പോക്സോ കേസ് അട്ടിമറിച്ചെന്ന പരാതി മുക്കി; വിവരാവകാശ അപേക്ഷയിൽ ഉരുണ്ടുകളിച്ച് പൊലീസ്
text_fieldsപത്തനംതിട്ട: വനിത സബ് ഇൻസ്പെക്ടർ പോക്സോ കേസ് അട്ടിമറിച്ചെന്ന് കാട്ടി അതിജീവിതയുടെ പിതാവ് ജില്ല പൊലീസ് മേധാവിക്ക് നല്കിയ പരാതിയില്‍ അന്വേഷണം അട്ടിമറിച്ചു. ഇതു സംബന്ധിച്ച് നല്കിയ വിവരാവകാശ അപേക്ഷയില്‍ ജില്ല പൊലീസ് മേധാവിയുടെ കാര്യാലയത്തിലെ വിവരാവകാശ ഉദ്യോഗസ്ഥന് തെറ്റായ മറുപടിയും നൽകി. പത്തനംതിട്ട വനിത സ്റ്റേഷനിലെ എസ്.ഐ കെ.ആര്. ഷെമിമോള്ക്കെതിരെ അതിജീവിതയുടെ പിതാവ് ജില്ല പൊലീസ് മേധാവി വി.ജി. വിനോദ്കുമാറിന് നല്കിയ പരാതിയിലാണ് അന്വേഷണം അട്ടിമറിച്ചിരിക്കുന്നത്.
കേരള പൊലീസ് ഓഫിസേഴ്സ് അസോസിയേഷന് സംസ്ഥാന വൈസ് പ്രസിഡന്റ് കൂടിയായ ഷെമിമോളെ സംരക്ഷിക്കാന്‍ ജില്ലയിലെ പൊലീസ് ഉന്നതന് ശ്രമിക്കുന്നുവെന്ന ആക്ഷേപം ഉയരുന്നുണ്ട്. ട്യൂഷന് അധ്യാപികയുടെ പിതാവായ 70 വയസ്സുകാരന് ലൈംഗിക അതിക്രമം കാട്ടിയെന്ന പരാതിയുമായി അതിജീവിതയുടെ പിതാവ് ആദ്യം ചെന്നത് വനിത പൊലീസ് സ്റ്റേഷനില്‍ എസ്.ഐയുടെ മുന്നിലായിരുന്നു.
പരാതി നല്‍കുന്നത് നിരുത്സാഹപ്പെടുത്തിയെന്നും വിവരം പ്രതിയുടെ ബന്ധുവിനെ വിളിച്ച് അറിയിച്ചെന്നുമാണ് പരാതി. അതിജീവിതയും പിതാവും പ്രതിക്കും എസ്.ഐക്കുമെതിരെ ചൈല്‍ഡ് ലൈനിൽ നൽകിയ പരാതി കോന്നി പൊലീസിന് കൈമാറി. ഒരു സ്റ്റേഷനില്‍ അതിജീവിതയുടെ മൊഴി എടുക്കുന്നതിന് വനിത പൊലീസ് ഇല്ലെങ്കില്‍ മാത്രം പുറത്തുനിന്ന് വനിത പൊലീസിന്റെ സേവനം തേടിയാല്‍ മതി. അങ്ങനെ വരുമ്പോള്‍ വനിത പൊലീസിനെ അയക്കുന്നത് ജില്ല പൊലീസ് ആസ്ഥാനത്തെ വനിത സെല്ലില്നിന്നാണ്.
പക്ഷേ, കോന്നി സ്റ്റേഷനില്‍ വനിത പൊലീസ് ഉണ്ടായിരുന്നിട്ടും അവരെക്കൊണ്ട് മൊഴിയെടുപ്പിക്കാതെ ആരോപണ വിധേയയായ എസ്.ഐക്ക് കീഴിലുള്ള വനിത പൊലീസ് സ്റ്റേഷനില്‍നിന്നുമുള്ള ഉദ്യോഗസ്ഥയെയാണ് നിയോഗിച്ചത്. തങ്ങള്‍ ആദ്യം വനിത സ്റ്റേഷനില്‍ പോയെന്നും എസ്.ഐ തിരികെ അയച്ചുവെന്നുമുള്ള കുട്ടിയുടെയും പിതാവിന്റെയും മൊഴി ഈ ഉദ്യോഗസ്ഥ രേഖപ്പെടുത്തിട്ടിയിട്ടില്ല എന്ന വിവരവും പുറത്തുവന്നു. ഇതിനിടെ അതിജീവിതയും പിതാവും എസ്.ഐക്കെതിരെ നടപടി ആവശ്യപ്പെട്ട് എസ്.പിക്ക് നൽകിയ പരാതിയിലെ അന്വേഷണം അട്ടിമറിച്ചെന്നാണ് ആരോപണം.
വിവരാവകാശ അപേക്ഷക്കുള്ള മറുപടിയില്‍ അട്ടിമറി വ്യക്തം
പോക്സോ കേസ് അട്ടിമറിച്ച വനിത എസ്.ഐക്കെതിരെ എന്തു നടപടി സ്വീകരിച്ചെന്ന് അറിയാന്‍ ജില്ല പൊലീസ് മേധാവിയുടെ ഓഫിസിലെ വിവരാവകാശ ഉദ്യോഗസ്ഥനായ അഡീ. എസ്.പിക്ക് അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍, വളരെ വിചിത്രമായ മറുപടിയാണ് ചോദ്യങ്ങൾക്ക് വിവരാവകാശ ഉദ്യോഗസ്ഥനില്‍നിന്ന് ലഭിച്ചിരിക്കുന്നത്.കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ രഹസ്യരേഖ ആയതിനാല്‍ വെളിപ്പെടുത്താന്‍ നിര്‍വാഹമില്ലെന്നും രേഖകള്‍ ഓഫിസില്‍നിന്ന് ലഭ്യമല്ലെന്നാണ് മറുപടി.
എസ്.ഐക്കെതിരായ പരാതി അട്ടിമറിക്കുന്നതിന് വേണ്ടി വിവരാവകാശ അപേക്ഷക്ക് മനഃപൂര്‍വം തെറ്റായ നടപടി സ്വീകരിക്കുകയായിരുന്നുവെന്ന് അപേക്ഷകനായ മാധ്യമപ്രവര്ത്തകന് പറഞ്ഞു. താന്‍ ചോദിച്ചത് പോക്സോ കേസിനെ ബാധിക്കുന്ന വിഷയമല്ല. പോക്സോ കേസ് അട്ടിമറിച്ചതായി വനിത എസ്.ഐക്കെതിരെ പരാതി ലഭിച്ചിട്ടുണ്ടോ എന്നാണ്. അതിന് നല്‍കിയിരിക്കുന്ന മറുപടി രഹസ്യരേഖയായതിനാല്‍ തരാന്‍ കഴിയില്ലെന്നാണ്.
പരാതി കിട്ടിയിട്ടുണ്ട് അല്ലെങ്കില്‍ ഇല്ല എന്നൊരു മറുപടി തരേണ്ട സ്ഥാനത്ത് ഇത്തരമൊന്നു തന്നതില്‍നിന്ന് തന്നെ അട്ടിമറി വ്യക്തമാണ്. ഇതിനെതിരെ അപ്പീല്‍ നല്‍കുമെന്നും അപേക്ഷകന് അറിയിച്ചു. കൃത്യമായ മറപടി തരാത്തത് പരാതി അട്ടിമറിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്ന് പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

