരുടെ പക്കൽ വിവരങ്ങളില്ല.
പാലിൽ വിഷാംശം ഉണ്ടോയെന്ന് ക്ഷീരവികസന വകുപ്പിന്റെ ലാബിലെ പരിശോധനയിൽ അര മണിക്കൂറിൽ അറിയാൻ കഴിയും.
ചുരുങ്ങിയ സമയത്തിൽ ഫലം ലഭിക്കുമെന്ന് പറയുന്ന അധികൃതർ എല്ലാ ദിവസവും പരിശോധനക്ക് തയാറാകുന്നില്ല.
സജ്ജീകരണങ്ങളില്ല
സ്വന്തം ഫാമുകളിൽ ഉൽപാദിപ്പിക്കുന്ന പാലിനാണ് പലരും ലൈസൻസ് എടുക്കുന്നതെങ്കിലും അന്തർസംസ്ഥാനങ്ങളിൽനിന്ന് പാൽ കൊണ്ടുവന്ന് പാക്ക് ചെയ്തു നൽകുകയാണ് രീതി. തണുപ്പ് കുറയാതിരിക്കാൻ ഇൻസുലേറ്റഡ് ടാങ്കർ ലോറിയിലാണ് പാൽ അന്തർസംസ്ഥാനത്തുനിന്ന് എത്തിക്കേണ്ടത്. എന്നാൽ, തമിഴ്നാട്ടിൽനിന്ന് എത്തിക്കുന്ന ലോറികളിൽ സജ്ജീകരണങ്ങൾ ഉണ്ടാകാറില്ല. ചൂട് കൂടി പാൽ കേടാകാൻ ഇതു കാരണമാകും. ഇതൊഴിവാക്കാനാണ് ഫോർമാലിൻ, ഹൈഡ്രജൻ പെറോക്സൈഡ് എന്നിവ ചേർക്കുന്നത്. ഇതുചേർത്ത പാൽ ഡയറികളിൽ എത്തിക്കഴിഞ്ഞാൽ കവറുകളിലാക്കി വിപണിയിലേക്കെത്തിക്കുകയാണ് പതിവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

