സഹകരണബാങ്ക് കവർച്ച; അഞ്ച് പ്രതികൾക്ക് കഠിനതടവും പിഴയും
text_fieldsപത്തനംതിട്ട: മെഴുവേലി സർവിസ് സഹകരണ ബാങ്കിൽനിന്ന് സ്വർണവും പണവും കവർന്ന കേസിൽ അഞ്ച് പ്രതികൾക്ക് കഠിനതടവും പിഴയും ശിക്ഷ. മെഴുവേലി പുത്തൻപറമ്പിൽ വി. വിനു, ഓമല്ലൂർ വാഴമുട്ടം പുന്തല പുത്തൻവീട്ടിൽ സുരേഷ് കുമാർ, എടത്വ നൈത്യാരുപറമ്പിൽ സുധീഷ്, തലവടി പുത്തപറമ്പിൽ പി.കെ. ഗിരീഷ്, താമരക്കുളം പണ്ടാരശ്ശേരിൽ ബിജു രാമകൃഷ്ണൻ എന്നിവരെയാണ് പത്തനംതിട്ട ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ശിക്ഷിച്ചത്. ഒന്നാംപ്രതി വിനു, രണ്ടാം പ്രതി സുരേഷ് കുമാർ, നാലാം പ്രതി സുധീഷ്, അഞ്ചാം പ്രതി ഗിരീഷ് എന്നിവർക്ക് രണ്ട് വർഷം 11 മാസം കഠിനതടവും 10,000 രൂപ പിഴയുമാണ് ശിക്ഷ. കൂടാതെ, ഇവർ നാലുപേരും മെഴുവേലി സർവിസ് സഹകരണ ബാങ്കിന് ഏഴുലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും കോടതി വിധിച്ചു.
മോഷണമുതൽ വാങ്ങിയ ഏഴാം പ്രതി ബിജു രാമകൃഷ്ണന് ഒന്നരവർഷം കഠിനതടവും 10,000 രൂപ പിഴയുമാണ് ശിക്ഷ. കേസിലെ ആറാം പ്രതി ഹാരി ജോൺ, എട്ടാം പ്രതി മനു എന്നിവരെ കോടതി വെറുതെവിട്ടു. മൂന്നാം പ്രതി രാജീവ് ഇപ്പോഴും ഒളിവിലാണ്. ജഡ്ജി ഡോ. ജോൺ വർഗീസാണ് ശിക്ഷ വിധിച്ചത്.
2011 ആഗസ്റ്റ് 20, 21 തീയതികളിൽ രാത്രിയിലാണ് പ്രതികൾ ബാങ്കിൽനിന്ന് 501 പവൻ സ്വർണവും (4008 ഗ്രാം) നാലു ലക്ഷത്തോളം രൂപയും കവർന്നത്. ബാങ്കിന്റെ പിൻഭാഗത്തുള്ള ജനലിന്റെ ഇരുമ്പഴികൾ ഗ്യാസ്കട്ടർ ഉപയോഗിച്ച് മുറിച്ചുമാറ്റിയ ശേഷമാണ് മോഷ്ടാക്കൾ അകത്തുകടന്നത്. തുടർന്ന് സ്വർണവും പണവും സൂക്ഷിച്ചിരുന്ന ലോക്കറും ഗ്യാസ്കട്ടർ ഉപയോഗിച്ച് അറുത്തു. ശനി, ഞായർ ദിവസങ്ങളിൽ നടന്ന മോഷണം തിങ്കളാഴ്ചയാണ് പുറംലോകമറിയുന്നത്.
ഇപ്പോഴത്തെ പത്തനംതിട്ട ജില്ല അഡീഷണൽ എസ്.പിയും അന്നത്തെ പന്തളം സർക്കിൾ ഇൻസ്പെക്ടറും ആയിരുന്ന ആർ. ജയരാജാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്. തുടർന്ന് പന്തളം സർക്കിൾ ഇൻസ്പെക്ടറായി ചാർജെടുത്ത ഇപ്പോഴത്തെ ഡിവൈ.എസ്.പി നന്ദകുമാറാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. അടൂർ ഡിവൈ.എസ്.പി ആയിരുന്ന അനിൽദാസായിരുന്നു അന്വേഷണത്തിന്റെ മേൽനോട്ടം വഹിച്ചത്. സംഭവം നടന്ന് 15 വർഷത്തിനുശേഷമാണ് വിധിയുണ്ടായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

