തീരമിടിയുന്നു; ആശങ്കയിൽ കുടുംബങ്ങൾ
text_fieldsതീരമിടിഞ്ഞതിനെ തുടർന്ന് വലഞ്ചുഴി തെക്കിനേത്ത് വീട്ടിൽ ശിവകുമാറിന്റെ വീടും സമീപത്തെ പശുത്തൊഴുത്തും അച്ചൻകോവിലാറ്റിൽ പതിക്കാവുന്ന നിലയിൽ
പത്തനംതിട്ട: അച്ചൻകോവിലാറിന്റെ തീരം ഇടിയുന്നത് പുരയിടങ്ങൾക്കും വീടുകൾക്കും മാത്രമല്ല പാലങ്ങൾക്കും കുളിക്കടവുകൾക്കും ഭീഷണിയായി മാറുന്നു. പ്രമാടം പാറക്കടവ്, കൈപ്പട്ടൂർ, പന്തളം വലിയ പാലം, തുമ്പമൺ അമ്പലക്കട് പാലം എന്നിവക്കെല്ലാം തീരമിടിച്ചിൽ ഭീഷണി ഉയർത്തുന്നു. പാലങ്ങളുടെ സമീപ സ്ഥലങ്ങളിൽ തീരമിടിച്ചിൽ രൂക്ഷമാണ്.
അച്ചൻകോവിലാറിന്റെ കോന്നി മുതൽ ജില്ലാ അതിർത്തിയായ ഐരാണിക്കുടി വരെയുള്ള ഭാഗത്തെ ഏക്കറുകണക്കിന് ആറ്റുതീരവും കുളിക്കടവുകളും തീരത്ത് നിന്ന മരങ്ങളുമാണ് ഇടിഞ്ഞുതാഴൂന്നത്. മണൽവാരി വലിയ കുഴികളായി കിടക്കുന്ന ആറിന്റെ തീരത്തെ അടിത്തട്ട് ഇളകി പലയിടത്തും കെട്ടിയിരുന്ന സംരക്ഷണഭിത്തിയും തീരത്തിന്റെ അടിവാരവും നേരത്തേതന്നെ നഷ്ടമായിരുന്നു. മുമ്പ് റിവർ മാനേജ്മെന്റിന്റെയും ത്രിതല പഞ്ചായത്തിന്റെയും ഫണ്ടും ജലസേചന വകുപ്പിന്റെ പദ്ധതികളും ഉപയോഗിച്ച് തീരം കരിങ്കൽ കെട്ടി സംരക്ഷിച്ചിരുന്നു. എന്നാൽ ഇപ്പോൾ അതൊന്നുമില്ല.
അച്ചൻകോവിലാറിന്റെ വലംഞ്ചുഴിയിൽ തീരവും വൻതോതിൽ ഇടിയുന്നതായി പരാതിയുണ്ട്. വലഞ്ചുഴി ഇല്ലത്തുകടവ്, നച്ചുറവേലിക്കടവ്, വ്യാഴിക്കടവ് തുടങ്ങിയ മേഖലകളിലാണ് നദിക്കര ഇടിഞ്ഞുതുടങ്ങിയത്. മഴക്കാലം ശക്തിപ്രാപിക്കുന്നതോടെ തീരം കൂടുതൽ അപകടാവസ്ഥയിലാകുമെന്ന ആശങ്കയിലാണ് നാട്ടുകാർ. വർഷങ്ങളായി തുടരുന്ന തീരമിടിച്ചിൽ കാരണം പലയിടത്തും ജനവാസ മേഖലകളിലേക്കും കൃഷിയിടങ്ങളിലേക്കും വെള്ളം കയറുന്ന സ്ഥിതിയുണ്ട്.
ഇല്ലത്ത് കടവ് ഉൾപ്പെടെയുള്ള ഭാഗങ്ങളിൽ നദിക്കര വലിയ രീതിയിൽ വിണ്ടുകീറി ഇടിഞ്ഞു തുടങ്ങിയിട്ടുണ്ട്. ഇത് പുഴയോരത്ത് താമസിക്കുന്ന കുടുംബങ്ങളുടെ വീടുകൾക്കുപോലും ഭിഷണിയായി മാറി. സംരക്ഷണഭിത്തി പ്രഖ്യാപനം മാത്രമാകുകയാണ്.
തീരമിടിച്ചിൽ തടയുന്നതിനായി അടിയന്തരമായി സംരക്ഷണ ഭിത്തി നിർമിക്കണമെന്നത് നാട്ടുകാരുടെ വർഷങ്ങളായുള്ള ആവശ്യമാണ്. പലതവണ അധികൃതർക്ക് പരാതി നൽകുകയും സ്ഥലം സന്ദർശിക്കുകയും ചെയ്തിട്ടുണ്ടെങ്കിലും നടപടികളൊന്നും ഉണ്ടായിട്ടില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. കാലവർഷത്തിൽ നദി കരകവിഞ്ഞൊഴുകുന്നത് പതിവാണ്. 2018 ലെ പ്രളയത്തിൽ വലിയ തീരമിടിച്ചിൽ ഉണ്ടായിരുന്നു.
തീരമിടിഞ്ഞതിനെ തുടർന്ന് വലഞ്ചുഴി തെക്കിനേത്ത് വീട്ടിൽ ശിവകുമാറിന്റെ വീടും സമീപത്തെ പശുത്തൊഴുത്തും ഏതു നിമിഷവും അച്ചൻകോവിലാറ്റിൽ പതിക്കാവുന്ന നിലയിലാണ്. ഈ ഭാഗങ്ങളിലെ നിരവധി കുടുംബങ്ങൾ അപകടഭീഷണിയിലാണ്. തീരത്തോടുചേർന്ന പുരയിടവും ഫലവൃക്ഷങ്ങളും മാത്രമല്ല ഒട്ടേറെ വീടുകൾവരെ അപകടത്തിലായിട്ടും അധികാരികൾ തീരസംരക്ഷണത്തിനുവേണ്ട നടപടികൾ കൈക്കൊള്ളുന്നില്ല.
മുൻ നഗരസഭ ഭരണസമിതിയുടെ മാസ്റ്റർ പ്ലാൻ ചർച്ചാ വേളയിൻ കുമ്പഴ പാലത്തിന്റെ ഭാഗത്തുനിന്നും പത്തനംതിട്ട നഗരസഭ ഭാഗത്തെ അച്ചൻകോവിലാറിന്റെ തീരം കെട്ടി സംരക്ഷിക്കുന്ന തരത്തിൽ എട്ടുമീറ്റർ വീതിയിൽ സംരക്ഷണഭിത്തി കെട്ടണമെന്ന് ആവശ്യപ്പെട്ടിരുന്നു. വലഞ്ചുഴി തോണ്ടക്കടവ്, ഇല്ലത്തുകടവ്, നച്ചുറവേലിക്കടവ്, വ്യാഴിക്കടവ് എന്നിവിടങ്ങളിൽ ന സംരക്ഷണമതിൽ കെട്ടാൻ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

