കരാറുകാരന് പണം നൽകിയില്ല; കെ.എസ്.ആർ.ടി.സി ഗാരേജ് നിർമാണം മുടങ്ങി
text_fieldsപത്തനംതിട്ട: കരാറുകാരന് പണം നൽകാത്തതിനെത്തുടർന്ന് പത്തനംതിട്ട കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ ഗാരേജിന്റെ നിർമാണം പാതിവഴിയിൽ മുടങ്ങി. ഓടയും റാമ്പും നിർമിക്കാൻ കരാർ ഏറ്റെടുത്ത പി.എ. സോമനാണ് പണിയിൽനിന്ന് പിൻവാങ്ങിയത്. ഗാരേജിലേക്ക് മലിനജലം എത്തുന്നത് തടയാൻ രണ്ട് ഓട, ഓടയുടെ മുകളിൽ കൂടി ഗാരേജിലേക്ക് ബസ് കയറിയിറങ്ങാൻ റാമ്പ് എന്നിവ നിർമിക്കാനാണ് പദ്ധതിയിട്ടത്. 11 ലക്ഷം രൂപയാണ് ചെലവ് പ്രതീക്ഷിച്ചത്.
ഇതുവരെ മൂന്ന് ലക്ഷം രൂപയുടെ പണി ചെയ്തതായി കരാറുകാരൻ പറയുന്നു. എന്നാൽ, ലഭിച്ചത് 60,000 രൂപ മാത്രം. ഇനി മുന്നോട്ട് പോകാൻ പണമില്ലെന്ന് കെ.എസ്.ആർ.ടി.സി അധികൃതരെ അറിയിച്ചെങ്കിലും ബാക്കി പണികൂടി നടത്തി ബില്ലുകൾ ഹാജരാക്കാനാണ് നിർദേശിച്ചതെന്നും അദ്ദേഹം പറയുന്നു.
കരാർരേഖ വെക്കുന്നതിന് മുമ്പേ പണി തുടങ്ങിക്കൊള്ളാൻ പറഞ്ഞ ഡിപ്പോ അധികൃതരെ വിശ്വസിച്ചതാണ് കുരുക്കായതെന്നും സോമൻ പറഞ്ഞു. ചാലിന്റെ വശങ്ങൾ കോൺക്രീറ്റ് ചെയ്യാനുള്ള പലക അടിച്ച് നിർത്തിയപ്പോഴാണ് പണത്തിന്റെ പേരിൽ തർക്കമായി പണി മുടങ്ങിയത്. ഇതുകാരണം ഗാരേജിലേക്ക് ഇപ്പോൾ ബസുകൾ ഇറക്കാൻ കഴിയുന്നില്ല. പുറത്ത് പെരുമഴയത്തിട്ടാണ് ബസുകളുടെ അറ്റകുറ്റപ്പണി നടത്തുന്നത്.
മഴയിൽ ഗാരേജിനുള്ളിലെ മെക്കാനിക്കൽ വിഭാഗം ഓഫിസിലും ബസുകളുടെ അറ്റകുറ്റപ്പണി നടത്തുന്ന സ്ഥലത്തും വെള്ളം നിറയുന്നത് പതിവാണ്. പുതിയ ബസ് ടെർമിനൽ നിർമിച്ചതിലെ അപാകതയാണ് ഗാരേജിൽ വെള്ളം കയറാൻ കാരണമായി ജീവനക്കാർ പറയുന്നത്. ഗാരേജിനെക്കാൾ രണ്ട് മീറ്റർ ഉയർത്തിയാണ് യാർഡ് നിർമിച്ചത്. മഴ വെള്ളം ഒഴുകിപ്പോകാനുള്ള സംവിധാനവും ഇല്ല. ഇതുകാരണം മഴവെള്ളവും മാലിന്യവും പൂർണമായും ഗാരേജിലേക്കാണ് ഒലിച്ചിറങ്ങുന്നതെന്നും ജീവനക്കാർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

