ശ്രീനാദേവിയോട് വിശദീകരണം തേടി കോൺഗ്രസ്
text_fieldsശ്രീനാദേവി കുഞ്ഞമ്മ
പത്തനംതിട്ട: പീഡനക്കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയെ അനുകൂലിച്ച് രംഗത്തെത്തിയ ജില്ല പഞ്ചായത്തംഗം ശ്രീനാദേവി കുഞ്ഞമ്മയോട് വിശദീകരണം തേടി ഡി.സി.സി. പാർട്ടിയിൽനിന്ന് പുറത്താക്കപ്പെട്ട രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയെ പിന്തുണച്ച് സമൂഹമാധ്യമങ്ങൾ വഴി ശ്രീനാദേവി നടത്തിയ അഭിപ്രായപ്രകടനങ്ങൾ കോൺഗ്രസ് അംഗത്തിന് ചേർന്നതല്ല. ഇത് പൊതുജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണയും അവമതിപ്പും ഉണ്ടാക്കിയെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൻ പ്രസ്താവന നടത്തുവാനുണ്ടായ സാഹചര്യത്തെക്കുറിച്ച് നേരിട്ടോ രേഖാമൂലമോ വിശദീകരണം നൽകണമെന്ന് ജില്ല പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ കൂടിയായ ശ്രീനാദേവിയോട് ആവശ്യപ്പെട്ടതായി ഡിസിസി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പിൽ അറിയിച്ചു.
കോൺഗ്രസിന്റെ പ്രഖ്യാപിത നയങ്ങൾക്കും നിലപാടുകൾക്കും വിരുദ്ധമായി പ്രവർത്തിച്ച രാഹുലിനെ അച്ചടക്ക നടപടിയുടെ ഭാഗമായി പാർട്ടിയിൽനിന്ന് പുറത്താക്കിയിരുന്നു. ഈ സാഹചര്യത്തിൽ രാഹുലിനെ പിന്തുണച്ചതു ശരിയായില്ല. വിശദീകരണം തൃപ്തികരമല്ലെങ്കിൽ അച്ചടക്ക നടപടിക്ക് വിധേയയാകേണ്ടിവരുമെന്ന് നോട്ടിസിൽ പറത്തിട്ടുള്ളതായും ഡി.സി.സി പ്രസിഡന്റ് പറഞ്ഞു. ഇതു സംബന്ധിച്ച് കെ.പി.സി.സി പ്രസിഡന്റ്, പ്രതിപക്ഷ നേതാവ് എന്നിവർ വിവരങ്ങൾ ആരാഞ്ഞതായും സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു.
എന്നാൽ, കഴിഞ്ഞ ദിവസം ജയിലിലെത്തി രാഹുലിനെ സന്ദർശിക്കാൻ ശ്രമിച്ച ഡി.സി.സി ജനറൽ സെക്രട്ടറിയും യു.ഡി.എഫ് അടൂർ മണ്ഡലം ചെയർമാനുമായ പഴകുളം ശിവദാസനെതിരെ നടപടിയൊന്നും സ്വീകരിച്ചിട്ടില്ല. യൂത്ത് കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി റിജോ വള്ളംകുളം രാഹുലിനായി പുതുപ്പള്ളി പള്ളിയിൽ കുർബാനയും വള്ളംകുളം നന്നൂർ ദേവീക്ഷേത്രത്തിൽ ശത്രുസംഹാര പൂജയും നടത്തിയതായി അറിയിച്ച് രാഹുലിനെ പരസ്യമായി പിന്തുണച്ചിരുന്നു. ഇതിനിടെ, ശ്രീനാദേവി കുഞ്ഞമ്മയെ വിമർശിച്ച് ഡി.സി.സി വൈസ് പ്രസിഡന്‍റ് അഡ്വ. അനിൽ തോമസും രംഗത്തെത്തി. പേരിന്‍റെ അർഥത്തിന് വിപരീതമാണ് ഈ കുഞ്ഞമ്മയെന്നായിരുന്നു അനിൽ തോമസിന്‍റെ വിമർശനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

