കുഞ്ഞുങ്ങളെ ഊട്ടുന്ന പാചക തൊഴിലാളികൾ പട്ടിണിയിൽ
text_fieldsപത്തനംതിട്ട: കുഞ്ഞുവയറുകൾ നിറക്കുന്ന സ്കൂൾ പാചക തൊഴിലാളികൾ മുണ്ടുമുറുക്കി ഉടുത്തിട്ടും ജീവിതം പട്ടിണിയിൽ. മൂന്ന് മാസത്തെ വേതനം കുടിശ്ശികയാണ്. ശരാശരി 20 പ്രവൃത്തിദിനം ലഭിക്കുന്ന തൊഴിലാളിയുടെ ദിവസ വേതനം 600 രൂപയാണ്.
ഇതനുസരിച്ച് 20 ദിവസത്തിന് 12,000 രൂപയാണ് പ്രതിമാസം ലഭിക്കേണ്ടത്. മൂന്ന്, നാല് മാസം കൂടുമ്പോൾ രണ്ടു മാസത്തെ വേതനത്തിൽനിന്ന് ആയിരവും രണ്ടായിരവും പിടിക്കാറുണ്ട്. 90 ശതമാനത്തിലധികവും സ്ത്രീകളാണ് ഈ മേഖലയിൽ ജോലി ചെയ്യുന്നത്.
500 കുട്ടികൾക്ക് ഒരു പാചക തൊഴിലാളി എന്ന കണക്കിലാണ് ഇപ്പോൾ ഊട്ടുപുരകളുടെ പ്രവർത്തനം. എന്നാൽ, ചോറും രണ്ടുകൂട്ടം കറികളും തയാറാക്കി വൈകീട്ടോടെ മാത്രമേ വീട്ടിൽ പോകാൻ പറ്റുകയുള്ളൂ.
പാത്രങ്ങളൊക്കെ കഴുകാൻ മറ്റാരുടെയും സഹായമില്ല. കഠിനാധ്വാനത്തിന് തക്കപ്രതിഫലം ലഭിക്കാത്ത സ്ഥിതിയാണ്.
30 വർഷത്തിലധികമായി ഈ മേഖലയിൽ തുടർന്നിട്ടും ജോലി സ്ഥിരതയോ മറ്റ് ആനുകൂല്യമോ ലഭിക്കാത്ത ഒട്ടനവധി ആളുകളുണ്ട്. തൊഴിലാളികളെ അടിമകളെപ്പോലെയാണ് പണിയെടുപ്പിക്കുന്നത്.
സ്കൂൾ പാചക സംയുക്ത സംഘടന പ്രധാനമന്ത്രിക്ക് നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ അക്കൗണ്ട് വഴി വേതനം ലഭിക്കുന്നതിനുള്ള സംവിധാനം ഏർപ്പടുത്തിയിരുന്നു. തൊഴിലിന്റെ ബുദ്ധിമുട്ടിന് അനുസരിച്ച് കാലോചിതമായി വേതനം വർധിപ്പിക്കാൻ ബധിരകരണങ്ങൾ തയാറാകുന്നില്ല. സ്കൂൾ പാചകത്തിന് പുറമെ നിർബന്ധിച്ച് മറ്റു തൊഴിലുകളും ചെയ്യിക്കുന്നുണ്ട്.
ശുചിമുറി വൃത്തിയാക്കൽ, സ്കൂൾ പരിസരം വൃത്തിയാക്കൽ അങ്ങനെ നിരവധി തൊഴിലുകൾക്ക് കൂലിയും നൽകാറില്ല. പ്രായമായവരെ ഒരു ആനുകൂല്യവും നൽകാതെ പുറത്താക്കുകയാണ്. പാചക തൊഴിലാളികൾ വർഷംതോറും രണ്ട് പ്രാവശ്യം സ്വന്തം കാശുമുടക്കി ഹെൽത്ത് കാർഡ് എടുക്കേണ്ടി വരുകയാണ്.
തങ്ങളുടെ ജീവിതം ദുരിതപൂർണമായിട്ടും സർക്കാർ അവഗണിക്കുകയാണെന്ന് സ്കൂൾ പാചക തൊഴിലാളി യൂണിയൻ സംസ്ഥാന പ്രസിഡന്റ് സി.ടി. രാധ, ജനറൽ സെക്രട്ടറി കെ. എൻ. കൃഷ്ണകുമാർ, വനജാക്ഷിയമ്മ എന്നിവർ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

