താലൂക്ക് ആശുപത്രി മോർച്ചറിയിൽ മൃതദേഹം അഴുകിയതായി പരാതി
text_fieldsപത്തനംതിട്ട: അടൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം അഴുകിയതായി പരാതി. ഫ്രീസർ തകരാറായതാണ് കാരണമെന്ന് പറയുന്നു. മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യാൻ ഡോക്ടർ വിസമ്മതിച്ചു. അടൂർ കുന്നിട സ്വദേശിയായ 40 വയസ്സുള്ള, തൂങ്ങിമരിച്ച പ്രദീപിന്റെ മൃതദേഹമാണ് അഴുകിയ നിലയിൽ കണ്ടെത്തിയത്. മൃതദേഹം വ്യാഴാഴ്ചയാണ് പൊലീസ് അടൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ എത്തിച്ചത്. വെള്ളിയാഴ്ച രാവിലെ പതിനൊന്ന് മണിയോടെ പ്രദീപിന്റെ ബന്ധുക്കളും ഡോക്ടറും മോർച്ചറിയിൽ എത്തിയപ്പോഴാണ് മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തിയത്.
ഫ്രീസറിൽ ആവശ്യത്തിന് തണുപ്പില്ലെന്ന് ബന്ധുക്കൾ പറഞ്ഞു. ഇതേത്തുടർന്ന് മൃതദേഹം പോസ്റ്റുമോർട്ടം ചെയ്യാൻ ഡോക്ടർ വിസമ്മതിച്ചു. ഇതോടെ ആശുപത്രിയിൽ ബന്ധുക്കളും നാട്ടുകാരും പ്രതിഷേധിച്ചു. പ്രതിഷേധം ശക്തമായതോടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് ഉച്ചയോടെ കൊണ്ടുപോയി.
മൃതദേഹം ആശുപത്രിയിൽ എത്തിച്ചത് 24 മണിക്കൂറിനു ശേഷമാണെന്ന് സൂപ്രണ്ട് ഡോ. രചന ചിദംബരം പറഞ്ഞു. ആശുപത്രിയിലെ ഫ്രീസറുകൾക്ക് തകരാറില്ലെന്നും അവർ പറഞ്ഞു. മൃതദേഹത്തിൽ മുറിവുകൾ ഉണ്ടായിരുന്നു. സംശയമുള്ളതിനാലും പഴയ മൃതദേഹങ്ങൾ കൈകാര്യം ചെയ്ത് പരിചയമില്ലാത്തതുകൊണ്ടുമാണ് ഡോക്ടർ പിന്മാറിയതെന്നും സൂപ്രണ്ട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

