കെ.എസ്.ആർ.ടി.സി ഷെഡ്യൂളുകള്‍ അട്ടിമറിക്കുന്നതായി പരാതി
text_fieldsപത്തനംതിട്ട: കെ.എസ്.ആർ.ടി.സി പത്തനംതിട്ട ഡിപ്പോയില്‍ നിന്ന് വിവിധ മേഖലകളിലേക്കുള്ള ലാഭകരമായ അഞ്ച് സര്‍വീസുകള്‍ അട്ടിമറിക്കുന്നതായി പരാതി. യാത്രാദുരിതം ഏറെയുള്ള പ്രദേശങ്ങളിലേക്കുള്ള സര്‍വീസുകളാണ് അട്ടിമറിക്കുന്നത്. വിനോദ സഞ്ചാര കേന്ദ്രമായ ഗവിയിലേക്കുള്ള ഓര്‍ഡിനറി സര്വീസുള്പ്പെടെയുള്ളവക്കാണ് ഭീഷണി. 40 വര്‍ഷത്തിലേറെയായി ലാഭകരമായി നടത്തുന്ന വയ്യാറ്റുപുഴ - കോട്ടയം സര്‍വിസ് തിങ്കളാഴ്ച ദിവസങ്ങളില്‍ മാത്രമാക്കാന്‍ സോണല്‍ ഓഫീസില്‍ നിന്നാണ് നിര്ദേശമുണ്ടായിട്ടുള്ളത്. ഈ റൂട്ടില്‍ നിലവില്‍ ഒരു സ്വകാര്യ ബസ് ദിവസേന സര്‍വീസ് നടത്തിക്കൊണ്ടിരിക്കുകയാണ്.
ഇതിനെ സഹായിക്കാനാണ് കെ.എസ്.ആർ.ടി.സി സര്‍വീസ് വെട്ടിച്ചുരുക്കുന്നതെന്ന് പറയുന്നു. പ്രതിദിനം 8000 - 10000 രൂപ വരുമാനമുള്ള സര്‍വിസാണിത്. കോവിഡ് കാലത്ത് നിര്‍ത്തിവച്ച അടൂര്‍ - ചന്ദനപ്പള്ളി- ആങ്ങമൂഴി ചെയിന്‍ സര്‍വിസ് ലാഭകരമായിട്ടും പുനരാരംഭിക്കാന്‍ നടപടി ഉണ്ടായില്ല. 2018ലെ ശബരിമല തീര്‍ഥാടനകാലത്തിനുശേഷം പത്തനംതിട്ട, അടൂര്‍ ഡിപ്പോകളില്‍ നിന്ന് അഞ്ച് ബസുകള്‍ വീതം ഉപയോഗിച്ചാണ് ചെയിന്‍ സര്‍വിസ് ആരംഭിച്ചത്. സ്വകാര്യബസുകളുടെ കുത്തകയായ റൂട്ടില്‍ കെ.എസ്.ആർ.ടി.സി എത്തിയതോടെ ശക്തമായ പ്രതിഷേധമുണ്ടായിരുന്നു.
പത്തനംതിട്ട ഡിപ്പോയില്‍ നിന്ന് മൂന്ന് സര്‍വിസുകള്‍ ഈ റൂട്ടില്‍ നടത്തിയെങ്കിലും ഇതും പിന്നീട് നിര്‍ത്തിവച്ചു. പ്രതിദിനം 9000 - 11000 രൂപ വരുമാനമുണ്ടായിരുന്ന സര്വിസുകളാണിവ. മുണ്ടക്കയം - പത്തനംതിട്ട- പുനലൂര്‍ സര്‍വിസും വെട്ടിക്കുറച്ചിരിക്കുകയാണ്. പ്രതിദിന വരുമാനം 15000 രൂപ ലഭിക്കാത്ത ഷെഡ്യൂളുകള്‍ നിര്‍ത്താന്‍ സോണല്‍ ഓഫിസിൽ നിന്ന് നിര്‍ദേശിച്ചതിനെ തുടര്‍ന്നാണിത്. ആറന്മുള - ചെങ്ങന്നൂര്‍ ചെയിന്‍ സര്‍വിസ് കെ.എസ്.ആർ.ടി.സി അവസാനിപ്പിച്ചതും ഏകപക്ഷീയമായാണ്.
പത്തനംതിട്ടയില്‍ നിന്നും ചെങ്ങന്നൂരില്‍ നിന്നും അഞ്ച് വീതം ബസുകള്‍ നടത്തിയ സര്‍വിസ് പുനരാരംഭിക്കണമെന്ന ആവശ്യം ഉയര്‍ന്നെങ്കിലും കോര്പറേഷന് പരിഗണിച്ചില്ല. സ്വകാര്യ ബസുകള്‍ കുത്തകയാക്കിയിരിക്കുന്ന റൂട്ടാണിത്. ഗവി ഓര്‍ഡിനറി സര്‍വിസ് അട്ടിമറിക്കാനുള്ള നീക്കവും അണിയറയില്‍ ശക്തമാണ്. പുലര്‍ച്ചെ 6.30ന് പത്തനംതിട്ടയില്‍ നിന്ന് പുറപ്പെടുന്ന കെ.എസ്.ആർ.ടി.സി ബസിന് മുന്നില്‍ ആങ്ങമൂഴി വരെ പെര്‍മിറ്റില്ലാതെ സ്വകാര്യ ബസ് ഓടുന്നുണ്ട്. കുമളിയില്‍ നിന്ന് പുലര്‍ച്ചെ 5.45ന് പുറപ്പെടുന്ന ഗവി - പത്തനംതിട്ട കെ.എസ്.ആർ.ടി.സി മുന്നില്‍ ആങ്ങമൂഴിയില്‍ നിന്ന് പത്തനംതിട്ടയിലേക്കും സ്വകാര്യ ബസ് സര്‍വിസ് നടത്തുന്നു. ആര്‍ടി.ഒക്ക് ഇക്കാര്യത്തില്‍ പരാതി ലഭിച്ചെങ്കിലും നടപടി ഉണ്ടായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

