പത്തനംതിട്ട: ചൈൽഡ് വെൽെഫയർ കമ്മിറ്റി അധ്യക്ഷയെ ഓഫിസിൽ സഹ മെംബർ മർദിച്ചതായി പരാതി. പത്തനംതിട്ട ചൈൽഡ് വെൽെഫയർ കമ്മിറ്റി അധ്യക്ഷ അഡ്വ. ദീപയെയാണ് സഹ മെംബറായ അഡ്വ. ബിജു മുഹമ്മദ് പുറത്തടിച്ച് വീഴ്ത്തിയത്. പരിക്കേറ്റ ദീപയെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വെള്ളിയാഴ്ച വൈകീട്ട് 3.30 ഓടെ റാന്നി - വയലത്തലയിലെ ഓഫിസിലായിരുന്നു സംഭവം. പോക്സോ കേസിലെ പെൺകുട്ടിക്ക് തിരുവനന്തപുരത്ത് വിദഗ്ധ ചികിത്സ നൽകുന്നതിന് കത്ത് തയാറാക്കുന്നതിനായാണ് മാവേലിക്കരയിൽനിന്നും ഭർത്താവിനൊപ്പം ദീപ കാറിൽ ഓഫിസിലെത്തിയത്.
ഫയൽ എടുക്കുന്നതിന് ഓഫിസിലുണ്ടായിരുന്ന സഹ മെംബർ അഡ്വ. ബിജു മുഹമ്മദിനോട് താക്കോൽ ചോദിച്ചേപ്പാൾ പ്രകോപിതനായ ഇദ്ദേഹം പിറകിൽനിന്ന് കൈകൊണ്ട് അടിച്ച് താഴെയിടുകയായിരുന്നുവെന്ന് ചെയർപേഴ്സൻ പറഞ്ഞു. റാന്നി പൊലീസ് കേസെടുത്തു. എന്നാൽ, കേസുകൾ കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച തർക്കത്തെ തുടർന്ന് അധ്യക്ഷ നാടകം കളിക്കുകയായിരുന്നുവെന്ന് അഡ്വ. ബിജു മുഹമ്മദ് ആരോപിച്ചു.