വാർഡുകളിൽ വെള്ളമില്ല, കലക്ടറെ സമീപിച്ച് കൗൺസിലർമാർ
text_fieldsപത്തനംതിട്ട: നഗരത്തിൽ സെന്റ് പീറ്റേഴ്സ് ജങ്ഷൻ മുതൽ ടി.കെ റോഡിൽ പുളിമുക്ക് വരെ കഴിഞ്ഞ കുറേ മാസങ്ങളായി പൈപ്പ് ലൈനിൽ വെള്ളമെത്തുന്നില്ല. നന്നുവക്കാട്, ജീസസ് നഗർ, ഹൗസിങ് കോളനി, പുന്നലത്ത് പടി, ചുരുളിക്കോട് എന്നീ ഭാഗങ്ങളിൽ പണം നൽകിയാണ് ആളുകൾ വെള്ളം വാങ്ങുന്നത്.
ഈ ഭാഗത്ത് മെയിൻ റോഡിൽ പൈപ്പ് പൊട്ടി ഒരു മാസമായി വെള്ളം പാഴാകുകയാണ്. എന്നിട്ടും ജല അതോറിറ്റി തിരിഞ്ഞുനോക്കുന്നില്ലെന്നാണ് ആക്ഷേപം. 40 വർഷം പഴക്കമുള്ള പഴയ പൈപ്പ് മാറ്റി സ്ഥാപിക്കണമെന്ന ജനപ്രതിനിധികളുടെ ആവശ്യവും ജല അതോറിറ്റി അധികൃതർ നിരസിക്കുകയാണ്. റോഡ് വെട്ടിപ്പൊളിച്ച് പണികൾ ചെയ്യാൻ പൊതുമരാമത്ത് വകുപ്പും അനുമതി നൽകുന്നില്ല.
ഈ പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് നഗരസഭ പ്രതിപക്ഷ നേതാവ് കെ. ജാസിം കുട്ടി, പ്രദേശത്തെ കൗൺസിലർമാരായ ആനി സജി, സിന്ധു അനിൽ, മേഴ്സി വർഗീസ് എന്നിവരാണ് കലക്ടർ പ്രേംകൃഷ്ണന്‍ ചേംബറിലെത്തി പരാതി നൽകിയത്. അടിയന്തരമായി ഇടപെടാമെന്ന് കലക്ടർ ജനപ്രതിനിധികൾക്ക് ഉറപ്പ് നൽകി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.